ചൊവ്വാഴ്ച പുലർച്ചെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 93 പേരോളം മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ 250ൽ ഏറെ ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ, രക്ഷാദൗത്യവുമായ എൻഡിആർഎഫും സൈന്യവും നേവിയും പ്രാദേശിക ഉദ്യോഗസ്ഥരുമെല്ലാം സജീവമാണ്. വയനാട്ടിൽ സംഭവിച്ച ദുരന്തത്തിൽ ദുഃഖം പങ്കുവെക്കുകയും, മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുകയാണ് നടന്മാരായ കമൽഹാസനും വിജയും.
കാലാവസ്ഥാ വ്യതിയാനം മനസ്സിലാക്കി ഉടനടി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എക്സിൽ പങ്കിട്ട പോസ്റ്റിൽ കമൽഹാസൻ പറയുന്നു. “കേരളത്തിലെ വയനാട്ടിലും വാൽപ്പാറയിലും ഉണ്ടായ ഉരുൾപൊട്ടൽ മൂലമുണ്ടായ ദുരന്തങ്ങൾ എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു. പ്രിയപ്പെട്ടവരേയും വീടും വസ്തുക്കളും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം. കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമായി മാറിയിരിക്കുന്നു. ഇതിന്റെ ആഘാതം മനസ്സിലാക്കാൻ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ദുഷ്‌കരവും അപകടകരവുമായ സാഹചര്യങ്ങളിൽ ജീവൻ പണയപ്പെടുത്തി ജനങ്ങളെ രക്ഷിക്കാൻ ശ്രമിച്ച സൈന്യത്തിനും സംസ്ഥാന സർക്കാർ ജീവനക്കാർക്കും എന്റെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു,” കമൽഹാസൻ കുറിച്ചു.
യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസം നൽകണമെന്നാണ് വിജയ് കുറിപ്പിൽ പറയുന്നത്. “കേരളത്തിലെ വയനാട്ടിലെ ഉരുൾപൊട്ടലിന്റെ ദാരുണമായ വാർത്ത കേട്ടതിൽ അഗാധമായ സങ്കടമുണ്ട്. എന്റെ പ്രാർത്ഥനയും ചിന്തയും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർത്ഥിക്കുന്നു.
രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ പ്രതിരോധ സുരക്ഷാ സേനയിലെ 200 സൈനികരെയും ഒരു മെഡിക്കൽ ടീമിനെയും സൈന്യം വയനാട്ടിൽ വിന്യസിച്ചിട്ടുണ്ട്. മരിച്ച ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയുമായ രാഹുൽ ഗാന്ധി തന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനും ആവശ്യമായ എല്ലാ പിന്തുണയും നൽകണമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: