പാരീസ്: ഒളിംപിക്സ് ഷൂട്ടിങ്ങില്‍ 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഭാരതത്തിന് മെഡല്‍ സമ്മാനിച്ച് മനു ഭാകര്‍. 2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ പുരുഷന്മാരുടെ 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റളില്‍ വിജയകുമാറാണ് അവസാനമായി ഭാരതത്തിനായി ഷൂട്ടിങ് റേഞ്ചില്‍ നിന്ന് മെഡല്‍ നേടിയത്. വെള്ളി മെഡലായിരുന്നു വിജയകുമാര്‍ വെടിവച്ചിട്ടത്. അതിന് മുന്‍പ് അതേ ഒളിംപിക്സില്‍ ഗഗന് നാരംഗ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലവും നേടിയിരുന്നു. പിന്നീട് ഷൂട്ടിങ് ഒളിംപിക്സ് മെഡലിനായി കാത്തിരിപ്പായിരുന്നു. അതാണ് ഇത്തവണ മനു ഭാകറിലൂടെ സ്വന്തമായത്.
കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിലും മനു ഭാരതത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു. എന്നാല്‍ തോക്കിന് സംഭവിച്ച യന്ത്രത്തകരാര്‍ താരത്തിന്റെ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി. നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ചരിത്ര മെഡല്‍ സ്വന്തമാക്കി മനു ഭാകര്‍ തന്റെ സങ്കടക്കടല്‍ മുഴുവന്‍ തൂത്തെറിഞ്ഞു.
തോല്‍വിയില്‍ പതറാതെ പൊരുതി വിജയിക്കാനുള്ള ആര്‍ജവവും ഇച്ഛാശക്തിയും പ്രകടിപ്പിച്ചതിന്റെ നേട്ടമാണ് പാരീസിലെ ഷൂട്ടിങ് റേഞ്ചില്‍ മനു നടത്തിയത്. അതിന്റെ പ്രതിഫലനമാണ് പൊന്നിന് തിളക്കമുള്ള ഈ വെങ്കലം.
ഒളിംപിക്സ് മെഡല്‍ നാളിതുവരെ മനുവിന് കിട്ടാക്കനിയായിരുന്നെങ്കിലും ഐഎസ്എസ്എഫ് ലോകകപ്പിലും ലോക ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലുമായി മനു ഭാകര്‍ എന്ന 22കാരി നേടിയെടുത്തത് നിരവധി സ്വര്‍ണ മെഡലുകളാണ്.
ഹരിയാനയിലെ ഝജാര്‍ ജില്ലയിലെ ഗോറിയ ഗ്രാമത്തില്‍ ജനിച്ച മനു ഭാക്കര്‍ ഷൂട്ടിങ്ങില്‍ ജൂനിയര്‍, സീനിയര്‍ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2017 ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലോടെയാണ് തുടക്കം. 2017 നാഷണല്‍ ഗെയിംസില്‍ ഒമ്പത് സ്വര്‍ണമെഡലും നേടി. 2018-ല്‍ ഐഎസ്എസ്എഫ് ലോകകപ്പില്‍ രണ്ട് സ്വര്‍ണം നേടിയ മനു ഭാകര്‍ ലോകത്തിലെ സൂപ്പര്‍ ഷൂട്ടര്‍മാരെ അമ്പരിപ്പിച്ചു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗത്തിലും മിക്സഡ് ടീം ഇനത്തിലും സ്വര്‍ണം നേടിയാണ് മനു എതിരാളികളെ മറികടന്നത്. ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ താരത്തിന്റെ പ്രായം വെറും 16 വയസ്സ് മാത്രമായിരുന്നു. ഇതോടെ മനു ലോകകപ്പില്‍ സ്വര്‍ണം നേടുന്ന പ്രായം കുറഞ്ഞ ഭാരത താരവുമായി. അതേ വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസിലും ഐഎസ്എസ്എഫ് ജൂനിയര്‍ ലോകകപ്പിലും സ്വര്‍ണം നേടി.
2018 യൂത്ത് ഒളിംപിക്സില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടി മനു പുതുചരിത്രമെഴുതി. ഭാരതത്തിനയി യൂത്ത് ഒളിംപിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടമാണ് മനു സ്വന്തമാക്കിയത്. പിന്നാലെ 2019 ഐഎസ്എസ്എഫ് ലോകകപ്പിലും ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ എയര്‍ ഗണ്‍ ചാമ്പ്യന്‍ഷിപ്പിലും 2021ലെ ഐഎസ്എസ്എഫ് ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പിലും 2018ലെ ഐഎസ്എസ്എഫ് ജൂനിയര്‍ ലോക കപ്പിലും 2021ലെ ലോക യൂണിവേഴ്സിറ്റി ഗെയിംസിലുമടക്കം നിരവധി സ്വര്‍ണം-വെള്ളി-വങ്കല മെഡലുകള്‍ ഈ 22 കാരി സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഹാങ്ഛൊ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇഷ സിങ്, റിഥം സാങ്വാന് എന്നിവര്‍ക്കൊപ്പവും മനു ഭാകര്‍ പൊന്നണിഞ്ഞിരുന്നു. ഇപ്പോഴിതാ ഒളിംപിക്സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഭാരത വനിതയെന്ന ചരിത്ര നേട്ടത്തോടെ മനു തന്റെ മെഡല്‍ ശേഖരത്തിലേക്ക് ഒരെണഅണം കൂടി ചേര്‍ത്തിരിക്കുന്നു.
മെര്‍ച്ചന്റ് നേവിയില്‍ ചീഫ് എഞ്ചിനീയറായ രാം കിഷന് ഭാകറും സ്കൂള്‍ അധ്യാപികയായ സുമേധയുമാണ് മാതാപിതാക്കള്‍. ഗോറിയ ഗ്രാമത്തില്‍ പഠിച്ചുവളര്‍ന്ന മനു ചെറുപ്പത്തിലേ കായികമേഖലയില്‍ ചുവടുവെച്ചിരുന്നു. ക്രിക്കറ്റിലും ബോക്സിങ്ങിലും വോളിബോളിലുമെല്ലാം ചെറു ക്ലാസില്‍ തന്നെ പങ്കെടുത്തുതൂടങ്ങി. അതിനിടെ അപ്രതീക്ഷിതമായാണ് ഷൂട്ടിങ് മനു ഭാകറിന്റെ മനസ്സില്‍ ആഴത്തില്‍ പതിയുന്നത്. പിന്നീട് ഷൂ്ട്ടിങ്ങിനോടുള്ള ഇഷ്ടം ഈ ഹരിയാനക്കാരിക്ക് അടങ്ങാത്ത ആവേശത്തിനപ്പുറം യാത്രയും ലക്ഷ്യവുമായി, പിഴയ്ക്കാത്ത ഉന്നത്തിലേക്കുമെത്തി.
സ്കൂളിലെ ഷൂട്ടിങ് റേഞ്ചില്‍നിന്ന് തമാശയ്്ക്ക് വെടിയുതിര്‍ത്ത് തുടങ്ങിയതാണ് ഭാകര്‍. വെറുതെ ഉന്നംവെച്ച് തുടങ്ങിയപ്പോള്‍ 7.5 പോയന്റ് സ്വന്തമാക്കി. അതോടെ പരിശീലകന് ഞെട്ടി. സാധാരണഗതിയില്‍ ആറുമാസത്തെ പരിശീലനത്തിന് ശേഷം മാത്രമേ ഇത്രയും പോയന്റ് താരങ്ങള്‍ നേടാറുള്ളൂ. ഷൂട്ടിങ്ങിലേക്ക് ചുവടുവെക്കാന്‍ തീരുമാനിച്ച മനു പിതാവിനോടും മാതാവിനോടും ഇക്കാര്യം അറിയിച്ചു. കുടുംബം ആ തീരുമാനത്തിനൊപ്പം നിന്നു. എല്ലാ പിന്തുണയും നല്കി അച്ഛന് മനുവിനെ ചേര്‍ത്തുപിടിച്ചു. അതോടെ ഒരു പുതിയ ലോക ചാമ്പ്യന്‍ ഉദയം ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: