പാരീസ്: അമ്പെയ്‌ത്തില്‍ പ്രതീക്ഷയായി ദീപിക കുമാരി പ്രീ ക്വാര്‍ട്ടറില്‍. നെതര്‍ലന്‍ഡ്സിന്റെ ക്വിന്റി റോഫെനെ തോല്‍പ്പിച്ചാണ് ദീപിക കുമാരി പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
6-2നായിരുന്നു ദീപികയുടെ വിജയം. ആദ്യ റൗണ്ടില്‍ എസ്തോണിയ താരം റീന പര്‍നാട്ടിനെ ഷൂട്ടോഫില്‍ പരാജയപ്പെടുത്തിയാണ് ദീപിക റൗണ്ട് ഒഫ് 32-ല്‍ എത്തിയത്. ആഗസ്റ്റ് മൂന്നിന് നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ മിഷേല്‍ ക്രോപ്പനാണ് ദീപികയുടെ എതിരാളി. കഴിഞ്ഞ ദിവസം ഭജന്‍ കൗറും പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു. മൂന്നിന് നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ഡിയാനന്ദ ചൊയ്രുനിസയാണ് എതിരാളി.
അതേസമയം പുരുഷ വ്യക്തിഗത വിഭാഗത്തില്‍ ഭാരതത്തിന്റെ ധിരജ് ബൊമ്മദേവര ഷൂട്ടോഫില്‍ പരാജയപ്പെട്ടു പുറത്തായി. ഇന്നലെ പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ കാനഡയുടെ എറിക് പീറ്റേഴ്സാണ് 6-5ന് ഭാരത താരത്തെ പരാജയപ്പെടുത്തിയത്.
ടേബിള്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ സിംഗപ്പുര്‍ താരം സെങ് ജിയാനെ വീഴ്‌ത്തി ഭാരതത്തിന്റെ ശ്രീജ അകുല പ്രീക്വാര്‍ട്ടറില്‍ കടന്നു. കഴിഞ്ഞ ദിവസം പ്രീ ക്വാര്‍ട്ടറിലെത്തി ചരിത്രം കുറിച്ച മണിക ബത്രയ്‌ക്ക് പിന്നാലെയാണ് ശ്രീജ അകുലയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശവും. ആവേശകരമായ മത്സരത്തില്‍ 4-2നാണ് ശ്രീജയുടെ വിജയം. ആദ്യ ഗെയിം നഷ്ടമാക്കിയ ശേഷം തിരിച്ചടിച്ചാണ് ശ്രീജ അവസാന 16-ല്‍ ഇടംപിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: