ഹൈദരാബാദ്: നീളം കൂടിയെന്ന ആരോപിച്ച് വിദ്യാർത്ഥികളുടെ മുടി മുറിച്ച സംഭവത്തിൽ അധ്യാപികയ്‌ക്ക് സസ്പെൻഷൻ. തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂൾ അധ്യാപികയാണ് 15 വിദ്യാര്‍ഥികളുടെ മുടി നീളമുള്ളതായി തോന്നിയതിനെ തുടർന്ന് മുറിക്കുകയും സസ്പെൻഷനിൽ ആവുകയും ചെയ്തത്. ജില്ലയിലെ കല്ലൂര്‍ മണ്ഡലത്തില്‍ ശനിയാഴ്ച നടന്ന സംഭവത്തില്‍ ഇംഗ്ലീഷ് അധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.
സ്‌കൂള്‍ പരിസരത്ത് വച്ച് എട്ട്, ഒന്‍പത്, 10 ക്ലാസിലെ 15 വിദ്യാര്‍ഥികളുടെ മുടി കത്രിക ഉപയോഗിച്ചാണ് അധ്യാപിക മുറിച്ചത്. വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതോടെ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ‘മുടിവെട്ടല്‍ അധ്യാപകരുടെ ജോലിയല്ല. വിദ്യാര്‍ഥികള്‍ പഠനത്തിന് പുറകോട്ട് ആണെങ്കിലോ, അവര്‍ അച്ചടക്കമില്ലാത്തവരോ ആണെങ്കില്‍, അവള്‍ക്ക് അവരുടെ മാതാപിതാക്കളെ അറിയിക്കാമായിരുന്നു, വിദ്യാര്‍ഥികളുടെ മുടി വെട്ടരുതായിരുന്നുവെന്ന്’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം നീണ്ട മുടിയുമായി ക്ലാസുകളിൽ കയറരുതെന്ന് പലതവണ വിദ്യാർഥികളോട് പറഞ്ഞിരുന്നു എന്നും അവർ മുടി മുറിക്കാൻ തയാറാവാതിരുന്നതിനാലാണ് തനിക്ക് മുടി മുറിക്കേണ്ടിവന്നതെന്നുമാണ് അധ്യാപിക നൽകിയ വിശദീകരണം. ചെയ്ത കാര്യം തെറ്റായി തോന്നിയിട്ടില്ലെന്നും അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: