തൃശൂര്‍ : കൊച്ചിന് ദേവസ്വം ബോര്‍ഡ് ക്ഷേത്രഉപദേശക സമിതി രൂപീകരണത്തിന് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് ജി. അജിത് കുമാറും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്. സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് ഒട്ടേറെ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ഉത്തരവ്. ചില ഉപദേശക സമിതികള്‍ വലിയ തുക ഭാരവാഹികളുടെ സ്വകാര്യ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചുവെന്ന് കോടതി കണ്ടെത്തി. ഉപദേശക സമിതികളില്‍ പലയിടത്തും കൃത്യമായ കണക്കുകളോ ഓഡിറ്റിംഗോ ഇല്ല. അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനും മാനദണ്ഡങ്ങളില്ല.
ക്ഷേത്ര ഉപദേശക സമിതിയെ സമവായത്തില്‍ തിരഞ്ഞെടുക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. അതിന് സാധിച്ചില്ലെങ്കില്‍ നറുക്കെടുപ്പ് വേണം. ദേവസ്വം ഓഫീസര്ക്കാകണം ഇനി മുതല്‍ ട്രഷറര്‍ ചുമതല. സമിതിയുടെ കാലാവധി രണ്ട് വര്‍ഷം മാത്രമായിരിക്കും . ഭാരവാഹിത്വം ഒരു വര്‍ഷം മാത്രം. സമിതി ഭാരവാഹി അംഗത്വം പരമാവധി രണ്ട് വട്ടംമാത്രമാകും. പ്രത്യേക സാഹചര്യത്തില്‍ നിട്ടേണ്ടിവന്നാല് പരമാവധി ഒരു വര്‍ഷം മാത്രമേ അനുവഗിക്കാവൂ. സമിതികളുടെ പരമാവധി അംഗ സംഖ്യ 9ആകണം.ചോറ്റാനിക്കര, തൃപ്പൂണിത്തുറ, എറണാകുളം, വടക്കുംനാഥന്, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, തിരുവില്വാമല എന്നീ മഹാ ക്ഷേത്രങ്ങളില്‍ 16 വരെയാകാം.എല്ലാ രശീതുകളിലും കൂപ്പണുകളിലും ലെറ്റര്‍ ഹെഡുകളിലും ദേവസ്വം അനുവദിച്ച രജി. നമ്പര്‍ വേണം.സമിതിയുടെ പേരില്‍ ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് മാത്രമേ ഉണ്ടാകാവൂ.
ഉപദേശക സമിതികളില്‍ രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കേണ്ടി വരും. നിലവില്‍ പ്രമുഖ ക്ഷേത്രസമിതി അംഗങ്ങളെ ദേവസ്വം ബോര്‍ഡ് നാമനിര്‍ദേശം ചെയ്യുകയാണ്. സി.പി.എം. പ്രാദേശിക ഭാരവാഹികളും നേതാക്കളുടെ ബന്ധുക്കളും നിരവധി സമിതികളില്‍ ഇങ്ങിനെ അംഗമായിട്ടുണ്ട്. തിരുവില്വാമല, കൊടുങ്ങല്ലൂര്‍,തൃപ്രയാര്‍, തൃപ്പൂണിത്തുറ, വടക്കുംനാഥന്, ചോറ്റാനിക്കര, ഊരകം അമ്മത്തിരുവടി, അങ്കമാലി പുതിയേടം, തൃശൂര്‍ പൂങ്കുന്നം തുടങ്ങിയ ക്ഷേത്രങ്ങളില്‍ സമിതിയംഗങ്ങളായും ഭാരവാഹികളായും പാര്‍ട്ടി ഭാരവാഹികളുണ്ട്.
പുതിയ മാര്‍ഗനിര്‍ദേശപ്രകാരം പൊതുയോഗത്തില്‍ തിരത്തെടുപ്പ് പൂര്‍ത്തിയാക്കണം. തര്‍ക്കമുണ്ടെങ്കില്‍ നറുക്കെടുത്ത് നിശ്ചയിച്ച് ബോര്‍ഡിന്റെ അംഗീകാരം വാങ്ങണം. നാമനിര്‍ദ്ദേശത്തിന് വകുപ്പില്ല. ക്ഷേത്ര പുനരുദ്ധാരണത്തിന്റെയും മറ്റും പേരുപറഞ്ഞ് സമിതികള്‍ വര്‍ഷങ്ങളോളം തുടരുന്നതും ഒഴിവാകും. ഭാരവാഹിത്വം വഹിച്ചവര്‍ അടുത്ത കമ്മിറ്റിയില്‍ പദവിയില്‍ തുടരാനാകില്ല. രണ്ട്വട്ടത്തിലേറെ സമിതി അംഗത്വവും പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: