ഭക്ഷണ ശീലവും ജീവിത വിജയവും തമ്മില്‍ നേരിട്ടുള്ള ഏതെങ്കിലും ബന്ധമുണ്ടോ? ഏറെ സങ്കീര്‍ണമായ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിന് ഏറ്റവും കാലികവും പ്രസക്തവുമായ ഒരു പരീക്ഷണം നടന്നത് ഭാരതത്തിലാണ്. ആ പരീക്ഷണമാകട്ടെ, തന്റെ ജീവിതത്തെ തന്നെ സത്യാന്വേഷണത്തിനുള്ള പരീക്ഷയാക്കി മാറ്റിയ ഗാന്ധിജിയുടെ നേതൃത്വത്തിലാണ് നടന്നത്. മാംസം കഴിക്കുന്നത് കൊണ്ടാണ് ഇംഗ്ലീഷുകാര്‍ക്ക് ഭാരതം കീഴടക്കാന്‍ കഴിഞ്ഞതെന്ന് ചെറുപ്പത്തില്‍ അദ്ദേഹം വിശ്വസിച്ചിരുന്നു. ശക്തനാകണമെങ്കില്‍, മാംസം കഴിക്കേണ്ടിവരുമെന്ന് അദ്ദേഹം അക്കാലങ്ങളില്‍ വിശ്വസിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് അദ്ദേഹം തന്റെ ഈ വീക്ഷണം അമ്പേ തെറ്റായിരുന്നുവെന്ന് കണ്ടെത്തുന്നുണ്ട്. ലണ്ടനില്‍ നിയമപഠനം ആരംഭിക്കാന്‍ പോകും മുന്‍പ് ‘മദ്യവും മാംസവും’ തൊടില്ലെന്ന് ഗാന്ധിജി അമ്മയോട് വാഗ്ദാനം ചെയ്യുന്നു. വനവാസം സ്വീകരിക്കുന്ന ശ്രീരാമന് തന്റെ അമ്മയ്ക്ക് കൊടുത്ത വാക്കും മറ്റൊന്നായിരുന്നില്ലെന്ന് കൗതുകത്തോടെ ഓര്‍ക്കാം. അനിവാര്യമായ വിധിക്കു കീഴടങ്ങുന്ന ഒരുവന്, ക്ഷമാപൂര്‍വമുള്ള കാത്തിരിപ്പിനൊടുവില്‍ ജയിക്കാനുള്ള ശക്തി പ്രദാനം ചെയ്യുന്ന ഒന്നാണ് സസ്യാഹാരം എന്നാണോ ഈ സൂചനകളുടെ അന്തരാര്‍ത്ഥം? ബുദ്ധിയുടെ കാര്യത്തിലും സ്വസ്ഥമായ മാനസികാവസ്ഥയുടെ കാര്യത്തിലും സസ്യഭുക്കുകള്‍ തന്നെയാണ് മുന്‍നിരയില്‍ എന്നത് അവഗണിക്കാവുന്ന കാര്യമല്ല. പൈതഗോറസ്. ഡയോജനിസ്, പ്ലേറ്റോ, സോക്രട്ടീസ്, ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്, ഷെല്ലി, ബയ്റണ്‍, ഡാവിഞ്ചി, ടോള്‍സ്റ്റോയി, ഷേക്സ്പിയര്, ആല്‍ബര്‍ട്ട് ഐന്സ്റ്റീന്, ബര്‍ണാഡ് ഷാ. ഗാന്ധിജി, ടോള്‍സ്റ്റോയി, ന്യൂട്ടണ്‍, എ.പി.ജെ അബ്ദുള്‍ കലാം മുതലായ പ്രതിഭാശാലികള്‍ എല്ലാം സസ്യഭുക്കുകളായിരുന്നു. ലോകത്തിന്റെ മുഴുവന്‍ ശാപമേറ്റുവാങ്ങിയ ഹിറ്റ്ലറും മുസോളിനിയും തിരിച്ചും.
പക്ഷിക്കുഞ്ഞുങ്ങളുടെ, പ്രത്യേകിച്ചു പ്രാവിന് കുഞ്ഞുങ്ങളുടെ മാംസം ഹിറ്റ്ലറുടെ ഇഷ്ടവിഭവമായിരുന്നു എന്നത് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിറ്റ്ലറുടെ രണ്ട് ജീവചരിത്രകാരന്മാര് – ആല്‍ബര്‍ട്ട് സ്പിയറും റോബര്‍ട്ട് പെയിനും- പ്രാവിന് മാംസം ഹിറ്റ്ലര്‍ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്ന് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ പാചകക്കാരന്, ഡിയോണ്‍ ലൂക്കാസ്, 1964-ല്‍ ‘ദി ഗോര്‍മെറ്റ് സ്കൂള്‍ ഓഫ് കുക്കിംഗ് ബുക്ക്’ എന്ന പേരില്‍ എഴുതിയ പുസ്തകത്തില്‍ ഹിറ്റ്ലറുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളേയും പരാമര്‍ശിക്കുന്നുണ്ട്. അതെല്ലാം മാംസത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു എന്നുകാണാം. രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പുള്ള അദ്ദേഹത്തിന്റെ ഭക്ഷണ ശീലങ്ങളെക്കുറിച്ചുള്ള ചില വിവരണങ്ങള്‍ സൂചിപ്പിക്കുന്നത് 1937-ന്റെ അവസാനം വരെ അദ്ദേഹം മാംസം കഴിച്ചിരുന്നുവെന്നാണ്.
ആഹാരശീലവും ജീവിതവിജയവും തമ്മിലുള്ള നാഭീനാള ബന്ധത്തിന് അവിതര്‍ക്കിതമായ സാക്ഷ്യങ്ങള്‍ മുന്നിലുണ്ടെന്നിരിക്കെ കലാമണ്ഡലത്തില്‍ മാംസാഹാരം വിളമ്പാനുള്ള തീരുമാനം ഏതുരീതിയിലാണ് വായിക്കപ്പെടേണ്ടത്? പാശ്ചാത്യനാടുകളില്‍ സ്കൂളുകളില്‍ പോലും തോക്കുമായെത്തി സഹപാഠികളെയും അധ്യാപകരെയും വെടിവെച്ചു രസിക്കും വരെ വളര്‍ന്ന കൗമാരക്കാരുടെ അസഹിഷ്ണുതയ്ക്ക് മാംസാഹാരത്തിന്റെ വര്‍ധിച്ച വ്യാപനം ഒരു പ്രധാന കാരണമാണെന്ന് ഔദ്യോഗികമായി തന്നെ നിരീക്ഷിക്കപ്പെട്ടിരിക്കെ, നമ്മുടെ കലാമണ്ഡലത്തില്‍ മാംസാഹാരം ഇവിധം അനുവദിക്കപ്പെടുമ്പോള്‍ അതിലെ യുക്തിരാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?
മനുഷ്യന്റെ സംവേദനക്ഷമതയുടെ മൂര്‍ത്തരൂപമാണ് കല. കലാപരമായ ആവിഷ്കാരങ്ങളാല്‍ സമൃദ്ധമായ ഒരു ഭൂതകാലം ഭാരതത്തിനുണ്ട്. മുഗള്‍, ബ്രിട്ടീഷ് കാലങ്ങള്‍ക്ക് മുന്‍പ് സാസ്കാരികമായി അറുത്തുമുറിക്കത്തക്കവണ്ണം ഒരു പരിവര്‍ത്തനം ഉണ്ടായില്ല എന്നതുകൊണ്ടാണ് ക്ലാസ്സിക്കല്‍ കലകളുടെ കേദാരമായി ഭാരതം വളര്‍ച്ച പ്രാപിച്ചത്. എന്നാല്‍ അധിനിവേശാനന്തരം ക്ലാസ്സിക്കല്‍ കലകളുടെ വളര്‍ച്ച മന്ദീഭവിക്കുകയും, ജനസാമാന്യങ്ങള്‍ക്ക് അപ്രാപ്യമാകും വിധം ചില പോക്കറ്റുകളില്‍ മാത്രമായി ക്ലാസ്സിക്കല്‍ കലകള്‍ ഒതുങ്ങുകയും ചെയ്തു. അതിനെ തുടര്‍ന്ന് കേരളത്തിന്റെ ക്ലാസ്സിക്കല്‍ കലാ പാരമ്പര്യത്തെ പോഷിപ്പിക്കാനായി സ്ഥാപിക്കപ്പെട്ട കലാമണ്ഡലത്തില്‍, ഇപ്പോള്‍ ചരിത്രത്തിലാദ്യമായി മാംസാഹാരം വിളമ്പുമ്പോള്‍ മുന്‍പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത സാംസ്കാരികമായ അറുത്തുമുറിക്കല്‍ തന്നെയാണ് സംഭവിക്കുന്നത്. ക്ലാസിക്കല്‍ കലകളുടെ പരിശീലനത്തില്‍ മാംസാഹാരം ദോഷം ചെയ്യുമെന്ന് മുന്‍ രജിസ്ട്രാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. 1930 ല്‍ സ്ഥാപിതമായ കലാമണ്ഡലത്തില്‍ ഗുരുകുലസമ്പ്രദായത്തിലുള്ള പഠനപരിശീലനങ്ങളുടെ ഭാഗമായാണ് മാംസാഹാരം വിലക്കിയിരുന്നതെന്ന് അദ്ദേഹം പറയുന്നു.
സകലതും മനുഷ്യന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും, മനുഷ്യനൊഴികെ മറ്റൊന്നിനും ആത്മാവില്ല എന്നുമുള്ളത് തികഞ്ഞ പാശ്ചാത്യ മതവീക്ഷണമാണ്. ഭാരതം പരിചയപ്പെടുത്തിയ വൈദിക പാരമ്പര്യത്തിന്റെ കാഴ്ചപ്പാടിന് നേരെ വിരുദ്ധമായ ഈ വീക്ഷണം, സനാതനമായ ഭാരതീയ കലകള്‍ക്ക് മാത്രമായി സമര്‍പ്പിക്കപ്പെട്ട കലാമണ്ഡലത്തില്‍ നടപ്പിലാക്കപ്പെടുമ്പോള്‍ അതിന്റെ യുക്തിരാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. കാരണം ഭാരതീയ കല മനുഷ്യന്റെ സര്‍വതോമുഖമായ ഉത്കര്ഷത്തോടാണ് ഐക്യപ്പെട്ടത്. പക്ഷേ, മനുഷ്യന്റെ മാത്രം ക്ഷേമമല്ല, മറിച്ച് പ്രപഞ്ചത്തിലെ സകലതിനോടുമുള്ള സഹവര്‍ത്തിത്വത്തിലാണ് അതിന്റെ വേരുകള്‍. ‘വസുധൈവ കുടുംബകം’ എന്നതാണ് ആ ദര്‍ശനത്തിന്റെ കാതല്‍. ഭാരതീയമായ കലാപാരമ്പര്യങ്ങള്‍ സര്‍വാശ്ലേഷിയായി തീര്‍ന്നത് അതിന്റെ മൗലികമായ സിദ്ധാന്തങ്ങള്‍ക്ക് സനാതനത്വവുമായുള്ള ഗാഢബന്ധത്താലാണ്. കഥകളിയും മറ്റു ഭാരതീയ കലാപാരമ്പര്യങ്ങളും ആ ആര്‍ഷദര്‍ശനത്തിന്റെ കാതലില്‍ നിന്നുതന്നെയാണ് ഉരുവായതും. പ്രാണന് അല്‍പ്പാല്‍പ്പമായി പറിഞ്ഞു പോകുന്ന വേദനയില്‍ ഒരു തുള്ളി വെള്ളം കിട്ടാതെയും, വാഹനത്തിലിടം ലാഭിക്കാന്‍ ചെവികളും കാലും പിരിച്ചൊടിക്കപ്പെട്ടും ക്രൂരമായിത്തന്നെ ബലാല് വധിക്കപ്പെടുകയും ചെയ്യുന്ന സാധുജീവിയോടുള്ള അക്രമവും മനുഷ്യത്വരാഹിത്യവും ആ സനാതനദര്ശനത്തിന് നീതീകരിക്കാനാവാത്ത ഒന്നാണ്. തികഞ്ഞ ആര്ഷപൈതൃകത്തില് ജനിക്കുകയും വളര്‍ന്നു തിടംവയ്ക്കുകയും ചെയ്ത കലകള്‍ക്കായി സമര്‍പ്പിക്കപ്പെട്ട സ്ഥാപനത്തില്‍ അതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നത് കാപട്യം മാത്രമല്ല, നിന്ദ കൂടിയാണ്.
കമ്മ്യൂണിസ്റ്റ് ചൈന കൊന്നുതിന്ന രാജ്യമാണ് തിബത്ത്. കൂറ്റന്‍ ജപയന്ത്രങ്ങള്ക്ക് മുകളില്‍ പറക്കുന്ന വര്‍ണ്ണാഭമായ പ്രാര്‍ത്ഥനാ പതാകകളും, താഴ്ന്നതും ശാന്തവുമായ ശബ്ദത്തില്‍ മന്ത്രങ്ങള്‍ ജപിക്കുന്ന സംന്യാസിമാരും, കാറ്റില്‍ പരക്കുന്ന ധൂപസുഗന്ധവുമായി സൗമ്യമായ ആത്മീയജീവിത പശ്ചാത്തലമുള്ള തിബത്തന്‍ ജനതയുടെ പാരമ്പര്യം വിസ്മൃതമായി തുടങ്ങിയത് കമ്മ്യൂണിസ്റ്റ് ചൈനയുടെ അധിനിവേശത്തെത്തുടര്‍ന്നാണ്. ആ ആത്മീയ പാരമ്പര്യത്തെ തകര്‍ക്കാന്‍ ചൈന ഉപയോഗിച്ച പ്രധാന ആയുധമായിരുന്നു മാംസവും മദ്യവും എന്നത് വസ്തുതയാണ്. ഒരു സംസ്കാരത്തെ തകര്‍ക്കാന്‍, അതിന്റെ ആഹാരശീലത്തെ തകര്‍ത്താല്‍ മതി എന്നതിന് തിബത്ത് ഒരു ഉദാഹരണമാണ്. മലബാര്‍ അധിനിവേശത്തില്‍ പിടികൂടപ്പെട്ട പതിനായിരങ്ങളെ, തങ്ങളുടെ പൈതൃകത്തില്‍ നിന്നും വഴിമാറ്റുവാന്‍ ടിപ്പു ഉപയോഗിച്ചതും നിര്‍ബന്ധമായി മാംസാഹാരം കഴിപ്പിക്കുക എന്നതായിരുന്നു എന്നതും ഇവിടെ ഓര്‍ക്കാം.
പൗരാണിക കാലത്ത് ലോകത്തിന്റെ സാമ്പത്തിക ക്രമത്തെ നിര്‍ണയിക്കുകയും, സമ്പത്തും ഐശ്വര്യവുംകൊണ്ട് മറ്റു രാജ്യങ്ങളെ വിസ്മയിപ്പിക്കുകയും ചെയ്ത ഒരു ചരിത്രം ഭാരതത്തിനുണ്ട്. നമുക്ക് ഊഹിച്ചെടുക്കുവാന് മാത്രം കഴിയുന്ന ഐശ്വര്യ സമൃദ്ധമായ ഭാരതം ധാര്‍മികമായ ഒരു ജീവിത രീതിയുടെ പ്രതിഫലനം കൂടിയത്രേ. ജീവിതത്തിന്റെ സമഗ്രമേഖലകളെയും സ്പര്‍ശിക്കുന്ന ആ സംസ്കൃതിയുടെ ആണിക്കല്ലാണ് സാത്വികമായ ഭക്ഷണചര്യ. മതപരമോ വൈയക്തികമോ ആയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി കൊളോണിയല്‍ ഭരണകൂടം തകര്‍ത്തു കളഞ്ഞ ഭാരതീയ ആരോഗ്യചിന്താ പദ്ധതിയെ മുന്‍വിധികള്‍ മാറ്റിവെച്ചു സമീപിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍, പക്വതയെത്തും മുന്‍പേ വാര്‍ദ്ധക്യം ബാധിച്ച ഒരു തലമുറയാകും നാളെ നാടിനെ നയിക്കാനുണ്ടാവുക. ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും ഉറക്കെ ചിന്തിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: