എരുമപ്പെട്ടി: പൊന്‍കതിരണിഞ്ഞചെമ്മന്തിട്ട പാടശേഖരത്തിലെ പ്രസിദ്ധമായ ആലാട്ട്കൃഷിയിടത്തില്‍,കതിര്‍കറ്റയൊരുക്കലിന് ആരംഭമായി. 60 ല്‍ പരം വര്‍ഷങ്ങളായി ആലാട്ട് സഹോദരന്മാര്‍ കതിരൊരുക്കല്‍ ആരംഭിച്ചിട്ട്. ചെമ്മന്തിട്ട പാടശേഖരത്തിലെ 4 ഏക്കറില്‍ വിളയുന്ന കതിരുകളെല്ലാം തന്നെ, കേരളത്തിലെ 500 ലധികം ക്ഷേത്രങ്ങളിലേക്കാണ് ഇല്ലം നിറക്കായി കൊണ്ടു പോകുന്നത്.
പുതിയകാവ് ക്ഷേത്രത്തിലേക്ക് ആദ്യകെട്ട് നെല്‍ കതിര്‍ നല്കിയാണ്, ഈ വര്‍ഷത്തെ ഇല്ലം നിറകതിര്‍ വിതരണം ആരംഭിക്കുന്നത്. പതിറ്റാണ്ടുകളായി വേലൂര്‍ പഴുന്നാന ചെമ്മന്തിട്ട പാടശേഖരത്തിലാണ് കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലേക്കും ഇല്ലം നിറക്കുള്ള കതിര്‍ക്കറ്റകള്‍ തയ്യാറാക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും, സര്‍വ്വൈശ്വര്യത്തിനു വേണ്ടി സ്ഥാപിക്കുന്ന പൂജിച്ച കതിരിനു പിന്നില്‍ നിരവധി കഷ്ടപ്പാടുകളും ത്യാഗങ്ങളുമുണ്ടെങ്കിലും, നാട്ടില്‍ സമ്പല്‍ സമൃദ്ധിക്കാവശ്യമായ കതിരൊരുക്കുന്നതില്‍ നിന്നു ലഭിക്കുന്ന പുണ്യമാണ് ആലാട്ട് തറവാട്ടുകാരെ ഇല്ലം നിറക്കുള്ള കൃഷിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്.
തറവാടിന്റെ 4-ാം തലമുറയാണ് പാരമ്പര്യം തുടര്‍ന്ന് ഇപ്പോള്‍ കൃഷിയിറക്കുന്നത്. വര്‍ഷം തോറും 4000 ത്തോളം കതിര്‍ക്കറ്റകളൊരുക്കി ഇപ്പോഴും പൈതൃകം കാത്തു സൂക്ഷിക്കുന്ന ഇവര്‍ ഏറ്റവും കൂടുതല്‍ കതിര്‍ കറ്റകള്‍ ആവശ്യമായ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കതിര്‍ക്കറ്റകള്‍ കൊടുത്തു തുടങ്ങിയിട്ട് 50 വര്‍ഷത്തിലധികമായി. കൂടാതെ ശബരിമല, ആറ്റുകാല്‍ തുടങ്ങി കേരളത്തിലെ 500 ലധികം ക്ഷേത്രങ്ങളിലേക്കും ചെമ്മന്തിട്ട പാടശേഖരത്തില്‍ നിന്നുതന്നെയാണ് കതിര്‍കറ്റകള്‍ കൊണ്ടു പോകുന്നത്.
എല്ലാവര്‍ഷവും വിഷുവിനോടടുത്ത ദിവസങ്ങളിലാണ് വിത്തിറക്കല്‍ നടത്തുക. 90 ദിവസം മാത്രം മൂപ്പെത്താനവശ്യമുള്ള കനക എന്ന വിത്തിനമാണ് കൂടുതലായും ഉപയോഗിക്കുന്നത്. ‘
കുടുംബത്തിലെ കാരണവരായ 82 വയസ്സുള്ള വേലപ്പന്റെ മേല്‍നോട്ടത്തില്‍ നടന്നു വന്നിരുന്ന ചെമ്മന്തിട്ട പാടശേഖരത്തിലെ കൃഷി ഇപ്പോള്‍, ആലാട്ട് സഹോദരന്മാരായ കൃഷണന്‍കുട്ടി, രാജന്‍, ചന്ദ്രന്‍, ബാബു എന്നിവരുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. പലക്ഷേത്രങ്ങള്‍ക്കും കതിരുകള്‍ ലഭിക്കാത്ത സാഹചര്യമാണിപ്പോഴുള്ളത് കൂടാതെ, ഈ വര്‍ഷം പാടശേഖരങ്ങളില്‍ വിത്തിറക്കലിനു ശേഷം മഴ ലഭിക്കാതെവന്നതും, കതിരായ പ്പോഴുണ്ടായ കനത്ത മഴയും വിളവിനെ ബാധിക്കുമെന്നു കരുതിയെങ്കിലും ക്ഷേത്രങ്ങളിലേക്കാവശ്യമായ കതിര്‍ക്കറ്റകള്‍ നല്‍കാനായി എന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: