കോഴിക്കോട്: വയനാട്ടിലേക്കുള്ള കെ എസ് ആർ ടി സി സർവീസ് താത്ക്കാലികമായി നിർത്തിവച്ചു. വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പൊലീസിന്റെ നിർദ്ദേശത്തെ തുടർന്നാണ് കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താൽക്കാലികമായി നിർത്തിയത്. മണ്ണിടിച്ചിലിനെ തുടർന്ന് താമരശ്ശേരി ചുരത്തിലടക്കം ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപ്പൊട്ടലിൽ ഇതുവരെ 19 മൃതദേഹങ്ങൾ കണ്ടെത്തി. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. പ്രദേശത്തെ നിരവധികൾ വീടുകൾ കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളാർമല സ്കൂൾ പൂർണമായും തകർന്നിട്ടുണ്ട്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്.
പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ രണ്ട് ഹെലികോപ്റ്റർ ഉടൻ സ്ഥലത്തെത്തും. 40ഓളം കുടുംബങ്ങളെയാണ് ഉരുൾപ്പൊട്ടൽ ബാധിച്ചത്. അഗ്നിരക്ഷാ സേനയും, എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎൽഎ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. 2019ൽ ഉരുൾപ്പൊട്ടിയ പുത്തുമലയ്ക്ക് സമീപമാണ് മുണ്ടക്കൈ. വലിയ ശബ്ദത്തോടെ ഉരുൾപ്പൊട്ടിയെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: