വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ രണ്ടാമത്തെ സംഘം കോഴിക്കോട് വിമാനത്താവളത്തിലെത്തി. തിരുവനന്തപുരം പാങ്ങോട് നിന്നുളള സൈനികരാണ് എത്തിയത്.
ബെയ്‌ലി പാലം നിര്‍മ്മിക്കാനുളള സാമഗ്രികളുമായാണ് സൈനികര്‍ എത്തിയത്. കൊണ്ടു വന്ന ഭാഗങ്ങള്‍ ഘടിപ്പിച്ച് ബുധനാഴ്ച രാവിലെ മുതല്‍ ഇവര്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങും. അതേസമയം ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ബുധനാഴ്ച രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കും.
കുടുങ്ങിക്കിടക്കുന്നവരെ വ്യോമസേനയുടെ ഹെലികോപ്ടറില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. പരിക്കേറ്റവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയുമാണ് എയര്‍ ലിഫറ്റ് ചെയ്തത്.
ദുരന്തത്തില്‍ ഒറ്റപ്പെട്ട് പോയ അഞ്ഞൂറിലധികം പേരെ താത്കാലിക പാലത്തിലൂടെ രക്ഷപ്പെടുത്തി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി) ഭാഗമായ സൈനികരും അഗ്നിശമന സേനയും ചേർന്നാണ് പാലം ചൂരല്‍മലയില്‍ ചൊവ്വാഴ്ച രാത്രിയോടെ താത്കാലിക പാലം നിര്‍മ്മിച്ചത്.
ചൂരല്‍മലയിലെ പത്താം വാര്‍ഡായ അട്ടമലയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്.അഞ്ചു സൈനികര്‍ കയര്‍ കെട്ടി പത്താം വാര്‍ഡിലേക്ക് കടന്നെങ്കിലും കൂടുതല്‍ പേരെ എത്തിക്കാനുള്ള കയര്‍ അടക്കം സൗകര്യങ്ങള്‍ ഇല്ലെന്ന് സൈന്യം അറിയിച്ചു.
ഇതുവരെ 135 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ 66 പേരെ തിരിച്ചറിഞ്ഞു. 100ല്‍ പരം പേരെ കണ്ടെത്താനുണ്ടെന്നാണ് അറിയുന്നത്.
ദുരന്ത വാര്‍ത്തയറിഞ്ഞ് വിവിധ പ്രദേശങ്ങളില്‍ നിന്നുളളവര്‍ ദുരന്തസ്ഥലത്തെത്തി. എന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്ന രീതിയില്‍ ആളുകളുടെ എണ്ണം അധികരിക്കരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. രക്ഷപ്പെടുത്തിയവരില്‍ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. നിരവധി പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: