ഫ്രാന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ ഈഫലിന് ശേഷം മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ലോകപ്രശസ്തമായ ഫ്രഞ്ച് പാചകകലയാണ്. വയര്‍ നിറയെ കഴിക്കാനുള്ളതാണ് ഭക്ഷണമെന്ന് കരുതുന്ന ഭക്ഷണപ്രേമികളെ ഫ്രാന്‍സ് കുറച്ചൊന്നു നിരാശപ്പെടുത്തും. ഒരല്പം ഫ്രഞ്ച് ചീസും രുചിച്ച് ഫ്രഞ്ച് വൈനും നുണഞ്ഞ് ഭക്ഷണത്തിന്റെ രുചിയും മണവും അവതരണവും ഒക്കെ സമയമെടുത്ത് ആസ്വദിച്ച് ഭക്ഷണം കഴിക്കണം എന്നാണ് ഫ്രഞ്ച് പക്ഷം. അതിനോട് താല്പര്യമുള്ളവര്‍ക്ക് ‘ഫ്രഞ്ച് ഫൈന്‍ ഡൈനിങ്’ ഹൃദ്യമായ ഒരനുഭവമാകും. ഇന്ത്യക്കാര്‍ക്ക് അധികം പരിചിതമല്ലാത്ത ‘ഡേറ്റ് ഡിന്നറുകള്‍ക്ക് ‘ ലോകമെമ്പാടുമുള്ള കമിതാക്കള്‍ ആദ്യ പരിഗണന നല്‍കുന്നത് ഫ്രഞ്ച് റെസ്റ്റോറന്റുകള്‍ക്കായതിനു പിന്നിലെ കാരണവും അതാകാം.
ശരാശരി 30,000 പേര്‍ക്ക് ഒരു ദിവസം ഭക്ഷണം നല്‍കാന്‍ കഴിവുള്ള, ഫ്രഞ്ച് പാചകകലയുടെ മാസ്മരികത വിളിച്ചോതുന്ന 80 റെസ്റ്റോറന്റുകളാണ് ഒളിംപിക്‌സ് വേദികള്‍ക്ക് ചുറ്റുമായി കാണികള്‍ക്ക് ഫ്രഞ്ച് പാചകകലയുടെ നവ്യാനുഭവം പകര്‍ന്നു നല്‍കാനായി ഒരുക്കിയിരിക്കുന്നത്. ഓരോ റെസ്റ്ററന്റിലും വിഭിന്ന മെനുവാണ്. അതുകൊണ്ട് തന്നെ പാരീസിന്റെ തനതുരുചികള്‍ തേടി പുറത്തെങ്ങും അലഞ്ഞു സമയം പാഴാക്കേണ്ടതില്ല എന്നൊരു മേന്മയുണ്ട്. അതില്‍ ഈഫല്‍ ഗോപുരത്തിന്റെ മുകളില്‍ തയ്യാറാക്കിയ ഗുസ്താവ് 24-ഉം വെര്‍സായെ കൊട്ടാരത്തിന്റെ ഉദ്യാനത്തില്‍ തയ്യാറാക്കിയ പേരില്ലാത്ത റെസ്റ്ററന്റും ഇതിനോടകം 3200 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാന്‍ ആകുന്ന ലോകത്തിലെ ഏറ്റവും വലിയ റെസ്റ്ററന്റും ഒക്കെയുണ്ട്. ഗുസ്താവ് 24ലിരുന്ന് ഫ്രഞ്ച് സംഗീതജ്ഞരുടെ സംഗീതവും ആസ്വദിച്ച് ഫ്രഞ്ച് തനത് ഭക്ഷണങ്ങളിലൊന്നായ ആവിയില്‍ പുഴുങ്ങിയ കല്ലുമ്മക്കായയും ഫ്രഞ്ച് ഫ്രൈസും കഴിച്ചു താഴെ ബീച്ച് വോളിബോള്‍ കാണുന്നതിന്റെ രസം ഒന്ന് വേറെതന്നെ. കുറച്ചു കൂടി രാജകീയത താല്പര്യമുള്ളവര്‍ക്ക് വെര്‍സായെ കൊട്ടാരത്തിന്റെ രാജകീയ പശ്ചാത്തലത്തില്‍ ലോബ്സ്റ്റര്‍ റവിയോളിയും കഴിച്ചു കുതിര സവാരി മത്സരങ്ങള്‍ ആസ്വദിക്കാം. മത്സരങ്ങളില്ലാത്ത സമയത്ത് മുന്‍ ഒളിമ്പിക് ജേതാക്കളുമായി സംവദിക്കാനും സൗകര്യമുണ്ട്. അതുപോലെ നിര്‍മിത ബുദ്ധിയുടെയും വിര്‍ച്വല്‍ ഇന്റലിജന്‍സിന്റെയും അപാരസാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനും മെഡല്‍ സ്വീകരിക്കുന്ന പോഡിയത്തില്‍ ഏറാനുമൊക്കെയുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് പോലെ അങ്കവും കാണാം താളിയും ഒടിക്കാം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സുസ്ഥിരതയിലൂന്നി ഒളിംപിക്‌സ് നടത്തുന്ന ഫ്രാന്‍സിന് ഇത്തവണ കായികതാരങ്ങളുടെ ഭക്ഷണകാര്യത്തില്‍ ഒരല്‍പ്പം കൈവിട്ടുപോയോ എന്നൊരു സംശയം ഇല്ലാതെയില്ല. ഒളിംപിക്‌സ് വില്ലേജില്‍ നിന്ന് കാണുന്ന കാഴ്ചകളും കേള്‍ക്കുന്ന വാര്‍ത്തകളും അത്ര സുഖകരമല്ല. മതിയായി പാകം ചെയ്യാത്ത മാംസമാണ് വില്ലേജില്‍ ലഭിക്കുന്നത് എന്ന പരാതി ഫ്രഞ്ച് രീതിയില്‍ മാംസം അധികം പാകം ചെയ്യാറില്ല എന്ന സാംസ്‌കാരികവൈരുദ്ധ്യം കണക്കിലെടുത്ത് ഒരു പക്ഷേ ക്ഷമിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ മുട്ട ഉള്‍പ്പെടുന്ന ഭക്ഷണങ്ങള്‍ക്ക് റേഷന്‍ ഏര്‍പ്പെടുത്തുക, കാര്‍ബണ്‍ ഫുട്പ്രിന്റ് കുറയ്‌ക്കുക എന്ന ഉദ്ദേശത്തോട് കൂടി ഭക്ഷണത്തില്‍ കൂടുതല്‍ വീഗന്‍ രുചികള്‍ ഉള്‍പ്പെടുത്തി സസ്യേതര ഭക്ഷണങ്ങള്‍ കുറയ്‌ക്കുക എന്നതൊക്കെ ശരീരികക്ഷമതയില്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്ന കായികതാരങ്ങള്‍ക്ക് തിരിച്ചടി തന്നെയാണ്. സഹികെട്ട ബ്രിട്ടീഷ് ടീം സ്വന്തം ഷെഫുകളെ കൊണ്ട് വന്ന് ഒളിംപിക്‌സ് വില്ലേജിന് പുറത്തുള്ള അവരുടെ പെര്‍ഫോമന്‍സ് സെന്ററില്‍ പാചകവും തുടങ്ങി.
പ്രതികരണങ്ങള്‍ ഇങ്ങനെയായിരിക്കവേ നടപടികള്‍ ശരവേഗത്തില്‍ തുടങ്ങിയെന്നും നിത്യേനയുള്ള ഭക്ഷണത്തിന്റെ അളവുകളിലുള്ള ആദ്യത്തെ ആശയക്കുഴപ്പം ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ സാധാരണ രീതിയില്‍ എത്തുമെന്നുമാണ് ഒളിംപിക്‌സ് സംഘാടകരുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക