വാക്കുകള്‍കൊണ്ടുള്ള വിശേഷണങ്ങള്‍ക്ക് ഒതുക്കാവുന്നതിലപ്പുറമായ പ്രപഞ്ചത്തില്‍, ഇതുവരെ രൂപപ്പെട്ടതില്വച്ച് പൂര്‍ണമായ മനുഷ്യന്റെ വൈഭവം വാസ്തവത്തില്‍ അണുമാത്രമാണെന്നതാണ് പ്രതിദിനം ബോധ്യപ്പെടുന്ന കാര്യം. ശാസ്ത്രീയമായ നേട്ടങ്ങളെയും കണ്ടെത്തലുകളെയും ചെറുതാക്കിക്കാണുകയല്ല, അവ എത്രയെത്ര മഹത്തും ബൃഹത്തുമാണെന്ന് നമ്മള് വിലയിരുത്തുന്നോ അതിന്റെ പല മടങ്ങാണ് പ്രപഞ്ച പ്രകൃതിയുടെ സ്വത്വം. പ്രപഞ്ചത്തിലെ അനേകകോടി പ്രത്യേകതകളില്‍ ഒന്നുമാത്രമാണ് മനുഷ്യന് എന്ന തിരിച്ചറിവുണ്ടായാല്‍ മതി, നമ്മുടെ ലക്ഷ്യവും വേഗവും എത്രത്തോളം, എവിടെവരെ എന്ന് തിരിച്ചറിയാനുള്ള ലളിതമായ തുടക്കമാകും.
ഇത്തരം തിരിച്ചറിയലുകള്ക്ക് നടത്തിയ മനനത്തിന്റെ ഒരു സൂചനയാണ് ഇതിഹാസ പുരാണങ്ങളിലുള്പ്പെടെയുള്ള പ്രാചീന ഗ്രന്ഥങ്ങളില്‍ അവിടവിടെ കാണുന്ന വിവരണങ്ങളില്‍ ചിലത്. ശ്രീകൃഷ്ണലീലകള്‍ വിവരിക്കുമ്പോള്‍ പുരാണകര്‍ത്താവ് മണ്ണുതിന്നതിന് ഉണ്ണിക്കണ്ണനെ വിസ്തരിക്കുന്നതു പറയുന്നുണ്ട്. അവിടെ അമ്മ യശോദക്കു മുന്നില്‍ വാ പിളര്ന്നുനില്ക്കുന്ന കണ്ണന്റെ വായില്‍ ഭൂഗോളവും അതില്‍ വാ തുറന്നു നില്ക്കുന്ന കണ്ണനെയും യശോദയേയും കാണാനായി എന്ന് വിവരിക്കുന്നത് ഈ പ്രപഞ്ച-മനുഷ്യ താരതമ്യമാണ്. ലോകസാഹിത്യവും ദൃശ്യാവിഷ്കാരവും സങ്കല്പ്പിക്കുന്നതിനെത്രകാലം മുമ്പാണ് ആ വിവരണമെന്ന് അമ്പരപ്പോടെയല്ലാതെ തിരിച്ചറിയാന്‍ കഴിയില്ലതന്നെ. ഇന്നത്തെ ഡിജിറ്റല്‍ ലോകത്തിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള വെര്‍ച്വല്‍ പതിപ്പ്. ഇതിഹാസമായ രാമായണത്തില്‍ ഹനുമാന്റെ ജന്മം മുതല്‍ വിലാസങ്ങളിലെമ്പാടും നിറഞ്ഞുനില്ക്കുന്നത് ഇത്തരത്തിലുള്ള വിവരണമാണ. വാ(ല്‍)നരന്, നരനു തൊട്ടുമുമ്പുള്ള പരിണാമഘട്ടമാണല്ലോ. ആ വാനരന് പിറന്നുവീണപ്പോഴേ സൂര്യനെ പഴമെന്നുകരുതി പിടിക്കാന്‍ ആകാശത്തേക്കു കുതിച്ച ചരിതവും സമുദ്രം ചാടിക്കടന്ന് വിസ്മയം തീര്ത്തതുമടക്കം വീരത്വം വേണമെങ്കില്‍ ഒരു അനിമേഷന്‍ കാര്‍ട്ടൂണ്‍പോലെ കണ്ടുപോകാം രാമായണ പാരായണത്തിനിടെ, ലളിതമായി; ചിന്താശേഷി ഇല്ലാത്തവര്‍ക്ക്. എന്നാല്‍ ഒരു കടുകുമണിയോളം ചെറുതാക്കാനും
ശതയോജന വലുപ്പം വയ്ക്കാനും മലചുമക്കാനും അമാനുഷികമായത് പ്രവര്‍ത്തിക്കാനും കഴിയുന്ന വാനരന്റെ വിസ്മയങ്ങള്‍ പ്രപഞ്ചത്തിലെ ഒരു ജീവിവംശത്തില്‍ ഒരുവന്റെ മാത്രം ശക്തിയാണെന്ന് തിരിച്ചറിയുമ്പോഴാണ് പ്രപഞ്ചത്തെ- പ്രകൃതിയെ നോക്കി അമ്പരന്നു പോകുന്നത്,ആരും. ഇത്തരത്തില്‍ പ്രാചീന ഗ്രന്ഥങ്ങളില്‍ ഏറെയുണ്ട് പ്രകൃതിയുടെ പ്രപഞ്ചത്തിന്റെ വൈഭവം പ്രകടമാക്കുന്ന വിവരണങ്ങള്‍.
ശാസ്ത്രം ഏറെ വളര്‍ന്നു. പുതിയ പുതിയ ഗവേഷണ പഠനങ്ങളിലൂടെ സാങ്കേതികവിദ്യകളിലൂടെയും ഏറെ ഉയര്‍ന്നു. പണ്ടും അതായത് ഡോ.വിക്രം സാരാഭായ് (1919ല്‍ ജനിച്ച് 1971 ല്‍ അന്തരിച്ചു) ബഹിരാകാശ ഗവേഷണത്തില്‍ പരിശ്രമങ്ങള്‍ നടത്തിത്തുടങ്ങിയ കാലം മുതല്‍ നമ്മുടെ രാജ്യത്തിന് കാലാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. അടുത്തകാലത്തുവരെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ തമാശകളായിരുന്നു. അവ മഴ പ്രവചിക്കുമ്പോള്‍ വെയിലും വെയില് പറയുമ്പോള്‍ കൊടുങ്കാറ്റും വന്നടിച്ച് ശാസ്ത്രലോകത്തെപ്പോലും പരിഹാസ്യമാക്കി. എന്നാല്‍ ഇന്ന് അതിവേഗം പഠന നിരീക്ഷണ വിശകലനം നടത്തി ഏറെ കൃത്യതയോടെ പ്രവചനങ്ങള്‍ നടത്താന്‍ കഴിയുന്നു. അതായത് പ്രകൃതി പ്രതിഭാസത്തിനെ വിലയിരുത്താന്‍ തക്ക തരത്തില്‍ ശാസ്ത്രം വളര്‍ന്നു. ജ്ഞാനപീഠ ബഹുമതി ലഭിച്ച ജി. ശങ്കരക്കുറുപ്പിന്റെ ”വിശ്വദര്‍ശനം” എന്ന കവിതയില്‍ പറയുന്നില്ലേ ”വന്ദനം സനാതനാനുക്ഷണവികസ്വര/സുന്ദരപ്രപഞ്ചാദി കന്ദമാം പ്രഭാതമേ”- എന്ന്. അനുക്ഷണം വളര്‍ന്നുകൊണ്ടിരിക്കുകയും എന്നാല്‍ എക്കാലത്തും നിലനില്ക്കുന്നതുമായ പ്രപഞ്ചം. ”കണ്ണുനീര്‍ത്തുള്ളി” എന്ന കാവ്യത്തില്‍ ആര്ഷജ്ഞാനിയായ കവി നാലപ്പാട്ട് നാരായണ മേനോന് എഴുതി- ”അനന്തമജ്ഞാതം അവര്ണനീയം/ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം/അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്/നോക്കുന്ന മര്ത്ത്യന് കഥയെന്തു കണ്ടു”എന്ന്. പ്രഞ്ചത്തിനു മുന്നില്‍ നിസ്സാരനായ മനുഷ്യനെയാണ് അദ്ദേഹം അവതരിപ്പിച്ചത്. കവികള്‍ ജ്ഞാനികളാണല്ലോ. ഋഷി മുനിമാര്ക്കുമപ്പുറം ഭാവനാലോകം കൂടി സൃഷ്ടിക്കുന്നു കവി. അയാള്‍ ജ്ഞാനവിജ്ഞാനങ്ങളുടെ വിശകലന ശാസ്ത്രജ്ഞന്‍കൂടിയാണ്. ആ കവികള്‍ പറഞ്ഞിടത്താണ് ഈ അത്യന്താധുനിക യുഗത്തിലും നാമൊക്കെ നില്‍ക്കുന്നതെന്നാണ് സമകാല പ്രകൃതിയുടെ കൃതികളും വികൃതികളും നമ്മോട് പറയുന്നത്.
ഇപ്പറഞ്ഞതൊക്കെ ശാസ്ത്രീയമാണ്, ഇക്കണ്ടു പിടിച്ചതൊക്കെയാണ് ആധുനിക ശാസ്ത്രമായത് എന്നെല്ലാം പറയാനല്ല ഇത്രയുമെഴുതിയത്. തത്ത്വവും ശാസ്ത്രവും പ്രയോഗവും വെവ്വേറെയാണെന്നും അതിനെല്ലാം അടിത്തറ സങ്കല്പങ്ങളാണെന്നുമുള്ള ധാരണക്കാരനാണ് ഇതെഴുതുന്നത്. അതുകൊണ്ടുതന്നെ പഴയ കാല ഗ്രന്ഥങ്ങളിലെ സങ്കല്പങ്ങള്ക്ക് വലിയ വില കല്‍പ്പിക്കുകയും ചെയ്യുന്നു. ഹനുമാന് സൂര്യന്റെ നേര്‍ക്ക് പാഞ്ഞുവെന്ന രാമായണ പുരാണ- ഇതിഹാസ വിവരണത്തില്‍ നിന്ന് സാദ്ധ്യതയും അതിന്റെ പരീക്ഷണങ്ങളിലൊടുവില് ഭൂഗുരുത്വാകര്ഷണവലയ ഭേദനം എന്ന മാര്‍ഗ്ഗവും അതിന് ഊര്‍ജ്ജ പ്രസാരണത്തിന്റെ പ്രയോഗവും ഒടുവില്‍ അത് ശാസ്ത്രീയ തത്ത്വവും ആകുന്നതാണല്ലോ, ആക്കുന്നതാണല്ലോ മനുഷ്യവൈഭവം. അങ്ങനെയാണല്ലോ, പുതിയ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യര്‍ ചന്ദ്രനിലും ചൊവ്വയിലുമൊക്കെ എത്തിപ്പെടുന്നത്. ഒപ്പം സൂര്യന് ദഹിപ്പിക്കുകയും വായു രക്ഷിക്കുകയും ചെയ്യുന്നുവെന്ന ശാസ്ത്ര പാഠവും ഹനുമല്ച്ചരിതത്തിലുണ്ട്.
പക്ഷേ, ചന്ദ്രനിലേക്ക്, ചൊവ്വയിലേക്ക് കുതിക്കുമ്പോള്‍ നിലപാടുതറയായ ഭൂമിയുടെ ആഴങ്ങളിലേക്കുള്ള നോട്ടത്തില്‍ നമുക്കു കുറവു വരുന്നുണ്ട്. അര്ജ്ജുന് ‘ചക്രവ്യൂഹ’ത്തില്‍പ്പെട്ട അങ്കോളയിലേതുള്പ്പെടെയുള്ള സംഭവങ്ങള്‍ക്ക് അങ്ങനെയൊരു പ്രകൃതി പാഠം കൂടിയുണ്ട്.
വാസ്തവത്തില്‍ ഭൂമിയുടെ എന്നല്ല, പഞ്ചഭൂതങ്ങളുടെയും കാര്യത്തില്‍ ഇതാണ് സ്ഥിതി. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന്നെ, പ്രകൃതിയുടെ രക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മനുഷ്യന് ഒരു മടിയുമില്ലാത്ത നിലയാണ്. അതുകൊണ്ടാണ്, ഒരുവശത്ത് ശാസ്ത്രവും അതിലൂടെയുള്ള വളര്‍ച്ചയും നമ്മെ ‘ആസ്റ്ററ്റസ’ത്തില്‍ (നക്ഷത്രങ്ങളില്‍)എത്തിക്കുമ്പോള്‍ മറുവശത്ത് ‘ഡിസാസ്റ്ററുകള്‍’ (‘നക്ഷത്രമെണ്ണിക്കുന്ന’ അത്യാഹിതങ്ങള്‍) പെരുകുന്നത്. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഒരു ശാസ്ത്രശാഖയാകുന്നത്. പക്ഷേ, തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോടുകളും കര്‍ണാടകത്തിലെ അങ്കോളകളും നാം സൃഷ്ടിക്കുന്നതാണെന്ന ബോധം നമുക്കുണ്ടാകാതെ പോകുന്നത് എന്തുകൊണ്ടായിരിക്കാം?
വെള്ളവും അഗ്നിയും വായുവും ആകാശവും ഭൂമിയും നമ്മുടെ ജീവനമാണെന്ന അറിവ് ഇനി ഏത് പുരാണം എങ്ങനെ നമ്മെ പഠിപ്പിക്കണം? ഏത് ശാസ്ത്രം ഉദ്ബോധിപ്പിക്കണം? ഏത് അനുഭവം ഓര്‍മ്മിപ്പിക്കണം? ഓര്‍മ്മയുണ്ടാവും, വാട്ടര്‍, ഫയര്‍, എര്‍ത്ത് എന്ന സിനിമാ ത്രയം. പ്രസിദ്ധയായ ദീപാ മേത്തയാണ് സംവിധാനം. അതില്‍ വെള്ളവും തീയും ഭൂമിയുമില്ല. നാളെയുടെ പ്രശ്നമാക്കേണ്ട ആ പഞ്ചഭൂത വിഷയങ്ങളുടെ ലേബലില്‍ ചര്‍ച്ച ചെയ്തത് മറ്റ് ചില വിഷയങ്ങളായിരുന്നല്ലോ. ചിലര്‍ അപരിഷ്കൃതമെന്നോ അനാവശ്യമെന്നോ അസംബന്ധമെന്നോ വിമര്‍ശിക്കുന്ന പുരാണങ്ങളുടെ എഴുത്തുകാര്‍ക്ക് പ്രപഞ്ചത്തോടും മനുഷ്യനോടുമുണ്ടായിരുന്ന പ്രതിബദ്ധതകള്‍ പില്ക്കാലത്ത് ഓരോരോ മേഖലയില്‍ എങ്ങനെയൊക്കെ ഇല്ലാതായി എന്നറിയാന്‍, അവരെ തലയില്‍ ചുമന്നു നടന്നവര്‍ ഇല്ലാതാക്കി എന്ന് 1990കളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ വ്യക്തമാകും. ഇത് സിനിമാ- കലാലോകത്തെ കാര്യം. സകല മേഖലയിലും ഈ അപചയമുണ്ടായി. പ്രകൃതിസംരക്ഷണമെന്ന പേരില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ 90 ശതമാനത്തിനും ഈ ദിശാബോധമില്ലായ്മയും ദുര്‍ബുദ്ധി നേതൃത്വത്തിനോടുള്ള വിധേയത്വവും സംഭവിച്ചു.
പഞ്ചഭൂതങ്ങളോട് നമുക്ക് കാരുണ്യം നഷ്ടമായതാണ് അടിസ്ഥാന പ്രശ്നം. പ്രകൃതിയും പുരുഷനും തമ്മിലുള്ള പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ആത്മാവും പരമാത്മാവും തമ്മിലുള്ള സാമഞ്ജസ്യത്തിന്റെ താളവും ഈണവും ശ്രുതിയും ഇല്ലാതാക്കിയത് ആരാണ്. ആമയിഴഞ്ചാന്‍ തോട്ടില്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തിയതാരാണ്? മനുഷ്യന്റെ ലൗകിക ദാഹങ്ങളാണ്. ആഡംബരഭോഗ തൃഷ്ണകളാണ്. അവിടെ ഒഴുക്കു തടഞ്ഞ പ്ലാസ്റ്റിക്കുല്പ്പന്നങ്ങളുടെ പേരും അവയുടെ സ്വഭാവവും ആവശ്യകതയും തിരഞ്ഞ് വേരിലേക്കും വേരിന്റെ വേരിലേക്കും പോവുക. പാപത്തിന്റെ വിത്തുവിതച്ചത് മനുഷ്യന്റെ ആര്‍ത്തികളാണ്. ഉപേക്ഷിക്കപ്പെട്ടതാണ് അവശിഷ്ടങ്ങള്‍, മാലിന്യങ്ങളായത്. കുടിവെള്ളം വ്യാപകമായി നമ്മള് കേടാക്കി, കുപ്പിവെള്ളം ആഡംബരമല്ല ആവശ്യമാണെന്ന സ്ഥിതിയുണ്ടാക്കിയതാരാണ്. ക്ഷാമം കഴിഞ്ഞ, രസം നഷ്ടമായ, ഉച്ചിഷ്ട സമാനമായ ഭക്ഷണങ്ങള്‍ക്കായി, നിരനിന്ന് താമസന്റെ ഭക്ഷണരീതി സ്വീകരിച്ചത് (യാതയാമം ഗതരസം, പൂതിപര്യൂഷിതം ച യത്… എന്ന് ഭഗവദ്ഗീത), അവ പ്ലാസ്റ്റിക് പാക്കറ്റുകളില്‍ വാങ്ങി വഴിനീളെ തിന്ന് പാക്കറ്റ് ഉപേക്ഷിച്ചതാരാണ്. വായനക്കാര്‍ക്ക് വിടുന്നു അത്തരം കൂടുതല്‍ ചോദ്യങ്ങള്‍. വായിക്കുമ്പോഴല്ല, സ്വയം ചിന്തിക്കുമ്പോഴാണ് ആത്മപരിശോധനകളും പരിഹാരങ്ങളും ഉണ്ടാകുന്നത്.
വരള്‍ച്ചയും വെള്ളപ്പൊക്കവും ആരുണ്ടാക്കുന്നതാണ്? ഋതുക്രമം മനുഷ്യര്‍ക്കും പ്രകൃതിക്കും തെറ്റിക്കാന്‍ കാരണക്കാരാരാണ്? മണ്ണിടിയാനും ഉരുര്പൊട്ടാനും ഇടനിലക്കാരാരാണ്. അങ്കോളകള് രാജ്യമെമ്പാടും ഉണ്ടാകുന്നത് എങ്ങനെയാണ്? ചോദ്യങ്ങള്‍ ഏറെയാണ്. ഉത്തരം മനുഷ്യരിലേക്ക് വിരല്‍ചൂണ്ടുകയാണ്.
കാലം രാമായണപാരായണത്തിന്റേതാണല്ലോ. രാമായണം നല്കുന്ന പ്രകൃതിപാഠങ്ങളുണ്ട്. രാമന്റെയും സീതയുടെയും രാമ-സീതായാനങ്ങളുടെയും വിചിത്ര വ്യാഖ്യാനങ്ങള്ക്കാണ് വിദഗ്ധര്‍ പരിശ്രമിക്കുന്നത്. രാമായണത്തില്‍ പഞ്ചഭൂതങ്ങളുടെ ധര്‍മ്മവും സംരക്ഷണവും സംബന്ധിച്ച പാഠങ്ങള്‍ ഏറെയുണ്ട്. പ്രകൃതി, മനുഷ്യന് എങ്ങനെ ഒന്നിച്ചുപോകുന്നുവെന്ന വിജ്ഞാനമുണ്ട്. ജന്തുക്കളും പക്ഷികളും ഉരഗങ്ങളും വഹിക്കേണ്ട, വഹിക്കുന്ന ധര്‍മ്മങ്ങളുടെ വിരണമുണ്ട്. പക്ഷേ അതൊന്നും കാണാനും പഠിക്കാനും അറിയാനും അറിയിക്കാനും ആര്‍ക്കുമില്ല നേരം. വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നതിനു വിലങ്ങു നില്‍ക്കുകയും ഉള്ളതിനെ തകര്‍ക്കുകയും ചെയ്യുന്ന ‘മര്‍ക്കടമുഷ്ടി’-കളാണ് അധികം വിലസുന്നത്. അത് ഇപ്പോള്‍ തുടങ്ങിയതല്ല എന്ന് പറയാനാണ് വാട്ടര്‍-ഫയര്‍-എര്‍ത്ത് സിനിമാചരിതം പറഞ്ഞത്. അതിന് എത്രയോ മുമ്പ് ഇ.വി. രാമസ്വാമിയെപ്പോലുള്ളവര്‍, അതിനും മുമ്പ് സാക്ഷാല്‍ ചാര്‍വാകമുനി പോലും നടത്തിയ അധ്വാനങ്ങളാണ്. ചാര്‍വാകനേയും മുനിയായി ഗണിച്ച് വാദിച്ച് തോല്‍പ്പിച്ച് മടക്കിയ ചരിത്രത്തിലാണ് അത്തരം ചിന്തകളുടെ വിശ്രാന്തി. പക്ഷേ, അതും പ്രപഞ്ചഗതിയാണ്. ഒന്നും നശിക്കുന്നില്ല, സനാതനനുക്ഷണ വികസ്വരമാകുന്നുവെന്നര്ത്ഥം. ഒന്ന് വ്യക്തം, മനുഷ്യന് പൂര്‍ണവികാസം പ്രാപിച്ചിട്ടില്ലാത്ത ജീവിവര്‍ഗത്തിനുള്ളിലെ ഒരു കണ്ണി മാത്രമാണ്. പ്രപഞ്ചമാകട്ടെ പൂര്‍വനിശ്ചിതമായ പദ്ധതികളുടെ ആസൂത്രിതമായ സംവിധാനവും. അതിലേക്കുള്ള വഴികാട്ടിയായ അടയാളങ്ങള്‍ തരുന്ന സിഗ്നല്‍ സംവിധാനമാണ് പ്രകൃതി. ശാസ്ത്രം ജയിക്കണം മനുഷ്യന് ജയിക്കണം, പ്രകൃതി നിലനില്‍ക്കണം.
പിന്കുറിപ്പ്:
കാര്‍ഗിലില്‍ പാക്കിസ്ഥാന് ഭാരതത്തോട് ചതിയുദ്ധം നടത്തിയിട്ട് 25 വര്‍ഷം കഴിഞ്ഞു. രണ്ടു രാജ്യങ്ങളുടെ സ്ഥിതിയും ഗതിയും പ്രത്യേക പഠന വിഷയമാണ്; ക്ലാസിക് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: