തൃശൂര്‍: വടക്കാഞ്ചേരി മാരാത്തുകുന്ന് അകമലയില്‍ ഉരുള്‍ പൊട്ടല്‍ ഭീഷണി.വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിലെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ഇരുപത്തിയഞ്ച് കുടുംബാംഗങ്ങളെ മേഖലയില്‍ നിന്ന് താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചു.
അതേസമയം രണ്ട് മണിക്കൂറിനുള്ളില്‍ വീടൊഴിയണമെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
വടക്കാഞ്ചേരി നഗരസഭയിലെ പതിനാറാം ഡിവിഷന്‍ ഉള്‍പ്പെടുന്ന മാരാത്തുകുന്ന് അകമലയില്‍ മൂന്നിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം വിദഗ്ധ സംഘത്തെ നിയോഗിച്ച് പരിശോധിച്ചത്. മൈനിംഗ് ആന്റ് ജിയോളജി, സോയില്‍ കണ്‍സര്‍വേഷന്‍, ഗ്രൗണ്ട് വാട്ടര്‍ ഉള്‍പ്പടെയുള്ള ഡിപ്പാര്‍ട്ടുമെന്റുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
പ്രദേശത്ത് മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നും ആളുകളെ മാറ്റണമെന്നുമാണ് വിദഗ്ധ സംഘം തഹസീല്‍ദാരെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്ന കുടുംബങ്ങളെക്കൂടി മാറ്റിപ്പാര്‍പ്പിച്ചു.
വീടുവിട്ട് മാറുന്നവര്‍ക്ക് നഗരസഭയും സൗകര്യമൊരുക്കി. വടക്കാഞ്ചേരി ബോയ്‌സ് സ്‌കൂളിലെ ക്യാമ്പില്‍ അകമലയില്‍ നിന്നുള്ളവരെയും ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: