പാരീസ്: ഒളിംപിക്‌സ് ഹോക്കിയില്‍ രണ്ടാം ജയം സ്വന്തമാക്കി ഭാരതം. ഇന്നലെ നടന്ന പൂള്‍ ബിയിലെ മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഭാരതം വിജയിച്ചത്. നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ടഗോള്‍ പ്രകടനം മത്സരത്തിന്റെ ഹൈലൈറ്റായി.
മത്സരത്തിന്റെ ആദ്യ രണ്ട് ക്വാര്‍ട്ടറുകളിലായായിരുന്നു ഭാരതത്തിന്റെ ഗോള്‍ നേട്ടം.
യവെസ് ഡു മനോയിര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11-ാം മിനിറ്റിലാണ് ഭാരതം ആദ്യ ഗോള്‍ കണ്ടെത്തിയത്. മികച്ചൊരു ഇടപെടലിലൂടെ അയര്‍ലണ്ടില്‍ നിന്നും പിടിച്ചെടുത്ത പന്തുമായി ഗുര്‍ജന്ത് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ മന്‍ദീപ് സിങ്ങിന്റെ പക്കല്‍ പന്തെത്തി. അവിടെ നിന്നും ഹര്‍മന്‍പ്രീതിലേക്ക്. ഒടുവില്‍ ഐറിഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഹാര്‍ട്ടെയെയും കീഴടക്കി ഹര്‍മന്‍പ്രീത് ഗോള്‍ സമ്മാനിക്കുകയായിരുന്നു. പിന്നീട് 19-ാം മിനിറ്റില്‍ തുടരെ മൂന്ന് തവണ ലഭിച്ച പെനല്‍റ്റി കോര്‍ണറിനൊടുവില്‍ ഹര്‍മന്‍ വീണ്ടും ഗോള്‍ നേടിയെടുത്തു.
ജയത്തെ തുടര്‍ന്ന് ഭാരതം മെഡല്‍ പട്ടികയില്‍ മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റുമായി ഒന്നാമതെത്തി. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ ടീം രണ്ടെണ്ണത്തില്‍ വിജയിച്ചപ്പോള്‍ ഒരെണ്ണത്തില്‍ സമനില പാലിച്ചു. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 3-2ന്റെ വിജയം സ്വന്തമാക്കിയ ഭാരതം രണ്ടാം മത്സരത്തില്‍ കരുത്തരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ചു. പൂള്‍ബിയില്‍ ഇനി ബെല്‍ജിയവും ഓസ്‌ട്രേലിയയും ആണ് ഭാരതത്തിന്റെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: