ഒരിക്കലംബരത്തിലഗ്നിയോടുദിച്ച നിന്റെയുള്-
ക്കരുത്തിലിപ്പൊഴും വെളിച്ചമേകിയന്തിയോളവും,
ഇരുട്ടിനെയകറ്റിയൂഴിയെ
തുണച്ചിടുന്നനിന്
ചിരിക്കു ഭംഗിയേറണം
വിടര്‍ന്ന പുഷ്പമെന്നപോല്..
നനഞ്ഞിടാതഗാധമായൊരാഴിവിട്ടു നിത്യവും
തനിച്ചു നിന്നെരിഞ്ഞിടുന്ന ദിവൃതേജസ്സായ നീ,
അനന്തമായ വിണ്ണിലുള്ള താരകള്‍ക്കു തോഴനായ്
കനിഞ്ഞു നല്കിടേണമൂര്ജ്ജമന്നമായ് നുകര്‍ന്നിടാന്‍..
കളത്തിനപ്പുറം കടന്നിടാതുറങ്ങുമൂഴിയെ
വിളിച്ചുണര്ത്തുവാന്
വരുന്ന പൊന്നൊളിക്കു
നാള്‍ക്കുനാള്‍,
തിളക്കമേറിയാരിലും വിശുദ്ധമായ് പരക്കണം
മുളച്ചിടുന്നതൊക്കെയും വളര്‍ന്നു പൂത്തുകായ്ക്കുവാന്..
ഇലയ്ക്കകത്തു സൂക്ഷ്മമാമറയ്ക്കു ചേര്‍ന്ന വായുവും
നിലച്ചിടാതൊരുക്കിവെച്ച സത്യമാം വെളിച്ചമേ,
അലിഞ്ഞുചേര്‍ന്നു ജീവനെ പുലര്‍ത്തണം നയിക്കണം
അലഞ്ഞിടാതെ സര്‍വ്വതും ഒരേ വഴിക്കു പോകുവാന്‍..
അതുല്യമായൊരൂര്ജ്ജസ്രോതസ്സായ് മഹാ വിഹായസ്സില്‍
പതിച്ച രത്നമെന്നപോലനാരതം വിളങ്ങി നീ,
മൃതിക്കുമുന്നിലും ജയിച്ചനേകവര്ഷമീവിധം
ദ്യുതിപ്രഭാവമോടുദിക്ക സുപ്രഭാതമെത്തുവാന്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: