തിരുവനന്തപുരം: സിഎസ്ഐആര്‍ മേധാവി ഡോ. എന്‍. കലൈസെല്വിയുടെത് പ്രചോദനാത്മക നേതൃത്വമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നൂറുല്‍ ഇസ്ലാം സര്‍വകലാശാലയും നിംസ് മെഡിസിറ്റിയും ചേര്‍ന്ന് നല്കി വരുന്ന ആറാമത് എ.പി.ജെ. അവാര്‍ഡ് ഡോ. എന്‍. കലൈസെല്വിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഠിനാധ്വാനവും കഴിവും ഉപയോഗിച്ച് ശക്തമായ നേതൃത്വമാണ് സിഎസ്ഐആറിന് കലൈസെല്‍വി നല്‍കുന്നതെന്നും അവാര്‍ഡ് നൂറുല്‍ ഇസ്ലാം സര്‍വകലാശാലയിലെ ഓരോ വിദ്യാര്‍ത്ഥിക്കും പ്രചോദനമാകട്ടയെന്നും ഗവര്‍ണര്‍ പറഞ്ഞു.
കഠിനപ്രയത്നത്തിന്റെ അംഗീകാരമായിട്ടാണ് എപിജെ അവാര്‍ഡിനെ കാണുന്നതെന്ന് കലൈസെല്‍വി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മുന്‍ രാഷ്ട്രപതി ഡോ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നാം പ്രവര്‍ത്തിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നെയ്യാറ്റിന്‍കര എംഎല്‍എ കെ. ആന്‍സലന്‍ അധ്യക്ഷനായി. നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടര്‍ എം. എസ്. ഫൈസല്‍ ഖാന്, നൂറുല്‍ ഇസ്ലാം സര്‍വകലാശാല വിസി ഡോ. ടെസി തോമസ്, സിഎസ്ഐആര്‍ ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍, ജനറല്‍ മാനേജര്‍ ഡോ. കെ. എ. സജു തുടങ്ങിയവര്‍ സംസാരിച്ചു.
നൂറുല്‍ ഇസ്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെയും മേധാവിമാരെയും ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: