പാരീസില്‍ നിന്ന് അര്ജുന് ചക്രത്തറ
സെന്‍ നദീതീരം പൂത്തുലഞ്ഞു. ഇനി പതിനാറ് നാള് കളിവസന്തം. ലോക കായിക മാമാങ്കത്തിന്, ഒളിംപിക്സിന്റെ മുപ്പത്തിമൂന്നാം പതിപ്പിന് കൊടിയേറ്റ്. 206 രാജ്യങ്ങള്‍ 10500 കായിക താരങ്ങള്‍… 117 പ്രതിഭകളുമായി 150 കോടി ഭാരതീയരുടെ പ്രതീക്ഷകള്‍. ചരിത്രം കുറിച്ച് തുറന്ന വേദിയില്‍ പാരീസ് ഒളിംപിക് വിസ്മയങ്ങളുടെ തിരശീല നീക്കി.
കഴിഞ്ഞ രാത്രി പാരീസിന് മഴവില്ലഴകായിരുന്നു. താഴെ സെന്‍ നദിയില്‍ കൊടികളുയര്‍ത്തി, തനത് വസ്ത്രങ്ങളണിഞ്ഞ് ഓരോ രാജ്യത്തിന്റെയും കായിക താരങ്ങള്‍ അണിയിട്ട് നീങ്ങി. ആകാശം മുട്ടെ ഈഫല്‍ ടവര്‍ വിഖ്യാതമായ ഒളിംപിക് വര്‍ണങ്ങളണിഞ്ഞ് ലോകത്തിന്റെ പ്രകാശഗോപുരമായി. കഴിഞ്ഞ പകലുമുയര്ന്ന ഭീകരാക്രമണഭീഷണികളെ പാരീസ് മറികടന്നത് ആര്‍പ്പും ആരവവും ആഘോഷവുമായിട്ടായിരുന്നു.
ഫ്രാന്‍സ് സമയം രാത്രി 8.24ന് ഗെയിംസ് വേദിയില്‍ ലോകം സഞ്ചരിച്ചെത്തിയ ഒളിംപിക് ദീപം ജ്വലിച്ചതോടെ സെന്‍ നദീ തീരത്ത് വാദ്യങ്ങള്‍ മുഴങ്ങി. ഏപ്രില്‍ 16ന് ഏതന്‍സില്‍ കൊളുത്തിയ ദീപമാണ് ലോകം ഒന്നെന്ന ഒളിംപിക് സന്ദേശവുമായി പാരീസില്‍ ജ്വലിച്ചത്. ഇനി ഈ പ്രകാശധാരയില്‍ പാരീസ് ലോകത്തിന് പ്രിയപ്പെട്ട കളിക്കാഴ്ചകളൊരുക്കും.
ചരിത്രത്തില്‍ ആദ്യമായാണ് ഒളിംപിക്സിന്റെ ഉദ്ഘാടനം തുറന്നവേദിയില്‍ നടന്നത്. സെന്‍ നദിയിലൂടെ മാര്ച്ചുപാസ്റ്റ്. ഈഫല്‍ ഗോപുരത്തിനുമുന്നിലെ ട്രക്കാഡറോ മൈതാനത്ത് മൂന്നുമണിക്കൂറോളം തുടര്‍ന്ന ഉദ്ഘാടനച്ചടങ്ങ്. ഫ്രാന്‍സിന്റെ കലാ-സാംസ്കാരിക വൈവിധ്യങ്ങള്‍ വിളിച്ചറിയിച്ച ആഘോഷങ്ങള്‍…
മത്സരത്തിന്റെ ആരവങ്ങളിലേക്ക് ഇന്ന് ഭാരതവും ഇറങ്ങും. പുരുഷ ഹോക്കി ടീമിനൊപ്പം എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെന്‍, പി.വി. സിന്ധു, സാത്വിക്സായിരാജ് റങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, താനഷ ക്രാസ്റ്റോ, അശ്വിനി പൊന്നപ്പ(ബാഡ്മിന്റണ്‍), ബല്‍രാജ് പന്‍വാര്‍(റോവിങ്), സന്ദീപ് സിങ്, അര്ജുന് ബബൂറ്റ, ഇലവേനില്‍ വാളറിവാന്, റമിത ജിന്‍ഡാല്‍, ശരബ്ജോത് സിങ്, അര്ജുന് കീമ, റിതം സാങ്വാന്, മനു ഭാക്കര്‍ (ഷൂട്ടിങ്), സുമിത് നാഗല്‍, രോഹന് ബൊപ്പണ്ണ, എന്‍. ശ്രീരാം ഭാലാജി(ടെന്നിസ്), ശരത് കമാല്‍, ഹര്‍മീത് ദേശായി, മണിക ഭത്ര, ശ്രീജ അക്യൂല(ടേബിള്‍ ടെന്നിസ്), പ്രീതി പവാര്‍(ബോക്സിങ്) എന്നിവരും പ്രതീക്ഷകളിലേക്ക് ചുവടുവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: