ആലപ്പുഴ: പ്രതിഷേധം വ്യാപകമായതോടെ ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാഫ് യൂണിയന് സംസ്ഥാന സമ്മേളനത്തില്‍ നിശ്ചയിച്ചിരുന്ന പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അനുസ്മരണം ഒഴിവാക്കി. ഉദ്ഘാടകനായ കെ.സി. വേണുഗോപാല്‍ എംപിയും പരിപാടിക്കെത്താതെ തടിതപ്പി. രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ചതിനെതിരെ സമ്മേളന വേദിയിലേക്ക് ബിജെപി മാര്‍ച്ച് നടത്തി.
കാര്‍ഗില്‍ വിജയ ദിവസത്തോടനുബന്ധിച്ച് രാജ്യത്ത് അനുസ്മരണ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ബാങ്ക് സ്റ്റാഫ് യൂണിയന്റെ ഭാരതവിരുദ്ധ നിലപാട് ചര്‍ച്ചയായത്. പാക് പട്ടാള മേധാവിയും പ്രസിഡന്റുമായിരുന്ന പര്‍വേസ് മുഷറഫിന്റെ നിര്‍ദേശപ്രകാരം നുഴഞ്ഞുകയറ്റക്കാര്‍ കശ്മീരിലെത്തുകയും അവരെ സൈന്യം തുരത്തുകയും ചെയ്തതിന്റെ 25-ാം വാര്‍ഷിക സമയത്തു തന്നെ പര്‍വേസ് മുഷ്റഫിന് അനുസ്മരണമൊരുക്കാന്‍ യൂണിയന് തയാറാകുകയായിരുന്നു. കാര്‍ഗില്‍ സൈനിക നടപടിയില്‍ അഞ്ഞൂറിലേറെ ധീരസൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ സമ്മേളനത്തിന് ശേഷം അന്തരിച്ച നിരവധി പ്രമുഖര്‍ക്കൊപ്പമാണ് പാക് മുന്‍ പ്രസിഡന്റിനേയും അനുസ്മരിക്കാന്‍ യൂണിയന് തീരുമാനിച്ചത്. അനുസ്മരിക്കുന്നവരുടെ പേരുവിവരങ്ങള്‍ അച്ചടിച്ച് വിവിധ യൂണിറ്റുകള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. യൂണിയന്റെ രാഷ്ട്രവിരുദ്ധ, സൈനിക വിരുദ്ധ നിലപാട് മറനീക്കിയതോടെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി. ബിജെപിയും പരസ്യമായി രംഗത്ത് വന്നു. ഇതോടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ സമ്മേളനത്തിന് എത്തിയില്ല.
റിപ്പോര്‍ട്ട് പ്രിന്റ് ചെയ്ത പ്രസിന് പറ്റിയ അബദ്ധമാണെന്നാണ് യൂണിയന് ഭാരവാഹികളുടെ നിലപാട്. 2021ന് ശേഷം അന്തരിച്ച പ്രമുഖരുടെ പേരുവിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ പ്രസിനോട് ആവശ്യപ്പെട്ടു. അവര്‍ ഗൂഗിളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി അച്ചടിക്കുകയായിരുന്നു. എന്നാല്‍ ഇത് സംഘാടകരുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വിവാദമായതോടെ ഒഴിവാക്കിയെന്നുമാണ് അവര്‍ അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: