കൊച്ചി: പൊതുസ്ഥലങ്ങളില്‍ നടത്തുന്ന കര്‍ക്കടക വാവുബലി ചടങ്ങുകളോടനുബന്ധിച്ച് ബലി തര്‍പ്പണം നടത്തുന്ന തീര്‍ത്ഥാടകരുടെയും മറ്റും സുരക്ഷ ഉറപ്പാക്കാന്‍ പോലീസിനും ജില്ലാ അധികാരികള്‍ക്കും നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. ശംഖുംമുഖം, തിരുമുല്ലവാരം, വര്‍ക്കല, കൂടാതെ സമാനമായ മറ്റ് പ്രധാന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് കോടതി പറഞ്ഞു.
കര്‍ക്കടകവാവു ചടങ്ങുകള്‍ നിയന്ത്രിക്കാനോ പൂജാരി നിയമനത്തിനോ സംസ്ഥാനത്തിനും ദേവസ്വം ബോര്‍ഡുകള്‍ക്കും അവകാശമില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജ്യോതിഷ വിചാര സംഘം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്, ഹരിശങ്കര്‍ വി. മേനോന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ചടങ്ങുകള്‍ക്കുള്ള പൂജാരി നിയമനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് ഉദ്ദേശ്യമില്ലെന്ന് ഗവ. പ്ലീഡര്‍ വ്യക്തമാക്കി.
ഹര്‍ജിയില്‍ സംസ്ഥാന പോലീസ് മേധാവിയെ സ്വമേധയാ കക്ഷി ചേര്‍ത്ത് ഹൈക്കോടതി വയനാട്ടിലെയും മറ്റ് ജില്ലകളിലെയും പ്രതികൂല കാലാവസ്ഥയുടെ വെളിച്ചത്തില്‍ തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശിച്ചു. ദേവസ്വം ബോര്‍ഡുകള്‍ക്ക് അവരുടെ അധികാരപരിധിയിലുള്ള ക്ഷേത്ര സ്വത്തുക്കളില്‍ നടത്തുന്ന കര്‍ക്കടക വാവു ചടങ്ങുകള്‍ നിയന്ത്രിക്കാന്‍ കഴിയുമെങ്കിലും കടല്‍ത്തീരങ്ങള്‍ പോലുള്ള പൊതുസ്ഥലങ്ങളിലെ ആചാരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നിയന്ത്രിക്കണമെന്നും ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: