മലയാളികള്‍ രണ്ടുനേരവും കുളിക്കുന്നു. വീടും പരിസരവും വൃത്തിയാക്കിവയ്ക്കുന്നു. ആഹാരാവശിഷടങ്ങളും മറ്റു മാലിന്യങ്ങളും കൊച്ചുകൊച്ചു പ്ലാസ്റ്റിക് കവറുകളിലാക്കി, ഭദ്രമായിക്കെട്ടി, റോഡിലോ ആളൊഴിഞ്ഞ പറമ്പുകളിലോ പുഴയോരത്തോ വലിച്ചെറിയുന്നു.
ദോഷം പറയരുതല്ലൊ, കോഴിവേസ്റ്റുകളും മറ്റ് ആഹാരപദാര്‍ത്ഥങ്ങളും തിന്ന് തെരുവുനായ്ക്കള്‍ തടിച്ചുകൊഴുക്കുന്നു. ഒറ്റയ്ക്കുനടന്നുപോകുന്ന കുട്ടികളേയും പ്രായമേറിയവരേയും കാണുമ്പോള്‍ നായ്ക്കള്‍ക്കു ഹാലിളകുന്നു.
മലയാളികളുടെ വൃത്തിബോധം കണ്ടറിയണമെങ്കില്‍ കേരളത്തിലെവിടെയെങ്കിലുമുള്ള ബസ്് സ്റ്റാന്‍ഡിന്റെ മൂത്രപ്പുരയിലൊന്നു കയറിനോക്കുകയേവേണ്ടൂ. വ്യക്തി നന്നായാല്‍ സമൂഹം നന്നാവും, സമൂഹം നന്നായാല്‍ രാജ്യം നന്നാവും എന്നൊക്കെ പണ്ട് സ്കൂളില്‍ പഠിച്ച ഒരോര്‍മ്മ.! വ്യക്തികളെപ്പറ്റി ഇത്രയേ പറയാനുള്ളു. ഇനി വ്യക്തികള്‍ ഭരിക്കുന്ന പഞ്ചായത്തിന്റേയും മുന്‍സിപ്പാലിറ്റിയുടേയും കോര്‍പ്പറേഷന്റേയും കാര്യം. ശുചിത്വം പാലിക്കുന്ന വ്യക്തികള്‍ കയ്യാളുന്ന തദ്ദേശ സ്വയംഭരണ സംവിധാനത്തില്‍ നിന്ന് കൂടുതലെന്താണ് നമുക്കു പ്രതീക്ഷിക്കാവുന്നത്.! ബ്രഹ്മപുരം മലപോലുള്ള മാലിന്യക്കൂമ്പാരങ്ങള്‍, അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന ഓടകള്‍, നഗരഹൃദയങ്ങളില്‍ പുറത്തേക്കുള്ള വഴികാണാതെ വീര്‍പ്പുമുട്ടുന്ന ആമയിഴഞ്ചാന്‍ തോടുകള്‍.
മഴപെയ്തു തുടങ്ങിയാല്‍ ഓടകളും റോഡുകളും തോടുകളും ഒന്നാവുന്നു. ഒരുതരം പരിസ്ഥിതി സോഷ്യലിസം. മുട്ടോളം വെള്ളം പൊങ്ങിക്കിടക്കുന്ന റോഡുകളിലൂടെ ബൈക്കുകളും കാറുകളും സുഖമായി ഓടിച്ചുപോകാം. കാല്‍നടക്കാരന്റെ കാര്യമാണ് കഷ്ടം. റോഡാണെന്നു സങ്കല്‍പ്പിച്ച് കാലുവയ്ക്കുന്നത് ഓടയിലാണെങ്കില് അഴുക്കുവെള്ളത്തിലൊരു കുളി തരമാക്കാം. വേണമെങ്കില്‍ കുറച്ചുദൂരം നീന്താം. നമ്മള് ഓടയില്‍ മുങ്ങിക്കുളിക്കുന്നതില്‍ ആര്‍ക്കാണു പരാതി? ആര്‍ക്കുമില്ല.
ബ്രഹ്മപുരത്തെ മാലിന്യമലയെപ്പറ്റി ഇപ്പോള്‍ കേള്‍ക്കുന്നില്ല. പറഞ്ഞുപറഞ്ഞ് അതിന്റെ ന്യൂസ്വാല്യു നഷ്ടമായിരിക്കുന്നു. ബ്രഹ്മപുരത്തിനുമുമ്പ് വിളപ്പില്ശാലയായിരുന്നു താരം. ഇപ്പോഴിതാ ആമയിഴഞ്ചാന്‍തോട് വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നു.
നമ്മുടെ തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന ഒരു ഭീമന്തോടുണ്ടെന്നും ആ തോട് പുറത്തേക്കൊഴുകാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും അറിയാനിടവന്നത്, ജോയി എന്നൊരു പാവം മനുഷ്യജീവിക്ക് മാലിന്യച്ചുഴിയില്‍ കുരുങ്ങി ജീവന് നഷ്ടപ്പെടേണ്ടിവന്നപ്പോഴാണ്. ആമയിഴഞ്ചാന്‍ തോട് ഇപ്പോഴൊരു തോടല്ലെന്നും നഗരത്തിന്റെ പുറംതോടിനു തൊട്ടുതാഴെ വീര്‍പ്പുമുട്ടിക്കഴിയുന്ന മാലിന്യക്കയമാണെന്നും വൈകിയെങ്കിലും നമുക്കു ബോധ്യമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: