തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ആനവണ്ടി പെരുവഴിയിലായി. പിഎസ്സി നടത്തിയ എല്‍ഡി ക്ലര്‍ക്ക് പരീക്ഷ എഴുതാനാവാതെ മടങ്ങിയത് അന്‍പതിലധികം ഉദ്യോഗാര്‍ത്ഥികള്‍.
തിരുവനന്തപുരത്തു നിന്ന് കായംകുളത്തേക്ക് രാവിലെ 8.30ന് പുറപ്പെടേണ്ട കെഎസ് 187 നമ്പര്‍ സിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് 8.45ന്. ആറ്റിങ്ങല്‍ ആലംകോട് എത്തിയപ്പോള്‍ ബസിന്റെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം ആറ്റിങ്ങല്‍ ഡിപ്പോയില്‍ നിന്ന് മറ്റൊരു ബസ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി കായംകുളത്തേക്ക് വിട്ടുനല്‍കി.
വഴിനീളെയുള്ള ഗതാഗത കുരുക്കും ബസിന്റെ മെല്ലെപ്പോക്കും കാരണം പരീക്ഷ എഴുതാന്‍ പുറപ്പെട്ടവര്‍ കൊല്ലത്ത് എത്തിയപ്പോഴേക്കും സമയം 1.45 ആയി. കരുനാഗപ്പള്ളി, കായംകുളം, നോര്‍ത്ത് തഴവ തുടങ്ങി വിവിധ സ്ഥലങ്ങളിലെ പരീക്ഷാ സെന്ററുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ എത്തിയപ്പോഴേക്കും സമയം മൂന്നിനോടടുത്തു.
ഒരു മണിക്ക് പരീക്ഷാഹാളില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു പരീക്ഷ എഴുതാന്‍ അനുമതി. ഒന്നര മുതല്‍ മൂന്നര വരെയായിരുന്നു പരീക്ഷാസമയം. ഒടുവില്‍ പരീക്ഷ എഴുതാനാവാതെ ഉദ്യോഗാര്‍ത്ഥികള്‍ നിരാശയോടെ മടങ്ങി. വേഗത്തില്‍ തകരാര്‍ പരിഹരിച്ചെങ്കില്‍ പരീക്ഷ എഴുതാനാകുമായിരുന്നുവെന്ന് ഉദഗ്യോഗാര്ത്ഥികള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: