മേപ്പാടി:
ഒരു രാത്രിയും ഒരുപകലും അതിനിടയില്‍ പെരുമഴയും. ദുരന്തങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായി ചൂരല്‍മലയില്‍ സൈന്യം ഉരുക്കുപാലം നിര്‍മ്മിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് എന്‍ജിനീയറിങ്ങ് ഗ്രൂപ്പാണ് അതിവേഗം ഇവിടെ പാലം നിര്‍മ്മിച്ചത്. കുത്തിയൊഴുകുന്ന മലവെള്ളത്തിന് മുകളില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് ബെയ്‌ലി പാലം ഒരുങ്ങിയത്. മലയാളിയായ മേജർ ജനറൽ വിനോദ് ടി.മാത്യുവിന്റെ വാഹനവും സൈന്യത്തിന്റെ ആദ്യ മെഡിക്കല്‍ യൂണിറ്റും ഇതുവഴി മുണ്ടക്കൈ മലയുടെ നെറുകയിലേക്ക് ആദ്യമായി കടന്നുപോയപ്പോള്‍ ഇരുകരകള്‍ക്കിടയിലും അതൊരു ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പുതിയ പാലമായി.
കണ്ണീര്‍ ദുരന്തം രണ്ടായി വിഭജിച്ച ചൂരല്‍മല ,മുണ്ടക്കൈ നാടുകള്‍ക്കിടയിലാണ് മലവെള്ളം അതിര്‍രേഖകള്‍ വരച്ചത്. വന്‍മരങ്ങളും പാറക്കല്ലുകളുമെല്ലാം ഇതുവഴി കുത്തിയൊഴുകിയതോടെ രണ്ടുനാടുകളും തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. താല്‍ക്കാലികമായി തുരുത്തുകളിലേക്ക് നിര്‍മ്മിച്ച നടപ്പാലം കടന്നായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ദുരന്തമേഖലയുടെ തുടക്കമായ മുണ്ടക്കൈ പുഞ്ചിരമറ്റം പ്രദേശങ്ങളിലേക്ക് കടന്നുപോയിരുന്നത്. മലമുകളില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ താഴേക്ക് മൃതദേഹങ്ങളും മറ്റും എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. പുഴയക്ക് അക്കരെയുള്ള അട്ടമല ഗ്രാമാവാസികളും ചൂരല്‍മലയിലെ പഴയ പാലം ഉരുള്‍ പൊട്ടലില്‍ തകര്‍ന്നതോടെ ഒറ്റപ്പെട്ടിരുന്നു. ഇവര്‍ക്കെല്ലാം ആശ്വാസമായാണ് പാലം യാഥാര്‍ത്ഥ്യമായത്. ശ്രമകരവും അടിയന്തരവുമായ ദൗത്യത്തിനൊടുവിലാണ് ഇരുകരകളും വീണ്ടും പാലത്തിലൂടെ കൈപിടിച്ചത്.
ആര്‍മി മദ്രാസ് എന്‍ജീനീയറിങ്ങ് ഗ്രൂപ്പിലെ 250 സൈനികരാണ് ബെയ്‌ലി പാലം നിര്‍മ്മിച്ചത്. പാലത്തിന്റെ ഫാബ്രിക്കേററഡ് ബീമുകളും സാമഗ്രികളും കണ്ണൂര്‍ വിമാനത്താവളം വഴിയാണ് വയനാട്ടിലെത്തിച്ചത്. വിശ്രമമില്ലാതെ പ്രതികൂലമായ കാലാവസ്ഥയെയും മറികടന്നാണ് ഇവിടെ പാലം ഉയര്‍ന്നത്. മുണ്ടക്കൈ മേഖലയിലെ തുടര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇതോടെ വേഗതയേറും. തുടര്‍ ദൗത്യങ്ങള്‍ക്കെല്ലാം വാഹനം ഇവിടെ എത്തുന്നതോടെ രക്ഷാദൗത്യ സംഘങ്ങള്‍ക്കും ആശ്വാസമായി. താല്‍ക്കാലികമായ മരപ്പാലങ്ങള്‍ ഓരോ മഴയിലും കുത്തിയെഴുകു പോകുന്നതിനാല്‍ ആളുകളെ മറുകര കടത്തുകയെന്നതും ശ്രമകരമായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: