തിരുവനന്തപുരം: വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിര്‍ദ്ദേശം നിര്‍ദ്ദേശം സര്‍ക്കാര്‍ പിന്‍വലിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണിത്. വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും അത്തരം ഒരു നയം സംസ്ഥാന സര്‍ക്കാരിന് ഇല്ലന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കി.
ഉത്തരവ് പിന്‍വലിച്ചതായി ചീഫ് സെക്രട്ടറി വി വേണു ഫേസ് ബുക്കിലൂടെ അറിയിക്കുകയും ചെയ്തു.
“വയനാട്ടിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് അശാസ്ത്രീയവും തെറ്റായതുമായ അഭിപ്രായങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും ചില ആളുകൾ പ്രകടിപ്പിക്കുന്നതായി കണ്ടു. ഇത് ജനങ്ങൾക്കിടയിൽ ആശങ്കയും ഭീതിയും പരത്തുന്നതായും അറിയുവാൻ കഴിഞ്ഞു.
ഈ സാഹചര്യത്തിൽ അനാവശ്യവും അശാസ്ത്രീയവുമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ട് വരേണ്ടത് അനിവാര്യമാവുകയും അതിനായി പ്രിൻസിപ്പൽ സെക്രട്ടറി (ദുരന്ത നിവാരണം ), ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഒരു കുറിപ്പ് നൽകുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ ശാസ്ത്ര സമൂഹത്തെ പഠനങ്ങൾ നടത്തുന്നതിൽ നിന്നോ, ശാസ്ത്രീയവും വാസ്തവവുമായ ഉൾക്കാഴ്ചകൾ നൽകുന്നതിൽ നിന്നോ തടയുക എന്ന ഉദ്ദേശത്തോടെയല്ല ഈ കുറിപ്പ് അയച്ചത് എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
സംസ്ഥാനം അഭിമുഖീകരിക്കുന്ന ഇപ്പോളത്തെ വിഷമ ഘട്ടത്തിൽ, സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക സ്ഥാപങ്ങളിലെ വ്യക്തികൾ പൊതുജനങ്ങൾക്കിടയിൽ പരിഭ്രാന്തിയും ആശയക്കുഴപ്പവും സൃഷ്ടിക്കാൻ ഇടയുള്ള അഭിപ്രായങ്ങൾ പറയുന്നത് നിരുത്സാഹപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.
കാലാവസ്ഥാ വ്യതിയാനത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനം നേരിടുന്ന വെല്ലുവിളികളിലേക്ക് വെളിച്ചം വീശാൻ കഴിയുന്ന ശാസ്ത്രീയ പഠനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കൂടാതെ പുതിയ വിജ്ഞാനവും ഗവേഷണവും എല്ലാം നമ്മുടെ അറിവ് വർധിപ്പിക്കാനും അതിലൂടെ അപകടങ്ങൾ തടയാനും മറ്റുമുള്ള നൂതന തന്ത്രങ്ങൾ ആവിഷ്കരിക്കാനും സഹായകമാകും.
അതേ സമയം, ഈ ദുരന്തത്തിന്റെ ഇടയിൽ രക്ഷാപ്രവർത്തനം, വീണ്ടെടുക്കൽ, പുനരധിവാസം എന്നിവയിലുള്ള ശ്രദ്ധ നഷ്ടപ്പെടാതിരിക്കുക അനിവാര്യമാണ്. പ്രസ്താവനകളുടെയോ അഭിപ്രായങ്ങളുടെയോ തെറ്റായ വ്യാഖ്യാനം കാരണം പരിഭ്രാന്തി സൃഷ്ടിക്കപ്പെടാതിരിക്കുകയും ചെയ്യേണ്ടതും പ്രധാനമാണ്.
എന്നാൽ ഈ ഉദ്ദേശം കൃത്യമായി അറിയിക്കുന്നില്ല/ വ്യക്തമാക്കുന്നില്ല എന്നത് കൊണ്ട് മേൽ സൂചിപ്പിച്ച കുറിപ്പ് അടിയന്തിരമായി പിൻവലിക്കുന്നു.”എന്നാണ് ചീഫ് സെക്രട്ടറിയുടെ കുറിപ്പ്
ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കുറിച്ച് മാധ്യമങ്ങളോട് അഭിപ്രായങ്ങള്‍ പറയരുതെന്നായിരുന്നു ശാസ്ത്രജ്ഞരോട് സര്‍ക്കാര്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടത്. പഴയ പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്‌ക്കരുതെന്നും ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ നിര്‍ദേശിച്ചു. പ്രത്യേക കുറിപ്പിലാണ് ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച, വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്ത് സന്ദര്‍ശിക്കുന്നതില്‍നിന്ന് സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ദുരന്തബാധിത പ്രദേശത്ത് ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തണമെങ്കില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വേണമെന്നും ടിങ്കു ബിസ്വാളിന്റെ കുറിപ്പില്‍ പറയുന്നു. ഈ നിര്‍ദേശങ്ങള്‍ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറി.
സര്‍ക്കാറിന്റെ നിലപാടിനെതിരെ വ്യാപക പ്രതികരണം ഉണ്ടായിട്ടുണ്ട്. സര്‍ക്കാറിനെ വെള്ളപൂശാന്‍ നിയുക്തരായ ഉദ്യോഗസ്ഥരും മാത്രം സംസാരിക്കും. ശാസ്ത്രജ്ഞരും ഗവേഷകരും മിണ്ടാതിരിക്കണം. ഡാം തുറന്നുവിട്ട് ആളെക്കൊന്ന സര്‍ക്കാറിന്റെ പിടിപ്പുകേടുകള്‍ ഇത്തവണ പുറത്തുവരാതിരിക്കാനാണ് ശാസ്ത്രസമൂഹത്തിന്റെ വായമൂടിക്കെട്ടുന്നത്. തുടങ്ങി വ്യാപകമായ പ്രചാരണം ഉണ്ടായി. തുടര്‍ന്നാണ് ഉത്തരവ് പിന്‍ വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: