വയനാട്: ബെയ്‌ലി പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിൽ യന്ത്രസഹായത്തോടെയുള്ള രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാനാകുമെന്ന് റവന്യു മന്ത്രി കെ. രാജൻ. ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ കൂടെ ദുരന്തസ്ഥലത്തേക്കെത്തിച്ച് സ്ഥലങ്ങള്‍ സ്‌പോട്ട് ചെയ്യും. നൂറിലധികം ആംബുലൻസുകൾ സ്ഥലത്ത് ക്രമീകരിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്‌ക്ക് മുമ്പ് ബെയ്‌ലി പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സൈന്യം പ്രതീക്ഷിക്കുന്നത്. ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ ഉരുക്കുഗർഡറുകളും പാനലുകളുമാണ് ബെയ്‍ലി പാലം നിർമാണത്തിനുപയോഗിക്കുന്നത്. ഘടകങ്ങൾ കൂട്ടിച്ചേർക്കാൻ പ്രത്യേക ഉപകരണങ്ങൾ വേണ്ട എന്ന പ്രത്യേകതയുമുണ്ട്. പാലം പൂർത്തിയായാൽ ദുരന്തമുഖത്തേക്ക് കൂടുതൽ ജെസിബികൾ എത്തിക്കാൻ സാധിക്കും.
പുഴയിലൂടെ ഫൂട്ട് ബ്രിഡ്ജ് നിർമിക്കാനും ശ്രമങ്ങൾ നടക്കുകയാണ്. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയായതായാണ് റിപ്പോർട്ട്. അതുവഴി, കൂടുതൽ ജെ.സി.ബിയും ഹിറ്റാച്ചിയും അടക്കമുള്ള വാഹനങ്ങൾ മുണ്ടക്കൈയിലേക്കെത്തിക്കാൻ കഴിയും
ചാലിയാർ പുഴയിലെ തെരച്ചിൽ രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. 240ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ചൂരൽമലയിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസ് വാഹനങ്ങൾക്ക് ഉൾപ്പെടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രദേശത്തേക്ക് കൂടുതൽ വാഹനങ്ങൾ എത്തുന്നത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുവെന്ന പരാതികൾ ഇന്നലെ ഉയർന്നിരുന്നു. തുടർന്നാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: