നിലമ്പൂര്‍ : ഉരുള്‍പൊട്ടലില്‍ കാണാതായ ചൂരല്‍മലയിലെ മുരുകന്റെ ഭാര്യ ജിഷയുടെ കൈപ്പത്തി മാത്രമാണ് കണ്ടെത്തിയത്.കൈപ്പത്തി തിരിച്ചറിയാന്‍ സാധിച്ചത് വിരലിലുണ്ടായിരുന്ന ഭര്‍ത്താവിന്റെ പേരെഴുതിയ മോതിരം. നടപടികള്‍ പൂര്‍ത്തീകരിച്ച് ജിഷയുടെ കൈ ബന്ധുക്കള്‍ക്ക് കൈമാറും.
കഴിഞ്ഞദിവസം വൈകുന്നേരമാണ് ബന്ധുക്കള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച കൈ തിരിച്ചറിഞ്ഞത്.അപ്പോഴേക്കും ആംബുലന്‍സുകള്‍ പോകുന്നത് നിര്‍ത്തിവച്ചതിനാല്‍ അടുത്ത ദിവസം മൃതദേഹങ്ങളുടെ കൂടെ അയയ്‌ക്കാമെന്ന് പൊലീസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
ചാലിയാര്‍ പുഴയില്‍നിന്നാണ് ജിഷയുടെ കൈ ഭാഗം ലഭിച്ചത്.കൈവിരലില്‍ മുരുകന്‍ എന്ന് പേരെഴുതിയ മോതിരം കണ്ടതോടെ നിലമ്പൂര്‍ പൊലീസ് മേപ്പാടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.മേപ്പാടി പൊലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടഞ്ചേരിയില്‍നിന്ന് അച്ഛന്‍ രാമസ്വാമിയും ബന്ധുക്കളും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്.
ഭര്‍ത്താവിന്റെ പേരെഴുതിയ മോതിരം കണ്ട് കൈ ജിഷയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയും ചെയ്തു. കോടഞ്ചേരി സ്വദേശിയാണ് ജിഷ. വയനാട് ചൂരല്‍മലയിലെ മുരുകനാണ് ജിഷയെ വിവാഹം ചെയ്തത്. മുരുകനും മകന്‍ അക്ഷയും മുരുകന്റെ അമ്മ തങ്കമ്മയും ഒന്നിച്ചാണ് താമസം. നാല് പേരേയും ഉരുള്‍പൊട്ടലില്‍ കാണാതായെങ്കിലും അക്ഷയുടെ മൃതദേഹം മാത്രമാണ് ഇതുവരെ ലഭിച്ചത്.
ഇവരുടെ വീടിന് സമീപം താമസിച്ചിരുന്ന മുരുകന്റെ സഹോദരന്‍ രാജന്‍, ഭാര്യ വിനീത എന്നിവരും ദുരന്തത്തില്‍പ്പെട്ടു. അച്ഛന്‍ രാമസ്വാമിക്കൊപ്പം അമ്മാവന്‍ സുരേഷ്, അയല്‍വാസി ജോയി എന്നിവരും ജിഷയുടെ കൈ തിരിച്ചറിയാന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക