മുമ്പെങ്ങുമില്ലാത്തവിധം പ്രകൃതി ദുരന്തങ്ങള്‍ കേരളത്തെ വേട്ടയാടാന്‍ തുടങ്ങിയിട്ട് നാളേറെയായി. മുന്നൊരുക്കങ്ങളിലെ പാളിച്ചകളാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നത്. മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ എല്ലാം തന്നെ ദുരന്തനിവാരണം കാര്യക്ഷമമാക്കുന്നതില്‍ പരാജയമായിരുന്നു. ദുരന്ത വേളയില്‍ പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും ചില യാഥാര്‍ത്ഥ്യങ്ങള്‍ കാണാതെ പോകാനും സാധ്യമല്ല.
രാജ്യത്തെയും ലോകത്തെയും എല്ലാ സര്‍ക്കാരുകളുടെയും പോരായ്മകള്‍ കണ്ടെത്തി കുറ്റപ്പെടുത്തുവാനും ഉപദേശങ്ങള്‍ നല്‍കുവാനും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു വിഭാഗമാണ് ഭാരതത്തിലെ പ്രത്യേകിച്ച് കേരളത്തിലെ സിപിഐ (എം). എന്നാല്‍ തങ്ങള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നിര്‍വഹിക്കേണ്ട കടമകളെല്ലാം കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇക്കൂട്ടര്‍ക്ക് ഇല്ലയെന്ന് പറയേണ്ടി വരും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വയനാട്ടിലെ ചൂരല്‍ മല-മുണ്ടക്കൈ ഭാഗത്തുണ്ടായ വലിയ ദുരന്തം. ദുരന്തമുണ്ടാകുന്നതിന് ഏഴ് ദിവസം മുന്‍പേ കേരളത്തിന് മുന്നറിയിപ്പ് നല്‍കുകയും എന്‍.ഡി.ആര്‍.എഫ് സംഘത്തെ കേരളത്തിലേക്ക് അയക്കുകയും ചെയ്തുവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ വെളുപ്പെടുത്തിയത്. അതുകൊണ്ട് തന്നെ നിലവില്‍ അപകടമുണ്ടായ പ്രദേശത്ത് ഇവ സംഭവിക്കുമെന്ന് മുന്‍കൂട്ടി അറിയാമെന്നിരിക്കെ എഞ്ചിന്‍ തകര്‍ന്ന കപ്പലും അതിന്റെ ഉറങ്ങുന്ന കപ്പിത്താനും പരിവാരങ്ങള്‍ക്കും ബോധോദയമുണ്ടാകാന്‍ ഒരു ദുരന്തമുണ്ടാകുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.
മഴക്കാലത്ത് കേരളത്തിലെ സാഹചര്യങ്ങള്‍ വഷളാകുമെന്നും കേരളം പാരിസ്ഥിതികമായി ദുര്‍ബലമാണെന്നതിനും 2018 മുതല്‍ ഏവരും നേര്‍സാക്ഷ്യം വഹിക്കുന്നതാണ്. ഇതുസംബന്ധിച്ച് മാധവ് ഗാഡ്ഗില്‍ ഉള്‍പ്പടെയുള്ളവരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാനത്തെ ഏജന്‍സികളും നടത്തിയ നിരവധി പഠനങ്ങള്‍ ഇതടിവരയിട്ടു പറയുന്നു. ഇതുവരെ കേരളം നേരിട്ട ഉരുള്‍പൊട്ടലെല്ലാം സംഭവിച്ചത് പശ്ചിമ മലനിരകളുടെ ഭാഗമായിട്ടുള്ള മേഖലകളിലാണ്. പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കല്‍ എന്നീ മുന്‍കാല ദുരന്തങ്ങള്‍ പരിശോധിച്ചാല്‍ ഇവ മനസിലാക്കാം. അതീവ പരിസ്ഥിതിലോല മേഖലയായ ഇവിടെ 24 മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ ഉരുള്‍ പൊട്ടാനുള്ള സാധ്യതയുണ്ടെന്ന വിവരം പോലും ഇല്ലാത്തവരാണോ കേരളം ഭരിക്കുന്നത്. രണ്ട് ദിവസമായി (48 മണിക്കൂറായി ) ചൂരല്‍മല-മുണ്ടക്കൈ മേഖല ഉള്‍പ്പെടുന്ന പ്രദേശത്ത് പെയ്തത് 576 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ അതിതീവ്ര മഴ മാത്രമല്ല, കണ്ടീഷണിങ് ഫാക്ടേഴ്സ്, ട്രിഗറിങ് ഫാക്ടേഴ്സ് എന്നീ രണ്ടു കാരണങ്ങളും ഉരുള്‍ പൊട്ടലിലേക്ക് വഴി തെളിയിക്കുന്നു. കണ്ടീഷണിങ് ഫാക്ടേഴ്സില്‍ ഭൂമിയുടെ ചരിവും മണ്ണിന്റെ കനവും ഘടനയുമാണ് ഉരുള്‍പൊട്ടലിന് കാരണമാകുന്നത്. ട്രിഗറിങ് ഫാക്ടേഴ്സിന് മഴയും. ഭൂമിയുടെ ചരിവ് 20 ഡിഗ്രിക്ക് മുകളിലാണെങ്കില്‍ അത് ഉരുള്‍പൊട്ടല്‍ സാധ്യതയുളള സ്ഥലമായി കണക്കാക്കുന്നു. കേരളത്തില്‍ കാണപ്പെടുന്ന കുന്നുകളുടെ ചെരിവ് ഇപ്രകാരമാണ്. കൂടാതെ കേരളത്തിലെ ഇന്നുള്ള എല്ലാ പാറകളും 220 മുതല്‍ 300 കോടി വര്‍ഷം പഴക്കമുള്ളതാണ്. എന്നാല്‍ അതിന് മുകളിലുള്ള ഒരു മീറ്റര്‍ കനമുള്ള മണ്ണ് വെറും 10000 വര്‍ഷം മാത്രം പഴക്കമുളളതായതിനാല്‍ മഴ പെയ്താല്‍ ഈ മണ്ണ് ഊര്‍ന്നിറങ്ങി വരാനുളള സാധ്യത കൂടുതലാണ്. ഇവ മനസിലാക്കി ദുരന്തങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് മണ്‍സൂണ്‍ തുടങ്ങും മുന്‍പ് ചെയ്തത്? പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ വസിക്കുന്ന ജനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിരുന്നോ? ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യത കുറയ്‌ക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നാഷണല്‍ ലാന്‍ഡ് സ്ലൈഡ് റിസ്‌ക് മാനേജ്മെന്റ് സ്ട്രാറ്റജിയുമായി ബന്ധപ്പെട്ട എന്തൊക്കെ നടപടികളാണ് മണ്‍സൂണ്‍ തുടങ്ങും മുന്‍പ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്? ഇതുമായി ബന്ധപ്പെട്ട് അപകടസാധ്യതയുള്ള പ്രദേശങ്ങളുടെ മാപ്പിങ് തയ്യാറാക്കല്‍, സാറ്റലൈറ്റ് തുടങ്ങിയ സംവിധാനങ്ങളുടെ സഹായത്തോടെയുള്ള നിരീക്ഷണം, മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍, ജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ കാമ്പെയ്നുകള്‍, പരിശീലനം, നിയന്ത്രണങ്ങള്‍, മണ്ണിടിച്ചിലുകള്‍ സ്ഥിരപ്പെടുത്തുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള തന്ത്രങ്ങള്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് പൊതുസമൂഹത്തോട് സര്‍ക്കാര്‍ വ്യക്തമാക്കണം. ഉരുള്‍പൊട്ടലില്‍ നിന്ന് ഉണ്ടാകുന്ന അപകടസാധ്യത ലഘൂകരിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരുന്ന സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ കേരള സര്‍ക്കാര്‍ പാലിച്ചിരുന്നോ എന്നുള്ളതും പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതാണ്. മാത്രമല്ല, ഇന്ത്യയുടെ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ സംഭവങ്ങളെ വിശദീകരിക്കുന്ന ഐ.എസ്.ആര്‍.ഒ യുടെ വിഭാഗമായ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍ (ചഞടഇ) തയ്യാറാക്കിയ ലാന്‍ഡ് സ്ലൈഡ് അറ്റ്ലസ് ഓഫ് ഇന്ത്യയില്‍ എല്ലാ വിവരങ്ങളും ഇന്ന് ലഭ്യമാണ്. എന്നിട്ടുപോലും ദുരന്തങ്ങള്‍ ഉണ്ടാവട്ടെയെന്ന മട്ടില്‍ കണ്ണടയ്‌ക്കുന്ന സമീപനമാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ മാത്രം മതിയായിരുന്നു അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍. 2018 മുതല്‍ ഇന്നുവരെ സമാനതകളില്ലാത്ത അനാസ്ഥയാണ് ഈ വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. 2018 ലെ വെള്ളപ്പൊക്കവും ദുരന്തങ്ങളും സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഉണ്ടായതാണെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പരോക്ഷമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതൊരു ഒറ്റപ്പെട്ട മഴയായിരുന്നവെങ്കില്‍ നമുക്ക് വിധിയെ പഴിക്കാം. എന്നാല്‍ മണ്‍സൂണ്‍ കാലമായിരുന്നിട്ട് പോലും സര്‍ക്കാര്‍ സംവിധാനം എത്രത്തോളം ദുര്‍ബലമായിരുന്നു എന്നതിന്റെ തെളിവാണ് ചാലിയാറിലൂടെ ഒഴുകിയ മൃതദേഹങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഈ ഭരണത്തിനു കീഴില്‍ കേരളം എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യവും ഇവിടെ ഉയരുന്നു. എല്‍ഡിഎഫ് -യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിലും നാടകം കളിച്ചതാണ് സത്യം തുറന്നു പറയാന്‍ അമിത് ഷായെ പ്രേരിപ്പിച്ചത്. നാടിനോടും ജനങ്ങളോടും തെല്ലെങ്കിലും ആത്മാര്‍ത്ഥതയുണ്ടെകില്‍ ഇത്തരം ദുരന്തങ്ങള്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍ കരുതലുകളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
(ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: