Kerala

ഇന്ത്യാവിരുദ്ധ നിലപാടുമായി ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ; ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പർവേസ് മുഷറഫിന് ആദരം

Published by

ആലപ്പുഴ: കാർഗിൽ വിജയ ദിവസത്തോടനുബന്ധിച്ച് രാജ്യത്ത് അനുസ്മരണ പരിപാടികൾ നടക്കുന്നതിനിടെ ഇന്ത്യാവിരുദ്ധ നിലപാടുമായി ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം. ആലപ്പുഴയിലെ പോളി ജോർജ് നഗറിൽ നടക്കുന്ന 23-ാമത് സംസ്ഥാന സമ്മേളനത്തിൽ പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് അനുസ്മരണം സംഘടിപ്പിച്ചാണ് യൂണിയൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാന സമ്മേളന പ്രവർത്തന രേഖയിലാണ് മുഷാറഫിന് ആദരമർപ്പിക്കുന്ന പരാമർശമുള്ളത്. പരിപാടി ഉദ്ഘാടനം ചെയ്യുന്നത് ഐഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പിയും. 1999 ൽ പാക് പട്ടാള മേധാവിയും പിന്നീട് പ്രസിഡന്റുമായിരുന്ന പര്‍വേസ് മുഷറഫിന്റെ നിർദേശ പ്രകാരം തീവ്രവാദികൾ (യഥാർത്ഥത്തിൽ അവർ പാക് റെയിഞ്ചറിൽ ജോലി ചെയ്യുന്ന സൈനികരാണ്) കശ്മീരിലെത്തുകയും അവരെ ഇന്ത്യൻ സൈന്യം തുരത്തുകയും ചെയ്തതിന്റെ 25-ാം വാർഷിക സമയത്തുതന്നെ പർവേസ് മുഷ്റഫിന് അനുസ്മരണം ഒരുക്കുന്നതെന്നത് ശ്രദ്ധേയമാണ്.

കാർഗിൽ യുദ്ധത്തിൽ 567സൈനികർ വീരമൃത്യു വരിക്കുകയും1300- ൽ പരം സൈനികർക്ക് അംഗഭംഗം വരുകയും ചെയ്തിരുന്നു. എല്ലാ വര്‍ഷവും ജൂലൈ 26നാണ് കാര്‍ഗില്‍ വിജയ് ദിവസ് ഇന്ത്യയില്‍ ആഘോഷിക്കുന്നത്. ഈ ചരിത്ര വിജയത്തിലൂടെ കാര്‍ഗില്‍, ലഡാക്ക്, നേരത്തെ പാകിസ്താന്‍ സേന കൈവശപ്പെടുത്തിയിരുന്ന തന്ത്രപ്രധാനമായ പ്രദേശങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു. രാജ്യത്തിന്റെ പരമാധികാരത്തെ ധീരതയോടെ സംരക്ഷിച്ച ഇന്ത്യന്‍ സൈനികരുടെ ധീരതയെയും ത്യാഗത്തെയും ഈ ദിനം അനുസ്മരിക്കുന്നു.

പാകിസ്ഥാനെതിരേ നേടിയ ഈ വിജയം യുദ്ധകാലത്തെ ഇന്ത്യന്‍ സൈന്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നാണ്. ഇതിനെ അവഹേളിക്കുന്ന നിലപാടാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാഫ് യൂണിയൻ സ്വീകരിച്ചിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by