കറാച്ചി: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ജില്ലയിലെ ഗോത്രവര്‍ഗ മേഖലയായ ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ ഷിയ, സുന്നി മുസ്ലിം വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 36 പേര് മരിച്ചു. 166 പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ആറ് ദിവസമായി മുസ്ലിം വിഭാഗത്തിലെ ഷിയ, സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. കുറം ജില്ലയിലെ ഖൈബര്‍ പഖ്തുന്‍ഖ്വ മേഖല അഫ്ഗാനിസ്ഥാന് അതിര്‍ത്തിയാണ്. ഗോത്രവര്‍ഗ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റവും സംഘര്‍ഷമുള്ള മേഖലയാണിത്. സംഘര്‍ഷത്തില്‍ മരണനിരക്ക് ഉയരുമെന്ന് കുറം ഡെ. കമ്മിഷണര്‍ ജാവേദുല്ല മെഷൂദ് പറഞ്ഞു. ഗോത്രവിഭാഗക്കാര്‍ തങ്ങളുടെ താമസസ്ഥലം വിട്ടുപോവുകയാണ്. അതേസമയം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് 400 ഷിയ മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടുവെന്നാണ്.
സംഘര്‍ഷം മറ്റു മേഖലകളിലേക്കും വ്യാപിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മോര്‍ട്ടാര്‍ ഷെല്ലുകളും റോക്കറ്റ് ഷെല്ലുകളും ഉള്‍പ്പെടെയുള്ള മാരകമായ ആയുധങ്ങളാണ് ഇരുവിഭാഗം ഉപയോഗിക്കുന്നത്. പരസ്പരമുള്ള വെടിവയ്പ്പില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാന റോഡുകളിലെ ഗതാഗതം നിരോധിച്ചു. ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിനായി വന്‍ സുരക്ഷാസേനയെയാണ് മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: