ന്യൂദല്ഹി : ഇന്ത്യ ഭക്ഷ്യ മിച്ച രാജ്യമാണെന്നും ആഗോള ഭക്ഷ്യസുരക്ഷയ്ക്കും ആഗോള പോഷകാഹാര സുരക്ഷയ്ക്കും പരിഹാരം കാണുന്നതില് ഏര്പ്പെട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.കര്ഷകരുടെ ജീവിതം മെച്ചപ്പെടുത്താന് ലക്ഷ്യമിട്ടുള്ള പരിഷ്കരണ നടപടികളിലൂടെ സര്ക്കാര് കാര്ഷിക മേഖലയെ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാര്ഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാമത് അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കൃഷിയാണ് സര്ക്കാരിന്റെ സാമ്പത്തിക നയത്തിന്റെ കേന്ദ്രം. ചെറുധാന്യങ്ങള്, പാല്, പയര്വര്ഗങ്ങള്, സുഗന്ധവ്യഞ്ജനങ്ങള് എന്നിവയുടെ ഏറ്റവും വലിയ ഉത്പാദകരാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
രാസവളം രഹിത പ്രകൃതി കൃഷിയാണ് ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 2024-25 ലെ കേന്ദ്ര ബജറ്റില് സുസ്ഥിര കൃഷിക്ക് വലിയ ശ്രദ്ധ നല്കിയിട്ടുണ്ട്.കഴിഞ്ഞ പത്ത് വര്ഷത്തിനിടെ കാലാവസ്ഥയെ പ്രതിരോധിക്കുന്ന 1900 പുതിയ ഇനം വിളകള് സര്ക്കാര് നല്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.കാര്ഷിക മേഖലയില് ഡിജിറ്റല് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.പ്രധാനമന്ത്രി കിസാന് സമ്മാന് നിധിക്ക് കീഴില് പത്ത് കോടി കര്ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒറ്റ ക്ലിക്കിലൂടെ പണം കൈമാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കാര്ഷിക ഗവേഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ശക്തമായ സംവിധാനം പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. കാര്ഷിക വിദ്യാഭ്യാസത്തിനായി 500 ലധികം കോളേജുകളുണ്ടെന്നും 700 ലധികം കൃഷി വിജ്ഞാന കേന്ദ്രങ്ങള് കര്ഷകര്ക്ക് പുതിയ സാങ്കേതികവിദ്യയെക്കുറിച്ചുള്ള വിവരങ്ങള് നല്കുന്നുണ്ടെന്നും മോദി അറിയിച്ചു. കഴിഞ്ഞ പത്ത് വര്ഷത്തിനിടെ തൊണ്ണൂറ് ലക്ഷം ഹെക്ടര് ഭൂമി സൂക്ഷ്മ ജലസേചനത്തിന് കീഴില് കൊണ്ടുവന്നതായി അദ്ദേഹം അറിയിച്ചു. കര്ഷകര്ക്ക് അവരുടെ ഭൂമിക്ക് ഡിജിറ്റല് തിരിച്ചറിയല് നമ്പര് നല്കുന്ന ഭൂമിയുടെ ഡിജിറ്റലൈസേഷന്, ഡ്രോണ് ദീദികള്ക്ക് ഡ്രോണുകള് പ്രവര്ത്തിപ്പിക്കാന് പരിശീലനം നല്കുന്ന പദ്ധതിയും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ഈ നടപടികള് ഇന്ത്യയിലെ കര്ഷകരെ മാത്രമല്ല, ആഗോള ഭക്ഷ്യസുരക്ഷയെയും ശക്തിപ്പെടുത്തുമെന്നും മോദി കൂട്ടിച്ചേര്ത്തു.
കാര്ഷിക സാമ്പത്തിക വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനത്തില് 75 രാജ്യങ്ങളില് നിന്നുള്ള ആയിരത്തോളം പ്രതിനിധികള് പങ്കെടുക്കുന്നുണ്ട്. ഈ വര്ഷത്തെ സമ്മേളനത്തിന്റെ പ്രമേയം , സുസ്ഥിര കാര്ഷിക-ഭക്ഷ്യ സംവിധാനങ്ങളിലേക്കുള്ള പരിവര്ത്തനം എന്നതാണ്. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിവിഭവങ്ങളുടെ തകര്ച്ച, വര്ദ്ധിച്ചുവരുന്ന ഉല്പാദനച്ചെലവ്, സംഘര്ഷങ്ങള് തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തില് സുസ്ഥിരമായ കൃഷിയുടെ അനിവാര്യമായ ആവശ്യകതയെ കൈകാര്യം ചെയ്യാനാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില് ഇന്ത്യയുടെ കാര്ഷിക വളര്ച്ച തുടര്ച്ചയായി ലോകത്തിലെ ഏറ്റവും ഉയര്ന്ന നിരക്കിലാണെന്ന് ചടങ്ങില് സംസാരിച്ച കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു. മണ്ണിന്റെ ആരോഗ്യം മോശമാകുന്നതിന് കാരണമായ അമിതമായ രാസവളങ്ങളുടെ ഉപയോഗത്തിന്റെ ദോഷഫലങ്ങള് ചൗഹാന് എടുത്തുകാട്ടി. ഇന്ത്യ ഇപ്പോള് പ്രകൃതി കൃഷിക്ക് ഊന്നല് നല്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടിണിയും പോഷകാഹാരക്കുറവും പൂര്ണമായും ഇല്ലാതാക്കേണ്ടതിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണികളെ നേരിടേണ്ടതിന്റെയും വര്ദ്ധിച്ചുവരുന്ന താപനില കാരണം ഉല്പാദനം കുറയുന്നതിന്റെ ഗുരുതരമായ പ്രശ്നം പരിഹരിക്കേണ്ടതിന്റെയും ആവശ്യകത ചൗഹാന് ഊന്നിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: