Kerala

ഗര്‍ഭിണിയായ കുതിരയെ ക്രൂരമായി മർദ്ദിച്ച് യുവാക്കൾ; മൂന്നുപേരെ തിരിച്ചറിഞ്ഞു, മർദ്ദിച്ചവരിൽ ക്രിമിനൽ കേസ് പ്രതികളും

Published by

കൊല്ലം: പള്ളിമുക്കില്‍ ഗര്‍ഭിണിയായ കുതിരയെ ക്രൂരമായി മർദ്ദിച്ച് യുവാക്കൾ. കാറിലെത്തിയ അഞ്ച് പേരാണ് കുതിരയെ ആക്രമിച്ചത്. സംഭവത്തില്‍ ഇരവിപുരം പോലീസ് കേസെടുത്തു. കുതിരയുടെ ഉടമ ഷാനവാസിന്റെ പരാതിയിലാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞതായും ഇരവിപുരം പോലീസ് പറഞ്ഞു.

ക്രിമിനല്‍ കേസുകളില്‍ അടക്കം ഉള്‍പ്പെട്ടവര്‍ ചേര്‍ന്നാണ് കുതിരയെ ആക്രമിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് നേരത്തെ പുറത്തുവന്നത്. കുതിരയുടെ ദേഹമാസകലം മുറിവേറ്റിരുന്നു.

ഇക്കഴിഞ്ഞ 20ന് വൈകിട്ട് നാലു മണിയോടെയാണ് ഈ മിണ്ടാപ്രാണിയോട് ക്രൂരത ഉണ്ടായത്. ക്ഷേത്ര പരിസരത്ത് കെട്ടിയിരുന്ന ദിയയെന്ന നാലര വയസുള്ള കുതിരയെ അവിടെ നിന്നും അഴിച്ചുമാറ്റി സമീപത്തെ തെങ്ങിൽ കെട്ടിയ ശേഷം വളഞ്ഞിട്ട് തല്ലുകയായിരുന്നു. വൈകുന്നേരം ആറ് മണിയോടെയാണ് കുതിര ആക്രമിക്കപ്പെട്ട കാര്യം താനറിഞ്ഞതെന്ന് ഷാനവാസ് പറഞ്ഞു. കാലുകളിലും കണ്ണിന് സമീപവും പരിക്കുണ്ട്. ദേഹമാകെ അടിയേറ്റ് നീരുണ്ട്.

അമ്പല പറമ്പിന് മുന്നിൽ കൊണ്ടുപോയി കുതിരയെ കെട്ടിയിടുമ്പോൾ അവിടെയുള്ളവർക്ക് വലിയ കാര്യമാണെന്ന് ഷാനവാസ് പറയുന്നു. ആ ധൈര്യത്തിലാണ് അവിടെ കെട്ടുന്നത്. കുതിരയ്‌ക്ക് അവർ പുല്ലൊക്കെ പറിച്ചിട്ട് കൊടുക്കാറുണ്ടെന്നും ഷാനവാസ് പറഞ്ഞു. കുതിരയെ അടിക്കുന്ന ദൃശ്യം ആരു കണ്ടാലും സഹിക്കില്ല. ഒരു മിണ്ടാപ്രാണിയോട് എങ്ങനെ ഇങ്ങനെ ചെയ്യാൻ കഴിയുന്നുവെന്നാണ് ഷാനവാസിന്റെ ചോദ്യം. എന്തിനാണിത് ചെയ്തതെന്ന് അറിയില്ലെന്നും ഷാനവാസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by