വയനാടിനെ ഓർത്ത് വിതുമ്പുന്ന കേരളക്കരയിൽ പെൺകരുത്തിന്റെ മറുപേരായി മാറുകയാണ് മേജർ സീത അശോക് ഷെൽക്കെ . ആ കൈകളിൽ പിടിച്ച് വയനാട് പിച്ചവയ്‌ക്കുകയാണ് പുതിയ വഴിയിലേയ്‌ക്ക് . പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് ആര്‍മി മദ്രാസ് എന്‍ജീനീയറിങ്ങ് ഗ്രൂപ്പിലെ 250 സൈനികർ ചൂരല്‍മലയിലെ ദുരന്ത ഭൂമിയിൽ ബെയ്‌ലി പാലം പൂർത്തിയാക്കിയത്. അതിന് ചുക്കാൻ പിടിച്ചത് സീത അശോക് ഷെൽക്കെയും .
ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിൽ സ്ത്രീശക്തിയുടെ മുഖമായി മാറുകയാണ് സീത ഷെൽക്കെ . പാലം പണി പൂർത്തിയായതോടെ, ഇന്ത്യൻ ആർമിയെയും സീത ഷെൽക്കെയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തസമയത്ത് സമചിത്തതയോടെ , സങ്കീണ്ണവും , കഠിനവുമായ ദൗത്യമാണ് സീത ഷെൽക്കെ പൂർത്തീകരിച്ചിരിക്കുന്നത് .
മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ പാർനർ താലൂക്കിൽ 600 പേർ മാത്രമുള്ള ഗാഡിൽഗാവ് എന്ന ചെറുഗ്രാമത്തിൽ നിന്നാണ് സീത ഷെൽക്കെ സൈന്യത്തിലേക്ക് എത്തുന്നത്. അഹമ്മദ് നഗറിലെ ലോണിയിലെ പ്രവാര റൂറൽ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം പൂർത്തിയാക്കിയ ശേഷമാണ് സൈന്യത്തിലേക്ക് എത്തിയത്.ആദ്യ രണ്ട് തവണയും സൈനികപ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടു. പക്ഷേ, പിന്മാറാൻ സീത തയ്യാറായില്ല. മൂന്നാം തവണ ശ്രമം വിജയം കണ്ടു. അങ്ങനെ 2012ൽ സീത സൈന്യത്തിന്റെ ഭാഗമായി. ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനവുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: