കല്‍പ്പറ്റ: മേപ്പാടി സിഎച്ച്സിയിലുള്ള 103 മൃതദേഹങ്ങളില്‍ 100 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. 54 പുരുഷന്മാരുടെയും 47 സ്ത്രീകളുടെയും മൃതദേഹങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. നാലു ശരീര ഭാഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മേപ്പാടി സിഎച്ച്സിയില് പരിക്കേറ്റ് ചികിത്സയിലുള്ളത് 28 പേരാണ്, 18 സ്ത്രീകളും 10 പുരുഷന്മാരും.
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചാലിയാറില്‍ നിന്ന് ഇതുവരെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും. ഇതില്‍ 28 പുരുഷന്മാരുടേതും 21 സ്ത്രീകളുടേതും രണ്ട് ആണ്‍കുട്ടികളുടേതും ഒരു പെണ്കുട്ടിയുടേയുമാണ്. സ്ത്രീയോ പുരുഷനോയെന്ന് തിരിച്ചറിയാത്ത ഒരു മൃതദേഹവുമുണ്ട്. നിലമ്പൂര്‍, പോത്തുക്കല്ല് ഭാഗങ്ങളില്‍ നിന്നാണ് ഇവയെല്ലാം കണ്ടെടുത്തത്. കഴിഞ്ഞ ദിവസം 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്. അവയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. ഇന്നലെ 20 മൃതദേഹങ്ങള്‍ കണ്ടെണ്ടത്തി. പത്ത് മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടത്തി.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ നിലമ്പൂര്‍ വനമേഖലയിലായിരുന്നു തെരച്ചില്‍. ഇവിടെ നിന്നാണ് കൂടുതല്‍ മൃതദേഹങ്ങളും കണ്ടെത്തിയത്.
ദുരന്ത ഭൂമിയിലും, ആശുപത്രികളിലും, ശ്മശാനങ്ങളിലും കാണാനാകുന്നത് നൊമ്പരക്കാഴ്ചകള്‍ മാത്രം. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ക്ക് നടുവിലാണ് മൃതദേഹ സംസ്കാര നടപടികള്‍ പുരോഗമിക്കുന്നത്. മേപ്പാടിയിലെ പൊതുശ്മാശാനത്തില്‍ ചൊവ്വാഴ്ച രാത്രി ഏഴു മണി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നു വരെ 15 മൃതശരീരങ്ങളാണ് എരിഞ്ഞടങ്ങിയത്.
രാവിലെ ഏഴ് മുതല്‍ വീണ്ടും മൃതദേഹങ്ങള്‍ സംസ്കരിച്ചു തുടങ്ങി. ഉറ്റവരുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങള്‍ ഒരു നോക്ക് കാണാന്‍ നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്. മുഖം പോലും കാണാനാകാത്ത ഒട്ടനവധി മൃതദേഹങ്ങള്‍ ഇവിടെ കണ്ണീര്‍ക്കാഴ്ചയാകുന്നു. സന്നദ്ധ പ്രവര്‍ത്തകരടക്കമുള്ളവരാണ് സംസ്കാരത്തിനു നേതൃത്വം നല്‍കുന്നത്. വീടുകളിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത വിധം എല്ലാം നഷ്ടപ്പെട്ടവരുടെ നൊമ്പരങ്ങള്‍ അവിടെ എരിഞ്ഞടങ്ങുന്നു.
മേപ്പാടി പൊതുശ്മശാനം കൂടാതെ മേപ്പാടി, നെല്ലിമുണ്ട, ചെമ്പോത്തറ, കാപ്പംകൊല്ലി ജുമാ മസ്ജിദുകള്‍, ചൂരല്‍മല, മൂപ്പൈനാട് ക്രിസ്ത്യന്‍ പള്ളികള്‍ എന്നിവിടങ്ങളിലായാണ് മൃതദേഹ സംസ്കാരം. തിരിച്ചറിയാനാകാത്ത നിരവധി മൃതശരീരങ്ങള്‍ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ട്. തിരിച്ചറിയുന്ന മൃതശരീരങ്ങള്‍ വളരെ വേഗത്തില്‍ത്തന്നെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു സംസ്കരിക്കുന്നതാണ് പുരോഗമിക്കുന്നത്. ഉള്ളുവിങ്ങിയാണ് ബന്ധുക്കളെ പോലെ തന്നെ സംസ്കാരത്തിനു നേതൃത്വമേകുന്ന സന്നദ്ധ പ്രവര്‍ത്തകരടക്കമുള്ളവര്‍ സംസ്കാരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: