കഴിഞ്ഞ ദിവസം ഒളിംപിക് വേദിയില്‍ പിറന്ന രണ്ടു മെഡലുകള്‍ അവയുടെ സവിശേഷത കൊണ്ട് ലോകശ്രദ്ധയാകര്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക അവകാശികളായി ഒരു രാജ്യവും ഇല്ലാത്തവയാണ് ആ മെഡലുകള്‍!
ഞെട്ടാന്‍ വരട്ടെ, മത്സരിച്ചത് അന്യഗ്രഹജീവികളൊന്നുമല്ല. ഒരു രാജ്യത്തിന്റെ അഭിമാനതാരങ്ങള്‍ തന്നെ. സ്വന്തം രാജ്യത്തിന്റെ പതാക പുതച്ച് കായികലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കേണ്ട രണ്ട് ജേതാക്കള്‍, ഇവാന് ലിത്വിനോവിച്ചും വിയാലേതാ ബാര്ഡ്ജിലൗസ്കായയുമാണ് അവര്‍. ട്രാംപോളിന് ജിംനാസ്റ്റിക്സില്‍ പുരുഷവിഭാഗത്തിലെ സ്വര്‍ണമെഡല്‍ ജേതാവും വനിതാവിഭാഗത്തിലെ വെള്ളി മെഡല്‍ ജേതാവും.
യുക്രൈന് – റഷ്യ യുദ്ധത്തില്‍ റഷ്യയ്ക്ക് പിന്തുണനല്‍കിയെന്ന കാരണം പറഞ്ഞ് ഇന്റര്‍നാഷണല്‍ ഒളിംപിക്സ് അസോസിയേഷന് വിലക്കിയ ബെലറൂസില്‍ നിന്നുള്ള താരങ്ങള്‍.
ബെലറൂസിനെയും റഷ്യയെയും ഒളിംപിക്സ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയെങ്കിലും ചില മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്ക് ‘ന്യൂട്രല്‍ അത്ലറ്റുകള്’ ആയി മത്സരിക്കാം എന്നൊരു ഇളവ് അന്താരാഷ്ട്ര ഒളിംപിക്സ് അസോസിയേഷന് നല്‍കിയിട്ടുണ്ട്. മത്സരിക്കുന്ന താരങ്ങള്‍ക്ക് അവരുടെ രാജ്യത്തിന്റെ പതാകകളോ ചിഹ്നങ്ങളോ ദേശീയഗാനങ്ങളോ ഒന്നും ഉപയോഗിക്കാന്‍ കഴിയില്ല എന്നാണ് വ്യവസ്ഥ. അതോടൊപ്പം പങ്കെടുക്കുന്ന കായികതാരം യുദ്ധത്തെ പിന്തുണയ്ക്കുന്നവരോ, റഷ്യന്‍-ബെലറൂസ് സൈന്യവുമായോ സ്വകാര്യ ഏജന്‍സിയുമായോ കരാറില്‍ ഏര്പ്പെട്ടവരുമോ ആകരുത് എന്ന വ്യവസ്ഥയുമുണ്ട്.
ലിത്വിനോവിച്ചിനെ സംബന്ധിച്ച് ടോക്യോ ഒളിംപിക്സില്‍ ജേതാവായപ്പോള്‍ മുഴങ്ങിക്കേട്ട ബെലറൂസ് ദേശീയഗാനവും ഉയര്‍ന്നു പാറിയ പതാകയും ഇത്തവണ ഒളിമ്പിക് അസോസിയേഷന്റെ പതാകയ്ക്കും ഗാനത്തിനും വഴിമാറി എന്നതൊഴിച്ചാല്‍ വേറെ മാറ്റമൊന്നുമില്ല. ഒളിമ്പിക് കമ്മിറ്റി ശാഠ്യം പിടിച്ചെന്നു കരുതി ബെലറൂസ് പൗരന് അങ്ങനെയല്ലാതാകുന്നില്ലല്ലോ! വിജയിച്ചയുടന്‍ തന്നെ ബെലറൂസ് പ്രസിഡന്റിന്റെ അഭിനന്ദനസന്ദേശവും ലിത്വിനോവിച്ചിനെ തേടിയെത്തി.
പ്രസിഡന്റുമായുള്ള സൗഹൃദത്തെച്ചൊല്ലി വിവാദം സൃഷ്ടിച്ച് സംഭവം ചൂടുപിടിപ്പിക്കാന്‍ ശ്രമിച്ച ചില മാദ്ധ്യമപ്രവര്‍ത്തകരോട് ഇപ്പോള്‍ ഒളിംപിക്സിനെപ്പറ്റി സംസാരിക്കാമെന്നു പറഞ്ഞ് ലിത്വിനോവിച് തഞ്ചത്തില്‍ ഒഴിഞ്ഞുമാറുകയും ചെയ്തു. താന്‍ വരുന്നത് എവിടുന്നാണെന്ന് എല്ലാവര്‍ക്കുമറിയാം, അടുത്ത തവണ സ്വന്തം രാജ്യത്തിന്റെ തന്നെ പ്രതിനിധിയായി മത്സരിക്കാനാഗ്രഹിക്കുന്നു എന്ന ലിത്വിനോവിച്ചിന്റെ അഭിപ്രായപ്രകടനം ഒളിംപിക് വേദിയെ ഒരല്‍പ്പം ചൊടിപ്പിച്ചിട്ടുണ്ടെങ്കിലും അതൊരു വിവാദമാക്കി ഒളിംപിക്സിന്റെ ശോഭ കെടുത്താന്‍ സംഘടകര്‍ക്കും താല്പര്യമില്ല.
കഴിഞ്ഞവര്‍ഷം ആദ്യപകുതിയില്‍ റഷ്യന്‍ -ബെലറൂസ് താരങ്ങളെ മത്സരങ്ങളില്‍ നിന്ന് പൂര്‍ണമായി വിലക്കിയിരുന്നു. ലോകമെമ്പാടു നിന്നുമുയര്‍ന്ന പ്രതിഷേധങ്ങള്‍ മാനിച്ചാണ് സംഘാടകര്‍ മാനുഷികപരിഗണനയുടെ പേരില്‍ ഈ രാജ്യങ്ങളിലെ കായികതാരങ്ങള്‍ക്ക് അവസരം നല്‍കിയത്. അല്ലെങ്കിലും കായികവേദിയില്‍ മാറ്റിനിര്‍ത്തപ്പെടലുകള്‍ക്ക് സ്ഥാനമില്ലല്ലോ.. അത് ഉള്‍ക്കൊള്ളലുകളുടെ വേദിയല്ലേ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: