ന്യൂദൽഹി: ഓൾഡ് രജീന്ദർ നഗറിൽ മൂന്ന് യുപിഎസ്‌സി ഉദ്യോഗാർത്ഥികൾ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം ദൽഹി ഹൈക്കോടതി വെള്ളിയാഴ്ച സിബിഐക്ക് മാറ്റി. സിവിൽ സർവീസ് ഉദ്യോഗാർത്ഥികളുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നാമനിർദേശം ചെയ്യാൻ ദൽഹി ഹൈക്കോടതി സെൻട്രൽ വിജിലൻസ് കമ്മീഷനോട് (സിവിസി) നിർദേശിച്ചു.
അതിനിടെ, ഐഎഎസ് കോച്ചിംഗ് സെൻ്ററിലുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് യുപിഎസ്‌സി ഉദ്യോഗാർത്ഥികൾ മരിച്ചതിനെത്തുടർന്ന് ദൽഹിയിലെ രജീന്ദർ നഗറിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് പുറത്ത് പ്രതിഷേധം ആറാം ദിവസവും തുടർന്നു. ജൂലൈ 27 മുതലാണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്.
ജൂലൈ 27 ന് രാജീന്ദർ നഗർ ബേസ്‌മെൻ്റ് വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്ന് യുപിഎസ്‌സി ഉദ്യോഗാർത്ഥികളുടെ പേരിൽ നാല് ലൈബ്രറികൾ സ്ഥാപിക്കാൻ വ്യാഴാഴ്ച ഡൽഹി മേയർ ഷെല്ലി ഒബ്‌റോയ് ഉദ്യോഗസ്ഥർക്ക് ഉത്തരവിട്ടു. നിർദ്ദിഷ്ട പദ്ധതി പ്രകാരം രാജീന്ദർ നഗർ, മുഖർജി നഗർ, പട്ടേൽ നഗർ, ബെർ സരായ് എന്നിവിടങ്ങളിൽ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ദൽഹി (എംസിഡി) നാല് പബ്ലിക് ലൈബ്രറികൾ സ്ഥാപിക്കുമെന്ന് മേയർ ഒബ്റോയ് പറഞ്ഞു.
നേരത്തെ, ഓൾഡ് രജീന്ദർ നഗറിലെ കോച്ചിംഗ് സെൻ്ററിൽ മൂന്ന് യുപിഎസ്‌സി ഉദ്യോഗാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതിയായ എസ്‌യുവി ഡ്രൈവർ മനുജ് കതൂരിയയ്‌ക്ക് ദൽഹി തീസ് ഹസാരി കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു. അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിച്ചതാണ് ബേസ്‌മെൻ്റിൽ വെള്ളം കയറാൻ കാരണമായതെന്നാണ് ആരോപണം.
അഡീഷണൽ സെഷൻസ് ജഡ്ജി രാകേഷ് കുമാർ-IV മനുജ് കതൂരിയയ്‌ക്ക് ജാമ്യം അനുവദിച്ചത് 50,000 രൂപയുടെ ബോണ്ടും അത്രയും തുകയ്‌ക്കുള്ള ആൾ ജാമ്യവും നൽകിക്കൊണ്ടാണ്. എന്നാൽ, പ്രതിയുടെ അഭിഭാഷകന് ഉത്തരവ് നൽകുമ്പോഴേക്കും ബന്ധപ്പെട്ട ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എഴുന്നേറ്റിരുന്നതിനാൽ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: