India

പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്‌ക്ക് രണ്ടാം മെഡല്‍; ഷൂട്ടിങ്ങില്‍ മനു ഭാകര്‍ – സരബ് ജോത് സിങ് സഖ്യത്തിന് വെങ്കലം, ചരിത്രം രചിച്ച് മനു ഭാകർ

Published by

പാരീസ്: പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്‌ക്ക് രണ്ടാം മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാകര്‍ – സരബ് ജോത് സിങ് സഖ്യം വെങ്കലം സ്വന്തമാക്കി. മെഡല്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ വോന്‍ഹോ ലീ – യേ ജിന്‍ ഓ സഖ്യത്തെ 16-10 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. മിക്‌സഡില്‍ മത്സരിച്ച റിഥം സാങ്വാന്‍-അര്‍ജുന്‍ സിങ് ചീമ സഖ്യം മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടാതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ 576 പോയിന്റ് നേടിയ സഖ്യം പത്താം സ്ഥാനത്താണ് എത്തിയത്.

മെഡല്‍ നേട്ടത്തോടെ മനു ഭാകര്‍ ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തില്‍ ഇടംനേടുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഒളിമ്പിക്‌സില്‍ രണ്ടു മെഡലുകള്‍ നേടുന്ന ആദ്യ താരമായിരിക്കുകയാണ് മനു. നേരത്തേ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലും മനു വെങ്കലം നേടിയിരുന്നു. ഒളിമ്പിക് ഷൂട്ടിങ്ങില്‍ 12 വര്‍ഷം നീണ്ട ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചയ്‌ക്ക് അറുതി വരുത്തിയായിരുന്നു ഞായറാഴ്ച മനു വെങ്കലം കഴുത്തിലണിഞ്ഞത്. ഇതോടൊപ്പം ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും തേടിയെത്തി.

2012 ലണ്ടന്‍ ഒളിമ്പിക്സിനുശേഷം ഷൂട്ടിങ്ങില്‍ രാജ്യത്തിന്റെ ആദ്യ മെഡലായിരുന്നു ഇത്. ഹരിയാനയിലെ ജജ്ജാര്‍ സ്വദേശിയായ 22-കാരി മനു ഭാക്കര്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വര്‍ണജേതാവായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by