ന്യൂദല്‍ഹി: ഖാദിയുടെ വില്പന ആദ്യമായി ഒന്നര ലക്ഷം കോടി രൂപ കടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന് കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാദിയുടെ വില്പനയില് 400 ശതമാനം വര്‍ധനവാണുണ്ടായതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുമ്പൊരിക്കലും ഖാദി ഉല്പന്നങ്ങള് ഉപയോഗിക്കാത്ത നിരവധി പേര് ഇന്ന് അഭിമാനത്തോടെ ഖാദി ധരിക്കുന്നു. ഖാദിയുടെയും കൈത്തറി ഉല്പന്നങ്ങളുടെയും വര്‍ധിച്ചുവരുന്ന വില്പന കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. സ്ത്രീകള്‍ക്കാണ് ഇതുകൊണ്ട് കൂടുതല്‍ പ്രയോജനം ലഭിക്കുന്നത്. ഇതുവരെ ഖാദിവസ്ത്രങ്ങള്‍ വാങ്ങിയിട്ടില്ലെങ്കില്‍, ഈ വര്‍ഷം ആഗസ്ത് മുതല്‍ അത് ആരംഭിക്കണം. ഇത് സ്വാതന്ത്ര്യത്തിന്റെ മാസമാണ്. ഖാദി വാങ്ങാന്‍ ഇതിലും നല്ല അവസരം ഇല്ല. ആഗസ്ത് ഏഴിന് ദേശീയ കൈത്തറിദിനം ആഘോഷിക്കുകയാണ്. കൈത്തറി കരകൗശല വിദഗ്ധരുടെ ഉത്പന്നങ്ങള്‍ രാജ്യത്തിന്റെ എല്ലാ കോണിലും ദൃശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഗസ്ത് 15ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഹര് ഘര്‍ തിരംഗ അഭിയാന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ത്രിവര്‍ണപതാകയുയര്‍ത്തി എല്ലാവര്ക്കും അഭിമാനിക്കാം. ഹര് ഘര്‍ തിരംഗ അഭിയാന് – ത്രിവര്‍ണ പതാകയുടെ പ്രൗഢിയില്‍ ഒരു അതുല്യമായ ഉത്സവം സൃഷ്ടിച്ചു. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ത്രിവര്‍ണപതാകയ്ക്കൊപ്പമുള്ള സെല്‍ഫികള്‍ അപ്ലോഡ് ചെയ്യണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ലോകത്തിലെ കടുവകളില്‍ 70 ശതമാനവും ഭാരതത്തിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കടുവകളുടെ സംരക്ഷണത്തിന് പൊതുജനപങ്കാളിത്തം വളരെയധികം സഹായിക്കുന്നു. രാജ്യത്ത് ഓരോ വര്‍ഷവും കടുവകളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്മയ്ക്ക് ഒരു മരം കാമ്പയിന്റെ ഭാഗമാകാനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന് മാനസ്
ന്യൂദല്‍ഹി: മയക്കുമരുന്നിന് ഇരയാകുന്ന കുട്ടികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച മാനസ് കേന്ദ്രത്തെക്കുറിച്ച് മന് കി ബാത്തില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിലെ വലിയൊരു ചുവടുവയ്പാണിത്. മാനസ് എന്ന ഹെല്പ്ലൈനും പോര്‍ട്ടലും ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ആരംഭിച്ചത്.
1933 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ ആവശ്യമായ ഉപദേശം അല്ലെങ്കില്‍ പുനരധിവാസവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും. മാനസുമായി പങ്കിടുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഭാരതത്തെ മയക്കുമരുന്ന് വിമുക്തമാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ജനങ്ങളോടും കുടുംബങ്ങളോടും സംഘടനകളോടും മാനസ് ഹെല്പ്ലൈന് പരമാവധി ഉപയോഗപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: