മോദി സര്‍ക്കാരിന്റെ മൂന്നാമൂഴത്തിലെ പ്രഥമ ബജറ്റ് നിരവധി സവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ്. തുടര്‍ച്ചയായി മൂന്ന് തവണ ഭാരതം ഭരിക്കാനവസരം ലഭിച്ച കോണ്‍ഗ്രസിതര സര്‍ക്കാരിന്റെ ഒന്നാമത്തെ സമ്പൂര്‍ണ ബജറ്റാണിത് എന്നതാണ് ഒന്നാമത്തെ പ്രത്യേകത. അറുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് അങ്ങനെ സംഭവിക്കുന്നത്. അത് അവതരിപ്പിക്കുന്നത്, ഏഴാം തവണയും തുടര്‍ച്ചയായി കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച ഒരു വനിതാ ധനമന്ത്രിയും. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ സര്‍വകാല റെക്കാര്‍ഡാണ് നിര്‍മ്മലാ സീതാരാമന് ഈ ബജറ്റിലൂടെ തിരുത്തിയത്. മുന്‍ സര്‍ക്കാരില്‍ തുടര്‍ച്ചയായി ആറ് തവണ ബജറ്റ് അവതരിപ്പിച്ച് ചരിത്രം കുറിച്ച വനിതാ കേന്ദ്ര മന്ത്രിയാണ് നിര്‍മ്മലാ സീതാരാമന്. പതിനെട്ടാം ലോക്സഭയിലെ ആദ്യ ബജറ്റാണിത്. ഭാരതീയ പാരമ്പര്യമനുസരിച്ച് പതിനെട്ട് എന്ന സംഖ്യക്ക് ഏറെ പ്രാധാന്യമുണ്ട്. അഷ്ടദശാധ്യായനിയായ ഭഗവദ്ഗീതയില്‍ പതിനെട്ടദ്ധ്യായങ്ങളിലായി എഴുനൂറ് ശ്ലോകങ്ങളാണുള്ളത്. പതിനെട്ട് പുരാണങ്ങളും ഉപപുരാണങ്ങളും ഭാരതീയര്‍ക്ക് ഏറെ പ്രധാനപ്പെട്ടവയാണ്. പതിനെട്ട് വയസ്സില്‍ വോട്ടവകാശം ലഭിച്ച പുതിയ വോട്ടര്‍മാര്‍ വലിയ തോതില്‍ വോട്ടവകാശം നിര്‍വഹിച്ചാണ് പതിനെട്ടാം ലോക്സഭയിലേയ്ക്ക് ദേശീയ ജനാധിപത്യ മുന്നണിയിലെ അംഗങ്ങളെ വിജയിപ്പിച്ചത്. 2014 ലാണ് ആദ്യമായി നിര്‍മ്മല സീതാരാമന് കേന്ദ്ര മന്ത്രിസഭയില്‍ വ്യവസായ വാണിജ്യ വകുപ്പില്‍ കാബിനറ്റ് മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 2017 ല്‍ കേന്ദ്രപ്രതിരോധമന്ത്രിയായി. അതിന് ശേഷമാണ് ഭാരതത്തിലെ ആദ്യത്തെ പൂര്‍ണ ചുമതലയുള്ള വനിതാ ധനമന്ത്രിയായി അവര്‍ ചരിത്രത്തില്‍ ഇടം പിടിക്കുന്നത്.
വികസനത്തിന്റെ ഒരു ദശാബ്ദം ഭാരതത്തിന് സമ്മാനിച്ച മോദിസര്‍ക്കാരിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് ധനമന്ത്രിയുടെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഭാരതത്തിന് കരുത്തോടെ മുന്നോട്ട് കുതിക്കാനുള്ള ഒട്ടനവധി നിര്‍ദ്ദേശങ്ങളാണ് ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാവങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും , കര്‍ഷകര്‍ക്കും പ്രാധാന്യം കൊടുക്കുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ വികസിത ഭാരതത്തിനനുകൂലമായ ഒമ്പത് കാര്യങ്ങളിലൂന്നിയ സാമ്പത്തിക നിര്‍ദ്ദേശങ്ങളാണ് ഉള്‍പ്പെടുത്തിയത്. മൂലധന നിക്ഷേപത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും കാര്‍ഷിക- വ്യാവസായിക ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ധനക്കമ്മി നിയന്ത്രിക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുത്തിരിക്കുന്നത്. തൊഴില്‍ രംഗത്തെ സ്ത്രീസാന്നിധ്യം ഉറപ്പാക്കാന്‍ സ്ത്രീ സൗഹൃദമായ പദ്ധതികള്‍ക്ക് ബജറ്റില്‍ നിര്‍ദ്ദേശങ്ങളുണ്ട്. വനിതാ വികസനത്തിനായി പ്രത്യേക പദ്ധതികള്‍ ബജറ്റ് വിഭാവനം ചെയ്യുന്നു. ചെറുകിട ഇടത്തരം വ്യവസായങ്ങളില്‍ ഡിജിറ്റല്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും, പൈതൃക തീര്‍ത്ഥാടന വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കാനും ബജറ്റില്‍ നിര്‍ദ്ദേശങ്ങളുണ്ട്. സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം സാമൂഹ്യക്ഷേമ പദ്ധതിക്കും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും നൈപുണ്യം വര്‍ദ്ധിപ്പിക്കാനുമുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ കരകയറ്റിയ 25 കോടി ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനും അവരുടെ ജീവിതനിലവാരം ഉയര്‍ത്താനുമുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ പുതുതായി വളര്‍ന്നു വരുന്ന മേഖലകളായ നിര്‍മ്മിതബുദ്ധിയടക്കമുള്ള നൂതന സാങ്കേതിക വിദ്യയുടെ വികസനത്തിനും, ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ സഹായകമായ പുനരുപയോഗ സൗരോര്‍ജ്ജ ഉത്പാദന കാര്യത്തിലും, പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനുതകുന്ന പദ്ധതികളുടെ കാര്യത്തിലും സര്‍ക്കാര്‍ പ്രത്യേകമായി ഊന്നല്‍ കൊടുത്തതായി കാണാം. ഭാരതത്തിന്റെ അഭിമാനമായ സ്പേസ് സെക്ടറിനും അര്‍ഹമായ പ്രാധാന്യം ബജറ്റ് നല്കിയിരിക്കുന്നു. കര്‍ഷകര്‍ക്കും വനിതകള്‍ക്കും യുവാക്കാള്‍ക്കും ഭാരതത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള കര്‍ഷകസൗഹൃദമായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിക്ക് ബജറ്റ് ഊന്നല്‍ നല്കുന്നു. ഇത് ഗ്രാമീണ സമൂഹങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിലും കാര്‍ഷിക ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഉപകരിക്കും. പന്ത്രണ്ട് കോടിയോളം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്ന ഈ പദ്ധതി മോദി സര്‍ക്കാരിന്റെ കര്‍ഷകര്‍ക്കുള്ള സമ്മാനമാണ്. ഇത് അവരുടെ കാര്‍ഷിക ഉത്പാദന ക്ഷമതയും സാമ്പത്തിക സുസ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നു. സര്‍വതല സ്പര്‍ശിയായ ബജറ്റ് കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്കുന്നു. 1.52 ലക്ഷം കോടി രൂപയാണ് കാര്‍ഷിക ഉത്പാദന വര്‍ധനവിനും, ഗവേഷണത്തിനും കാര്‍ഷിക പരിശീലന പരിപാടികള്‍ക്കുമായി നീക്കി വെച്ചിരിക്കുന്നത്. കാര്‍ഷികോത്പന്നങ്ങളുടെ താങ്ങ് വില 50 ശതമാനം ഉയര്‍ത്തിയത് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. പ്രകൃതികൃഷിയുടെ പ്രോത്സാഹനം ഈ ബജറ്റിന്റെ പ്രത്യേകതയാണ്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊപ്പം തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യാന്‍ സാധ്യതകള്‍ ഏറെയുള്ള സ്വകാര്യ മേഖലയേയും, വികസന സാധ്യതയേറെയുള്ള സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. സ്വകാര്യ നിക്ഷേപങ്ങള്‍ തൊഴിലവസരങ്ങള്‍ കൂടുതല്‍ പ്രദാനം ചെയ്യാന്‍ കെല്‍പ്പുള്ള മേഖലകളെ പ്രോത്സാഹിപ്പിക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയത് ഏറെ സ്വാഗതാര്‍ഹമാണ്. കെട്ടിട നിര്‍മ്മാണ രംഗം തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ വളരെ മുന്നിലാണ്. തൊഴില്‍ മേഖലയില്‍ കൈനിറയെ പദ്ധതികളാണ് നിര്‍മ്മലാ സീതാരാമന് പ്രഖ്യാപിച്ചിരിക്കുന്നത്. നികുതിദായക സൗഹൃദമായ ഒരു നികുതി സംവിധാനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മദ്ധ്യവര്‍ഗ്ഗത്തിന്റെ ആഗ്രഹം പോലെ നികുതി നിരക്കിലെ കാലോചിത പരിഷ്ക്കാരവും സുഗമമായ സംവിധാനവും നടപ്പിലാക്കാന്‍ നിര്‍മ്മലാ സീതാരാമന് ഈ ബജറ്റില്‍ ശ്രമിച്ചിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിഡകഷന്‍ 75000 രൂപയായി വര്‍ദ്ധിപ്പിച്ചത് ആശ്വാസകരമാണ്. മൂന്ന് ലക്ഷം രൂപ വരെയുള്ളവരെ നികുതിയില്‍ നിന്നും ഒഴിവാക്കിയതും ആശ്വാസകരം തന്നെ. സ്വര്‍ണം, മൊബൈല്‍ ഫോണ്‍ എന്നിവയുടെ പരോക്ഷ നികുതിയില്‍ നല്കിയ ഇളവ് മാര്‍ക്കറ്റില്‍ ചലനമുണ്ടാക്കുന്നതാണ്. പണപ്പെരുപ്പം നിയന്ത്രിക്കാനും സാധാരണക്കാരുടെ ഉപഭോക്തൃ തൃഷ്ണ വര്‍ദ്ധിപ്പിക്കാനും ആഭ്യന്തര വരുമാനം വര്‍ദ്ധിപ്പിക്കനും ബജറ്റില്‍ നിര്‍ദ്ദേശങ്ങളുണ്ട്.
വളര്‍ച്ചയെ സഹായിക്കാനും ധനക്കമ്മി നിയന്ത്രിക്കാനും നിര്‍മ്മലാ സീതാരാമന് ശ്രമിച്ചിട്ടുണ്ട്. ഗ്രാമീണ രംഗത്ത് പുത്തന്‍ ഉണര്‍വ് കൊണ്ടുവരാനും, അവിടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താനും കര്‍ഷകരുടെ വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവ് വരുത്താനുമുള്ള ആത്മാര്‍ത്ഥ ശ്രമം ധനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.
കുതിപ്പിന് കരുത്തു പകരുന്ന ബജറ്റ് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷകള്‍ക്കൊപ്പം വളര്‍ച്ചാനിരക്ക് വര്‍ദ്ധിപ്പിക്കാനും ധനക്കമ്മി അഞ്ച് ശതമാനമായി കുറച്ചു കൊണ്ടുവരാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിജയം വരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ധനമന്ത്രി. സാമ്പത്തിക സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഒട്ടനവധി നിര്‍ദ്ദേശങ്ങളുമായാണ് നിര്‍മ്മലാ സീതാരാമന് തുടര്‍ച്ചയായി ഏഴാം തവണയും ബജറ്റവതരിപ്പിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഇത്തവണ കേന്ദ്ര സര്‍ക്കാരിന് നല്കിയ 2.11 ലക്ഷം കോടി രൂപയുടെ ഡിവിഡന്റ് തുക ധനക്കമ്മി കുറയ്ക്കാനും സാമൂഹ്യ പദ്ധതികള്‍ നടപ്പിലാക്കാനും സര്‍ക്കാരിന് കരുത്തു പകരുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക നടപടികളുടെ ഭാഗമായി വര്‍ദ്ധിച്ച ജിഎസ്ടി ഉള്‍പ്പെടെയുള്ള പ്രത്യക്ഷ-പരോക്ഷ നികുതികളുടെ അഭൂതപൂര്‍വമായ വര്‍ദ്ധനവും കേന്ദ്രസര്‍ക്കാരിനെ സാമ്പത്തികമായി ഏറെ ശക്തമാക്കി എന്നതും എടുത്തു പറയാവുന്ന നേട്ടമാണ്.കൂടുതല്‍ വികസന പദ്ധതികളുമായി മുന്നോട്ട് പോകാന്‍ ഇത് ധനമന്ത്രിക്ക് കരുത്തു പകരും. സാമൂഹ്യക്ഷേമ പദ്ധതി വിഹിതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ തുടര്‍ന്നും നിക്ഷേപിക്കാനും അത്യാവശ്യ വസ്തുക്കള്‍ വാങ്ങിക്കാന്‍ അത് പ്രയോജനപ്പെടുത്താനും അതുവഴി ഗ്രാമീണ ജനങ്ങളുടെ ക്രയവിക്രയ ശേഷി വര്‍ദ്ധിപ്പിക്കാനും, അവരെ നികുതി സൗഹൃദമായി നിലനിര്‍ത്താനും സര്‍ക്കാര്‍ തുടര്‍ന്നും ശ്രമിക്കുന്നതാണ്. ഇതിനനുയോജ്യമായ സാമ്പത്തിക നിര്‍ദ്ദേശങ്ങളാണ് നിര്‍മ്മലാ സീതാരാമന് തന്റെ ചരിത്രപ്രസിദ്ധമായ ബജറ്റ് പ്രസംഗത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
തൊഴില്‍ മേഖലയില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റ് ഗ്രാമീണ വികസനത്തിന് ഏറെ പദ്ധതികളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗ്രാമീണ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുതകുന്ന വികസന പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത് അത്യാവശ്യമാണ്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയാനും പണപ്പെരുപ്പം നിയന്ത്രിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിക്കും, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്കുമാണ് കേന്ദ്ര ധനമന്ത്രി ഈ പ്രാവശ്യം പ്രാധാന്യം കൊടുത്തത് എന്നതും ശ്രദ്ധേയമാണ്. മോദിയുടെ മൂന്നാമൂഴത്തിലെ ആദ്യ കാബിനറ്റ് തീരുമാനം മുപ്പത് ദശലക്ഷം പേര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് വെച്ചുകൊടുക്കാനുള്ളതായിരുന്നു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മൂന്നു കോടി വീടുകള്‍ നിര്‍മ്മിക്കാനും, ഒരു കോടി വീടുകളെ സോളാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുമുള്ള നിര്‍ദ്ദേശങ്ങള്‍ ഏറെ സ്വാഗതാര്‍ഹമാണ് മെയ്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, നൈപുണ്യവികസനം എന്നു തുടങ്ങി ആത്മനിര്‍ഭര ഭാരതം വരെയുള്ള പോയകാല പദ്ധതികളുടെ കരുത്ത് ഈ ബജറ്റില്‍ പ്രതിഫലിക്കുന്നതായി കാണാവുന്നതാണ്. വ്യവസായങ്ങള്‍ക്ക് കൊടുത്ത പ്രത്യേക ഊന്നല്‍ ഉത്പാദന വര്‍ദ്ധനവിനെയും തൊഴിലവസര വര്‍ദ്ധനവിനെയും സഹായിക്കുന്നതാണ്.
കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി മോദി സര്‍ക്കാര്‍ കെട്ടിപ്പടുത്ത സാമ്പത്തിക സുസ്ഥിതിക്ക് കരുത്തു പകരുന്നതാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍. പണപ്പെരുപ്പം നിയന്ത്രിച്ചും വളര്‍ച്ചാവേഗം ത്വരിതപ്പെടുത്തിയും സര്‍ക്കാരിന്റെ ലക്ഷ്യമായ 4.5 എന്ന ധനക്കമ്മിയിലേയ്ക്ക് സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കാനും ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയായി വികസിത ഭാരതത്തെ മാറ്റാനുമാണ് ബജറ്റു നിര്‍ദ്ദേശങ്ങള്‍ ലക്ഷ്യമിടുന്നത്. വരുന്ന അഞ്ചുവര്‍ഷക്കാലം ഭരണമികവിലും, വികസനത്തിലും പ്രവര്‍ത്തന ക്ഷമതയിലും സമാനതകളില്ലാത്ത സ്ഥിതിയിലേയ്ക്ക് ഭാരതത്തെ ഉയര്‍ത്താന്‍ ധനമന്തിയുടെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സഹായിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: