കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ ചൂരല്‍മലയില്‍ മാത്രമല്ല, പുഴ കടന്ന് മുണ്ടക്കൈയിലും ചെന്നെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന് രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരന്ത ബാധിതര്‍ക്കും ആശ്വാസമേകി. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന കര-വ്യോമ സേനാ ഉദ്യോഗസ്ഥര്‍ എന്‍ഡിആര്‍എഫ് തലപ്പത്തുള്ളവര്‍ തുടങ്ങിയവരുമായി സംസാരിച്ചു. വിവിധ ആശുപത്രികളിലും മറ്റും കഴിയുന്നവരെയും ജീവഹാനി സംഭവിച്ചവരുടെ ബന്ധുക്കളെയും സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു.
നിശ്ചിത ഇടവേളകളില്‍ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അതിവേഗമാണെന്നും മന്ത്രി ജോര്‍ജ്ജ് കുര്യന് പറഞ്ഞു.
സൈന്യം പൂര്‍ണ പ്രവര്‍ത്തനത്തിലാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ സഹായത്തിന് കോയമ്പത്തൂര്‍, ബെംഗളൂരു, തിരുനല്‍വേലി, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങളില്‍ തയാറുണ്ട്. ദക്ഷിണേന്ത്യയിലെ മുഴുവന്‍ സൈനിക സംവിധാനത്തിനും ജാഗ്രതാ നിര്‍ദേശം കൊടുത്തിട്ടുണ്ട്, മന്ത്രി വിവരിച്ചു.
ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് കടക്കാന്‍ സൈന്യം തയാറാക്കിയ പാലത്തിലൂടെ മറുകര കടന്ന മന്ത്രി മുന്ന് കിലോമീറ്റര്‍ നടന്നാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നിടത്ത് എത്തിയത്. വിവരിക്കാനാകാത്ത വിധമാണ് നാശമുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു സ്ഥലത്ത് ഉരുള്‍പൊട്ടി. അതു രണ്ടുംകൂടി ഒന്നിച്ചൊഴുകിയാണ് ഇത്ര ശക്തമായി പതിച്ചത്. ഭയങ്കരവും ദയനീയവുമാണ് അവസ്ഥ. ഞാന്‍ നില്ക്കുമ്പോള് ആറ് മൃതദേഹങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുത്തെന്നും ജോര്‍ജ്ജ് കുര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: