ചൂരൽമല: വൻ ദുരന്തത്തിന്റെ തുടക്കകേന്ദ്രമായ മുണ്ടക്കൈ പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള പ്രതിസന്ധികൾ ഏറെയാണ്. കഴിഞ്ഞവട്ടം ദുരന്തം ഉണ്ടായ ചൂരൽമലയ്‌ക്ക് അപ്പുറം കടക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ഹെലികോപ്ടർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനവും എളുപ്പമല്ല. കാലവസ്ഥ പ്രതികൂലമായതിനാൽ കോപ്ടറുകൾക്ക് ഇറങ്ങാനും വിഷമമായിരിക്കും.
ചൂരൽമലയിൽ തകർന്നുപോയ പാലം പുനസ്ഥാപിക്കപ്പെട്ടാലേ അവിടേക്ക് എത്തിച്ചേരാനാവൂ. ഈ സാഹചര്യത്തിൽ എൻഡിആർഎഫിന്റെയും സൈന്യത്തിന്റേയും പ്രവർത്തനങ്ങളിലാണ് പ്രതീക്ഷ. വ്യോമസേനയുടെ വിമാനത്തിൽ അടിയന്തിരമായി ഭക്ഷണവും മരുന്നും എത്തിക്കാനാണ് ശ്രമം. ചൂരൽമലയിലും മുണ്ടക്കൈയിലുമായി നാനൂറോളം പേർ അപകടസ്ഥലങ്ങളിൽ രക്ഷപ്പെടാൻ വഴിപ്രതീക്ഷിച്ച് കഴിയുകയാണ്.
താൽക്കാലിക പാലം നിർമ്മിച്ച് മറുകര കടക്കാനായാൽ മാത്രമേ രണ്ടുകിലോ മീറ്റർ അപ്പുറത്തുള്ള മുണ്ടക്കൈയിൽ എത്താൻ കഴിയും. നിലവിൽ അപകടപ്രദേശങ്ങളിൽനിന്നുള്ള ഏകദേശ വിവരമെങ്കിലും ലഭിക്കുന്നുണ്ട്. എന്നാൽ മൊബീൽ ഫോൺ ചാർജ്ജും മറ്റു സംവിധാനങ്ങളും കഴിഞ്ഞാൽ പിന്നെ എന്താണ് മാർഗ്ഗമെന്ന ആശങ്കയുമുണ്ട്. വൈദ്യുതി നിലച്ചു. ടെലിഫോണുകൾ തകരാറിലായി.
കണ്ണൂരിൽനിന്ന് 138 പേരുള്ള എൻഡിആർഎഫ് സംഘവും കോഴിക്കോട്ടുനിന്ന് 38 പേരുടെ സംഘവും പുറപ്പെട്ടിട്ടുണ്ട്. ഇവരിൽ രക്ഷാ ദൗത്യക്കാരും മെഡിക്കൽ വിഭാഗക്കാരുമുണ്ട്. ഉച്ചയോടെ രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപടികൾ തുടങ്ങാനാവുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: