Kerala

കടല്‍മത്സ്യമായ വറ്റയുടെ വിത്തുത്പാദന സാങ്കേതികവിദ്യ വികസിപ്പിച്ചു

Published by

കൊച്ചി: ഉയര്‍ന്ന വിപണി മൂല്യമുള്ള സമുദ്ര മത്സ്യമായ വറ്റയെ കൃത്രിമമായി പ്രജനനം നടത്തുന്നതിനുള്ള വിത്തുല്‍പാദന സാങ്കേതിക വിദ്യ വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ).

കടല്‍ മത്സ്യകൃഷിയില്‍ വലിയ മുന്നേറ്റത്തിന് വഴിതുറക്കുന്നതാണ് ഈ നേട്ടം. മറ്റ് പല മീനിനേക്കാളും വേഗത്തില്‍ വളരാനും പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനും ശേഷിയുള്ള മീനാണ് വറ്റ. കൂടുകളില്‍ കടലിലും തീരദേശ ജലാശയങ്ങളിലും കൃഷി ചെയ്യാനാകും. സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം കേന്ദ്രത്തിലെ ഗവേഷകരാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം. സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞരായ അംബരീഷ് പി. ഗോപ്, ഡോ. എം. ശക്തിവേല്‍, ഡോ. ബി. സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി.

ഇന്തോ- പസഫിക് മേഖലയില്‍ ആവശ്യക്കാരുള്ളതും വാണിജ്യസാധ്യതകള്‍ ഏറെയുമുള്ള മീനാണ് വറ്റ. മികച്ച മാംസവും രുചിയുമാണ് ഇവയെ മത്സ്യപ്രേമികള്‍ക്ക് പ്രീയപ്പെട്ടതാക്കുന്നത്. കിലോഗ്രാമിന് 400 മുതല്‍ 700 രൂപ വരെ വിലയുണ്ട്. കുറഞ്ഞ കാലം കൊണ്ട് വലിയ വലിപ്പം കൈവരിക്കുന്ന മീനായതിനാല്‍ കൃഷിക്ക് ഏറെ അനുയോജ്യമാണ്. തീരദേശ റീഫുകളിലും ലഗൂണുകളിലും ഉള്‍ക്കടലിലും ഇവയെ കണ്ടുവരുന്നു. സിഎംഎഫ്ആര്‍ഐയുടെ പരീക്ഷണത്തില്‍, ഈ മീന്‍ കൂടുകൃഷിയില്‍ അഞ്ചുമാസം കൊണ്ട് 500 ഗ്രാം വരെയും എട്ട് മാസം കൊണ്ട് ഒരു കിലോഗ്രാം വരെയും വളര്‍ച്ച നേടുന്നതായി കണ്ടെത്തി.

കടല്‍ മത്സ്യകൃഷിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായേക്കാവുന്ന നേട്ടമാണിതെന്നും പെല്ലെറ്റ് തീറ്റകള്‍ നല്കി പെട്ടെന്ന് കൃഷിചെയ്ത് വളര്‍ത്താവുന്ന മീനാണ് വറ്റയെന്നും സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ.എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by