വയനാട്: ചൂരൽമലയിലെ ദുരന്ത മേഖലയിൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നു. ചൂരൽമല പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ സൈന്യം നിർമ്മിച്ച താൽക്കാലിക പാലം മുങ്ങി. രക്ഷാപ്രവർത്തകർ പുഴയുടെ മറുകരയിൽ തുടരുകയാണ്. ഉച്ചയ്ക്ക് ശേഷം പെയ്ത മഴയിലാണ് ജലനിരപ്പ് ഉയർന്നത്. ബെയ്ലി പാലത്തിന്റെ നിർമാണത്തെയും കനത്ത മഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പാലത്തിന്റെ നിർമ്മാണം നാളെയോടെ പൂർത്തിയാകുമെന്നാണ് വിവരം.
ജലനിരപ്പ് കുറഞ്ഞാൽ മാത്രമേ മറുകരയിൽ കുടുങ്ങിയവർക്ക് അപ്പുറത്തേക്ക് കടക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ പുഴ കടക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നതിനാൽ പാലത്തിലൂടെ വരരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ ശക്തമായതോടെ മുണ്ടക്കൈ മേഖലയിലുള്ള രക്ഷാപ്രവർത്തകർ താഴേക്കിറങ്ങി. താത്കാലിക പാലത്തിലൂടെ രക്ഷാപ്രവർത്തനം പൂർണമായും നിർത്തി വച്ചിരിക്കുകയാണ്. ഇത് രക്ഷാപ്രവർത്തനത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മഴ കൂടുംതോറും ഉൾവനത്തിൽ നിന്ന് കുത്തൊഴുക്കിൽ വെള്ളം താഴേക്കെത്തുന്നുണ്ട്. കൂടാതെ പാലത്തിന്റെ ഒരുഭാഗം മൺതിട്ടയിലാണ് ഉറപ്പിച്ചിരിക്കുന്നത്. ജലനിരപ്പ് ഉയർന്നതോടെ പാലത്തിലൂടെയുള്ള രക്ഷാപ്രവർത്തനം തുടരുന്നത് ജീവന്ഭീഷണി ഉയർത്തുന്നുണ്ട്. മഴ ശമിച്ചാൽ മാത്രമേ പാലത്തിലൂടെയുള്ള രക്ഷാപ്രവർത്തനം തുടരുകയുള്ളൂ. അതേസമയം ബെയ്ലി പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: