കൊച്ചി: 2019, ആഗസ്റ്റ് 8, സമയം സായാഹ്നത്തോട് അടുക്കുന്നു. തോരാതെ പെയ്യുന്ന മഴ. മഴയോട് കലഹിക്കുന്ന മനുഷ്യര്‍. മഴത്തുള്ളികള്‍ പ്രഹരമേല്‍പ്പിക്കുന്ന ഒരു ഭൂപ്രകൃതിയില്‍ അധിവസിക്കുന്നവര്‍ക്ക് കലഹിക്കാതെ തരമില്ലല്ലോ. മാനം കറുക്കുമ്പോള്‍ മനം പിടയ്ക്കുന്നവര്. വയനാട് മേപ്പാടിയിലെ പുത്തുമല നിവാസികള്‍. അന്ന് വൈകിട്ട് നാലിനായിരുന്നു ആ മഹാദുരന്തം അവര്‍ക്കുമേല്‍ വന്നുപതിച്ചത്, ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍. 17 പേര് മണ്ണിനടിയില്‍ ശ്വാസം കിട്ടാതെ പിടഞ്ഞു. ഒറ്റ ദിനം കൊണ്ട് ഒരു ഗ്രാമം തുടച്ചുനീക്കപ്പെട്ടു. 12 പേരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തു. അഞ്ചുപേര്‍ എവിടെയെന്നതിന് ഇന്നും ഉത്തരമില്ല. മടങ്ങിവരുമെന്ന് നേരിയ പ്രതീക്ഷ പോലുമില്ലെങ്കിലും അവര്‍ക്കായുള്ള ഉറ്റവരുടെ കാത്തിരിപ്പ് ഇന്നും തുടരുന്നു.
മുതിരത്തൊടി ഹംസ (58), പച്ചക്കാട് നാച്ചിവീട്ടില്‍ അവറാന് (62), പച്ചക്കാട് കണ്ണന്‍കാടന്‍ അബൂബക്കര്‍ (62), പുത്തുമല എസ്റ്റേറ്റില്‍ അണ്ണയ്യ (54), പച്ചക്കാട് എക്കണ്ടത്തില്‍ നബീസ (74) എന്നിവരെയാണ് അന്നത്തെ ഉരുള്‍പൊട്ടലില്‍ കാണാതായത്. തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായിരുന്നു പുത്തുമല. ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായവര്‍ സര്‍ക്കാരിന്റെയും സന്നദ്ധപ്രവര്‍ത്തകരുടെയും പുനരധിവാസ പദ്ധതികളുടെ ബലത്തില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍.
പുത്തുമല ഗ്രാമത്തില്‍ 58 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു, 22 വീടുകള്‍ ഭാഗികമായും. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. പുത്തുമല ദുരന്തത്തിന് അഞ്ചാണ്ട് തികയാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി ഒരു പ്രദേശമാകെ കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്.
മലപ്പുറം കവളപ്പാറയില്‍ കുന്നിടിഞ്ഞ് ദുരന്തം ഉണ്ടായത് 2019 ആഗസ്റ്റ് എട്ടിനാണ്. 59 ജീവനുകള്‍ നഷ്ടമായി. എന്നാല്‍ പുറംലോകം ദുരന്തമറിഞ്ഞത് 12 മണിക്കൂര്‍ വൈകിയാണ്. മൊബൈല്‍ ടവറുകളും വൈദ്യുതി പോസ്റ്റുകളും ഉള്‍പ്പടെ തകര്‍ന്നതാണ് ദുരന്തവാര്‍ത്ത പുറത്തറിയാന്‍ വൈകിയതിന് കാരണം. ആഗസ്ത് ആദ്യം മുതല്‍ തന്നെ നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയുണ്ടായിരുന്നു. എന്നാല്‍ ആഗസ്ത് 8ന് വൈകുന്നേരം പെയ്ത മഴയ്ക്ക് ശക്തി കൂടുതലായിരുന്നു. കവളപ്പാറയിലെ മുത്തപ്പന് കുന്ന് ഇടിഞ്ഞിറങ്ങി 42 വീടുകള്‍ മണ്ണിനടിയിലായി. രക്ഷാപ്രവര്‍ത്തനം 19 ദിവസം നീണ്ടു. കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ രക്ഷാപ്രവര്‍ത്തനമായിരുന്നു അത്. 59 പേര്‍ക്കാണ് ജീവന് നഷ്ടമായത്. 11 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ആരാധനാലയങ്ങള്‍, ക്വാര്‍ട്ടേഴ്സുകള്‍, വാഹനങ്ങള്‍, എസ്റ്റേറ്റ് പാടി, കാന്റീന്, പോസ്റ്റ് ഓഫീസ് എന്നിവയെല്ലാം ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. പുത്തുമലയിലും കവളപ്പാറയിലുമായി 76 ജീവനുകളാണ് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: