ന്യൂദല്‍ഹി: ഇ ഡിക്കെതിരായ കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ പരാമര്‍ശം വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും സംസ്ഥാന മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എല്ലാം അവിടെയെത്തിയശേഷം ഏറ്റവും അവസാനമാണ് സ്ഥലം എംപിയായിരുന്ന രാഹുല്‍ എത്തുന്നത്. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാനും എംപിയായിരിക്കെ വയനാടിനുവേണ്ടി എന്ത് ചെയ്തു എന്നുമുള്ള ചോദ്യങ്ങളില്‍ നിന്ന് രക്ഷനേടാനുമാണ് രാഹുലിന്റെ ശ്രമം. പുലര്‍ച്ചെ രണ്ട് മണിക്കാണ് ഇ ഡി റെയ്ഡുണ്ടാകുമെന്ന് രാഹുല്‍ എക്സില്‍ കുറിച്ചതെന്നും രാജിവ് ചന്ദ്രശേഖര്‍ പറഞ്ഞു.
എംപിയായിരിക്കെ വയനാട്ടിലെ ജനങ്ങള്‍ക്കുവേണ്ടി രാഹുല്‍ എന്താണ് ചെയ്തത്. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഒരു ചോദ്യം പോലും രാഹുല്‍ ഉന്നയിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. വയനാട് പാവപ്പെട്ടവരുടെ നാടാണ്. പാവപ്പെട്ട ജനങ്ങളാണ് അവിടെയുള്ളത്. അവിടെയുണ്ടായത് പ്രകൃതിദുരന്തമാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അശ്രദ്ധയാണ് അതിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണം. ഒരുപാട് പേര്‍ക്ക് ജീവനും കുടുംബവും വീടുമെല്ലാം നഷ്ടമായി.
ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് നടക്കുന്ന ഇന്‍ഡി സഖ്യം ഇരട്ടത്താപ്പുകാരാണ്. അതിനാലാണ് ശാസ്ത്രജ്ഞര്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതുമെന്ന ഉത്തരവ് കേരള സര്‍ക്കാര്‍ ഇറക്കിയത്. വിവാദമായപ്പോഴാണ് ഉത്തരവ് പിന്‍വലിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിനൊപ്പം എന്നും ഭാരതമുണ്ട്. എല്ലാവിധ സഹായവും നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇനിയും സഹായം ഉണ്ടാവുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 80 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയതിന് ഭാരതത്തെ പ്രശംസിച്ച യുഎന്‍ജിഎ പ്രസിഡന്റ് ഡെന്നിസ് ഫ്രാന്‍സിസിന്റെ പ്രസ്താവനയെ രാജീവ് ചന്ദ്രശേഖര്‍ സ്വാഗതം ചെയ്തു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളും സാങ്കേതിക വിദ്യയുമാണ് ജനജീവിതത്തില്‍ ഈ മാറ്റത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: