വിവേകാനന്ദസ്വാമികള്‍ പറയുന്നു – ‘രാമന്മാര്‍ എത്രയും പേരുണ്ടാകാം. സീത ഒന്നേയുള്ളു’. സ്ത്രീത്വത്തിന്റെ നവനവോന്മേഷശാലിയായ പ്രതീകവും ത്യാഗസ്വരൂപിണിയുമായ സീതാദേവി പ്രകൃതിയുടെ അനാദിയായ മാതൃകയാണ്. രാമനില്‍ ‘രാ’ പരബ്രഹ്മ വാചിയാകുന്നു. ‘മ’ മായാവാചിയും. സീതയെന്നാല്‍ ഉഴവുചാലില്‍
പിറന്നവള്‍ എന്നര്‍ത്ഥം. ഈ ഉഴവുചാല്‍ മണ്ണിന്റെ-ഭൂമിയുടെ-ഉര്‍വ്വരതയാണ്; മണ്ണിന്റെ സംഗീതികയാണ്. ജീവന കൗതുകങ്ങളുടെ ആദിസ്രോതസ്സായ സീത അനന്തമായ പ്രകൃതിതന്നെ. രാമന്‍ പുരുഷനാകുന്നു. പ്രകൃതി പുരുഷമേളനത്തില്‍ പ്രപഞ്ചചലനം
സാദ്ധ്യമാകുന്നു.
മൂലപ്രകൃതിയുടെ തത്ത്വാര്‍ത്ഥ പ്രബോധനമായാണ് സീതയെ ഇതിഹാസകാരന്‍ അവതരിപ്പിക്കുന്നത്. സാംഖ്യയോഗത്തിന്റെ ദാര്‍ശനിക പരിപ്രേക്ഷ്യത്തിലാണ് സീതാസങ്കല്‍പ്പനം. ജീവിത ദുരന്തത്തിന്റെ അനിവാര്യതയില്‍ വരച്ചിടുന്ന ദൈന്യ ചിത്രമാണ് കരയുന്ന സീത. ത്രേതായുഗത്തിന്റെ ചുട്ടകവിളില്‍നിന്ന് അടര്‍ന്നു വീഴാന്‍ പോകുന്ന കണ്ണുനീര്‍ത്തുള്ളിയാണ് സീത. വനവാസ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ‘എവിടെ രാമനുണ്ടോ അവിടെയാണ് സീത’യെന്ന് രാമനെപ്പോലും പഠിപ്പിച്ച ഗുരു സ്വരൂപമാണ് സീത.
”ഉണ്ടോ പുരുഷന്‍ പ്രകൃതിയെ വേറിട്ടു?
രണ്ടുമൊന്നത്രെ വിചാരിച്ചു കാണ്‍കിലോ
പാണിഗ്രഹണ മന്ത്രാര്‍ത്ഥവുമോര്‍ക്കണം
പ്രാണാവസാന കാലത്തും പിരിയുമോ”
എന്ന ചോദ്യത്തിന് ‘എങ്കിലോ വല്ലഭേ പോരിക വൈകാതെ’ എന്ന മന്ദസ്മിത മറുപടി മാത്രമാണ് രാമനുണ്ടായിരുന്നത്. ജനകന്‍ അക്ഷരാര്‍ത്ഥത്തില്‍ സീതയുടെ ജനകനല്ല. അറിവിന്റെ അമേയമായ ബ്രഹ്മജ്ഞാനമാണ് ജനകന്‍. ജ്ഞാനത്തിന്റെ പിതൃസ്വരൂപം ഭൂമികന്യയെ വളര്‍ത്തുന്നു. ജ്ഞാനസമ്പര്‍ക്കത്തില്‍ സമ്പന്നമാകുന്ന പ്രകൃതിയെയാണ് ഭാരതീയ പൈതൃകം സാക്ഷാത്ക്കരിക്കുന്നത്. ശ്രീനിവാസ ശാസ്ത്രീകളുടെ വിഖ്യാതങ്ങളായ രാമായണ ഭാഷണങ്ങളില്‍ സീതയുടെ അന്തര്‍ജ്ജ്വലിതമായ അര്‍ത്ഥവിശേഷങ്ങള്‍ മിന്നിമറിയുന്നത് ദര്‍ശിക്കാം. സ്‌നേഹത്തെ ധര്‍മ്മമാക്കിയും, ധര്‍മ്മത്തെ ആത്മീയ സംസ്‌കൃതിയാക്കിയും ആത്മീയതയെ മാനവചൈതന്യ ധാരയാക്കിയുമാണ് സീതയുടെ ജീവനസന്ദേശം കാലപ്രവാഹത്തില്‍ അലിയുന്നത്. കനല്‍ ചിതറുന്ന സ്വന്തം ജീവിതം തന്നെയാണ് സീതയുടെ ജീവിത മഹാസന്ദേശം.
പൊന്മാനിനെ മോഹിച്ചതും ലക്ഷ്മണനു നേരെ ശാപവാക്കുകളോതിയതും സീതാചരിത്രത്തിലെ കളങ്കമായി രേഖപ്പെടുത്തിയവരുണ്ട്. ആഗ്രഹനിഗ്രഹത്തിന്റെ വിഗ്രഹമായ സീതാ ചേതസ്സ് രാമകര്‍മ്മങ്ങളുടെ സൂത്രധാര ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നു എന്ന് വിശേഷിച്ചറിയുമ്പോള്‍ അവരുടെ ഇത്തരം ശങ്കാവിഷം അസ്ഥാനത്താകും. പ്രകൃതി എല്ലാം മുമ്പേ ഗണിക്കുന്നു. കാര്യകാരണങ്ങളുടെ മുമ്പില്‍ പ്രകൃത്യാത്മികയ്‌ക്ക് സന്ദേഹവും സങ്കോചവുമില്ല. നന്മയും തിന്മയും അവിടെ അദൈ്വതത്തിലാണ്. മാനവ കര്‍മ്മവും ഫലവും മാത്രം മാനദണ്ഡമായി സീതാ പ്രകൃതിയുടെ കര്‍മ്മധര്‍മ്മ പ്രവാഹത്തിന് ഭാഷ്യം ചമയ്‌ക്കാന്‍ മുതിരുന്നത് അനൗചിത്യമാവും. കാരണം മാനവചരിതത്തിന്റെ ഉപരിപ്ലവമായ ധാരയും അളവുകോലും ആ പ്രവാഹത്തില്‍ മുങ്ങിപ്പോകുക തന്നെയാവും ഫലം.
ചാരിത്ര്യശുദ്ധി തെളിയിക്കാനല്ല സീതയുടെ അഗ്നിപരീക്ഷ. സൃഷ്ടി സ്ഥിതി സംഹാരാത്മികയാണ് അഗ്നി. പഞ്ചഭൂതത്താല്‍ പവിത്രയായ പ്രകൃതി പഞ്ചഭൂതത്തിനും അതീതമാണ്. ആത്മാവിന്റെ അഗ്നിഷ്‌ടോമമാണ് ലങ്കയിലെ അഗ്നിപരീക്ഷയില്‍ സീതാദേവി നിര്‍വ്വഹിക്കുന്നത്. ത്യാഗാഗ്നിയില്‍ സ്വയം ഹോമിച്ചെടുക്കുന്ന വിസ്മയ വിദ്യകൂടിയാണത്. സീതാ ദുഃഖത്തെയാണ് ആ അഗ്നി കരിച്ചുകളഞ്ഞത്. പ്രകൃതി മാതാവിന്റെ പ്രകൃതിയെപ്പോലും കാത്തുരക്ഷിക്കാന്‍ പ്രകൃതിച്ചിറകുകള്‍ തന്നെ വേണം. പ്രകൃത്യംബയുടെ സമഗ്ര വൈഭവ സത്തയായ ലയനം തന്നെയാണ് ഭൂമിദേവീയുടെ മടിത്തട്ടില്‍ ശരണാഗതി പ്രാപിക്കുന്ന സീത അടയാളപ്പെടുത്തുന്നത്. യഥാര്‍ത്ഥത്തില്‍ സീതയുടെ അടയാളവാക്യമായി ഇതിഹാസം രേഖപ്പെടുത്തുന്നത് ഈ സങ്കല്‍പ്പ
സുഷമയാണ്.
‘സവിതൃകുല തിലകനിലതീവ ഭീത്യാഭവാന്‍
സംന്യാസിയായ് വന്നിരുവരും കാണാതെ
സഭയമതി വിനയമൊടു ശുനീവ ഹവിരധ്വരേ
സാഹസത്തോടുമാം കട്ടുകൊണ്ടീലയോ’
ഒരു പുല്‍ക്കൊടിപറിച്ച് മുന്നിലിട്ട് അത് നോക്കിയാണ് സീത അഴകിയ രാവണനുമായി സംവദിക്കുന്നത്. സീതയ്‌ക്ക് രാവണന്‍ തൃണസദൃശനാണെന്ന വ്യാഖ്യാനം ഇതിനുണ്ടായിട്ടുണ്ട്. പക്ഷേ പുല്‍ക്കൊടിപോലും പ്രകൃതിയുടെ പ്രതിരോധ ചേതസ്സാണെന്ന ദാര്‍ശനിക സത്യമാണ് സീതാദേവി ഈ മുഹൂര്‍ത്തത്തില്‍ ധ്വന്യാത്മകമായി വിളംബരം ചെയ്യുന്നത്. പുല്‍ക്കൊടിയെ മാമരമാക്കുന്ന മാസ്മരിക വിദ്യയ്‌ക്കപ്പുറം പുല്‍ക്കൊടിയും മാമരവും സത്തയില്‍ ഏകമാകുന്നു എന്ന സത്യവിചാരംകൂടി ഇവിടെ രേഖീയമാകുന്നു.
സീതയുടെ പരിത്യാഗകാലവും പ്രക്ഷുബ്ധമായ ജീവിത രഹസ്യങ്ങള്‍ക്ക് വേദാന്തം പകരുകയായിരുന്നു. വാല്മീകിയുടെ ആശ്രമത്തിന്റെ ധര്‍മ്മധന്യത അയോദ്ധ്യയിലെ സമ്പന്നസമൃദ്ധിയേക്കാള്‍ ഉയരങ്ങളിലാണ്. ജീവിതത്തെ അതിന്റെ സൂക്ഷ്മകണികകളില്‍ അടയാളപ്പെടുത്താനും സമഗ്രമായൊരു പ്രപഞ്ചദര്‍ശനം രൂപപ്പെടുത്താനുമാണ് ഈ കാലഘട്ടം സീത വിനിയോഗിക്കുന്നത്. സ്വന്തം കുഞ്ഞുങ്ങളുടെ ശൈശവബാല്യങ്ങളെ പ്രതിഭാപ്രകാശത്തിലേക്ക് നയിക്കാനും വാല്മീകിയാശ്രമത്തിന്റെ ശാന്തിദമായ ഭൂമിക പ്രയോജനപ്പെടുത്തുന്നു. ദാമ്പത്യത്തില്‍ ഇനിയുമൊരഗ്നി പരീക്ഷണത്തിന് സീത ഒരുങ്ങുന്നില്ല. അമ്മയുടെ-പ്രകൃത്യാത്മികയുടെ മടിത്തട്ടില്‍ വിലയംകൊള്ളുന്ന മുഹൂര്‍ത്തത്തിലും സീത മണ്ണിന്റെ കവിതയാണ് മൂളുന്നത്. മണ്ണില്‍ പിറന്നത് മണ്ണിലേക്ക് എന്ന മണ്ണിന്റെ വിഭൂതിയെയാണ് സീത സാക്ഷാത്ക്കരിക്കുന്നത്. അമ്മയെന്ന ആദിബിംബമായും ആത്മാവിന്റെ വിമോചന സൂചകമായും മാറുന്ന സീതയെന്ന അതീത പ്രതീകം കാലങ്ങളുടെ നിറചൈതന്യമാവുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക