ഒരു പിടി അവിസ്മരണീയ ഗാനങ്ങള്‍ സമ്മാനിച്ച ഷിബു ചക്രവര്‍ത്തി എന്ന ഗാനരചയിതാവ് ഒരു പക്ഷെ എന്നെന്നും ഓര്‍മ്മിക്കപ്പെടുക നൊസ്റ്റാള്‍ജിയ നിറഞ്ഞ, നാട്ടോര്‍മ്മകള്‍ നിറഞ്ഞുതുളുമ്പുന്ന ഈ ഗാനത്തിന്റെ പേരിലായിരിക്കാം. പ്രിയദര്‍ശന്റെ സിനിമയ്‌ക്ക് വേണ്ടി ഷിബു എഴുതിയ വരികള്‍ പലതും സംവിധായകന് പിടിക്കുന്നില്ല. രണ്ടുപേര്‍ അവരുടെ പ്രിയപ്പെട്ട പാംഗ്രൂവ് ഹോട്ടലില്‍ ചായ കുടിക്കാനിരിക്കുകയാണ്. സംഗീത സംവിധായകന്‍ ഔസേപ്പച്ചനും ഷിബു ചക്രവര്‍ത്തിയും. പ്രിയന് ഇഷ്ടപ്പെട്ട വരികളോ, ട്യൂണോ വരുന്നില്ല. ഇരുവരും ചൂടുപിടിച്ച ചര്‍ച്ചയും ആലോചനയുമായി ഇരുന്നു. ചായ കുടിച്ചു കഴിഞ്ഞു. വെയിറ്റര്‍ ബില്ല് കൊണ്ടുവന്നുവെച്ചു.പ്രിയദര്‍ശന്‍ മോഹിക്കുന്ന പാട്ടിലേക്ക് തുളച്ചുകയറാന്‍ ഷിബു ചക്രവര്‍ത്തി ഒരു അവസാനശ്രമം നടത്തി. വെയിറ്റര്‍ കൊണ്ടുവന്ന ബില്ലിന് പിന്നില്‍ മനസ്സില്‍ തിക്കിത്തിരക്കി വന്ന വരികള്‍ കോറിയിട്ടു….
ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവില്‍ ചുവട്ടില്‍….
നൊസ്റ്റാള്‍ജിയ പൂത്തുലയുന്ന വരികള്‍…..നാടിന്റെ മറക്കാനാവാത്ത ഗന്ധം പേറുന്ന വരികള്‍….
ഔസേപ്പച്ചന്‍ ആ വരികള്‍ പ്രിയദര്‍ശന് നീട്ടി. ഒന്നു കണ്ണോടിച്ച പ്രിയന്റെ മുഖം തെളിഞ്ഞു. ചെറു പുഞ്ചിരിയോടെ പ്രിയദര്‍ശന്‍ അവിടെ നിന്നും എഴുന്നേറ്റുപോയി. പ്രിയന്റെ പ്രസാദിച്ച മുഖത്തുനിന്നും സംവിധായകന്റെ മനസ്സിനുള്ളിലെ വിചാരം ഔസേപ്പച്ചന്‍ പിടിച്ചെടുത്തു. പ്രിയന് പാട്ട് ഇഷ്ടമായിരിക്കുന്നു. ഔസേപ്പച്ചന്റെ മനസ്സിലേക്ക് മോഹനം രാഗം കയറിവന്നു. ലളിതമായ ഈണം. പ്രണയവും നൊസ്റ്റാള്‍ജിയയും തുല്യഅളവില്‍ നിറഞ്ഞ ഈണം.
നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വെച്ചു
നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വെച്ചു
നീ വരുവോളം വാടാതിരിക്കുവാൻ
ഞാനതെടുത്തു വെച്ചു
എന്റെ ഹൃത്തിലെടുത്തു വെച്ചു
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയില്‍ എം.ജി. ശ്രീകുമാര്‍ പാടിയ ഗാനം. ഇത് തന്നെ ചിത്ര പാടിയ ഒരു പതിപ്പും ഉണ്ട്. മോഹന്‍ലാലും സുചിത്രയും പ്രണയം കണ്ടെത്തുന്ന നിമിഷമാണ് സിനിമയില്‍.
മാധവം മാഞ്ഞുപോയ്
മാമ്പൂ കൊഴിഞ്ഞുപോയ്
പാവം പൂങ്കുയിൽ മാത്രമായി
പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ
ഈണം മറന്നു പോയി
അവൻ പാടാൻ മറന്നു പോയി
ഈ വരികള്‍ തെരഞ്ഞെടുത്ത സംവിധായകന്‍ പ്രിയദര്‍ശനാണ് ഔസേപ്പച്ചന്‍ ക്രെഡിറ്റ് നല്‍കിയത്. ഈ വരികള്‍ സിനിമയില്‍ ഉപയോഗിക്കാം എന്ന് തീരുമാനമെടുത്ത സംവിധായകന്‍ കാരണമാണ് ആ അവിസ്മരണീയഗാനം പിറന്നതെന്നും പഴയ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് ഔസേപ്പച്ചന്‍ പറയുന്നു.
സ്വന്തം അനുജത്തിമാര്‍ക്ക് വേണ്ടി ഷിബു ചക്രവര്‍ത്തി എഴുതിയ ഗാനമായിരുന്നു ഇത്. അതിലെ വരികളും വ്യത്യസ്തമായിരുന്നു:
“എന്നനുജത്തിക്ക് പൂനിലാവില്‍ നിന്നും
പൊന്നില്‍ ഉടയാട തീര്‍ത്തെടുത്തു
വാനിടം നക്ഷത്ര വൈഡൂര്യ രത്നത്താല്‍
മാലകൊരുക്കയല്ലെ
എന്റെ ഓമനിക്കിന്ന് ചാര്‍ത്തുവാന്‍”
എന്നിങ്ങിനെയായിരുന്നു വരികള്‍. അതാണ് പിന്നീട് പ്രിയദര്‍ശന്റെ സിനിമയ്‌ക്ക് വേണ്ടി മാറ്റിയെഴുതിയത് ഇപ്രകാരമാണ്:
“നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വെച്ചു
നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വെച്ചു
നീ വരുവോളം വാടാതിരിക്കുവാൻ
ഞാനതെടുത്തു വെച്ചു
എന്റെ ഹൃത്തിലെടുത്തു വെച്ചു ”
ഓര്‍മ്മകള്‍ ഓടിക്കളിക്കുവാന്‍ എന്ന ഗാനം പ്രണയഗാനമാക്കി മാറ്റിയെഴുതുകയതോടെ അത് അനശ്വരഗാനമായി മാറുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: