ന്യൂദല്‍ഹി: കരസേനയുടെ മെഡിക്കല്‍ സര്‍വീസസിന് ആദ്യമായി വനിതാ മേധാവി. ലെഫ്. ജനറല്‍ സാധന സക്‌സേന നായരാണ് ആര്‍മി മെഡിക്കല്‍ സര്‍വീസിന്റെ പുതിയ ഡയറക്ടര്‍ ജനറല്‍. എയര്‍ മാര്‍ഷലായി വിരമിച്ച കെ.പി. നായരാണ് ഭര്‍ത്താവ്.
ലഖ്‌നൗവിലെ സെന്റ് മേരീസ് കോണ്‍വെന്റിലും ലൊറേറ്റോ കോണ്‍വെന്റിലുമായിരുന്നു സാധനയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കല്‍ കോളജില്‍ നിന്ന് മെഡിസിന്‍ പൂര്‍ത്തിയാക്കി. 1985ല്‍ ആര്‍മി മെഡിക്കല്‍ കോറിന്റെ ഭാഗമായ സാധന, ഫാമിലി മെഡിസിനില്‍ അടക്കം ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. ഇസ്രായേല്‍ സേനയ്‌ക്കൊപ്പം കെമിക്കല്‍, ബയോളജിക്കല്‍, റേഡിയോളജിക്കല്‍, ന്യൂക്ലിയര്‍ യുദ്ധത്തിലും സ്വിസ് സായുധ സേനയ്‌ക്കൊപ്പം മിലിട്ടറി മെഡിക്കല്‍ എത്തിക്‌സിലും പരിശീലനം പൂര്‍ത്തിയാക്കി.
എയര്‍ മാര്‍ഷല്‍ പദവിയിലേക്ക് എത്തിയ രണ്ടാമത്തെ വനിതയാണ് സാധന. പശ്ചിമ കമാന്‍ഡിന്റെ ആദ്യ വനിത പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസര്‍ എന്ന ഖ്യാതിയും സ്വന്തമാണ്. 12 ലക്ഷം സൈനികരുടെ ആരോഗ്യകാര്യങ്ങളാണ് ഇനി ലഫ്. ജനറല്‍ സാധന സക്‌സേനയുടെ ചുമതലയിലുള്ളത്.
പുതിയ പദവിയില്‍ എത്തും മുന്‍പ് ബെംഗളൂരുവിലെ എയര്‍ ഫോഴ്‌സ് ട്രെയിനിങ് കമാന്‍ഡ് ഹെഡ് ക്വാട്ടേഴ്‌സിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസറായിരുന്നു. മൂന്ന് തലമുറയായി സായുധ സേനയുടെ ഭാഗമാണ് സാധന സക്‌സേനയുടെ കുടുംബം. വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ്, രാഷ്‌ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: