പാരീസ്: ഒളിംപിക്സ് 2024ന് തിരിതെളിഞ്ഞു കഴിഞ്ഞു. ഇനി വരുന്നത് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആവേശ പോരാട്ടങ്ങളുടെ ദിനങ്ങള്‍. പാരിസ് ഒളിംപിക്സില്‍ ഇന്ന് മുതല്‍ മെഡല്‍ നിര്‍ണയം തുടങ്ങും. ഈ ആദ്യ ദിവസം ഭാരതത്തിന് പ്രതീക്ഷയുണ്ട്.
പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സ് മിക്സഡ് ടീം ഇനത്തില്‍ ഭാരതം ഒരുപക്ഷേ മെഡല്‍ നേടിയേക്കാം. സന്ദീപ് സിങ്, അര്ജുന് ബബൂ റ്റ, ഇലവേനില്‍ വാളറിവാന്, റമിത ജിന്‍ഡാല്‍ എന്നിവരാണ് മത്സരിക്കുന്നത്. രാവിലെ 12.30ന് ഇവരുടെ യോഗ്യതാ മത്സരമുണ്ട്. അവിടെ നിന്നു മുന്നേറിയാല്‍ ഉച്ചയ്ക്ക് ഇന്ന് തന്നെ നടക്കുന്ന മെഡല്‍ നിര്‍ണയ റൗണ്ടില്‍ മത്സരിക്കാനാകും. ഇവിടെയാണ് ഭാരതത്തിന് പ്രതീക്ഷയുള്ളത്. കഴിഞ്ഞ 20 വര്‍ഷമായി ഓരോ ഒളിംപിക്സിലും ഭാരതത്തിന് മെഡല്‍ നേടിത്തരുന്ന ഇനമാണ് ഷൂട്ടിങ്. അതിനാല്‍ തന്നെ ഇന്നത്തെ ആദ്യ മെഡല്‍ ദിനം ഭാരതത്തിന് ഈ മിക്സഡ് ടീം ഇനത്തില്‍ ഒരു മെഡല്‍ പ്രതീക്ഷിക്കാം.
ഇന്ന് മത്സരിക്കാനിറങ്ങുന്ന മറ്റ് കായിക താരങ്ങളില്‍ പലരും മെഡല്‍ പ്രതീക്ഷിക്കാവുന്നവരാണ്. പക്ഷെ അവയുടെയെല്ലാം ആദ്യ മത്സരങ്ങള്‍ മാത്രമാണ് ഇന്ന് നടക്കുക. ഫൈനലുകള്ക്കായും മെഡല്‍ നിര്‍ണയത്തിനായും ആ താരങ്ങള്‍ക്കെല്ലാം കടമ്പകള്‍ വരും ദിനങ്ങളില്‍ താണ്ടേണ്ടി വരും. എന്നാല്‍ ആദ്യ പോരാട്ട ദിനം ഇന്നാണ്. അതില്‍ എടുത്തു പറയാനുള്ളത് ഹോക്കി ആണ്. ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ഭാരത ടീം ഇന്ന് ന്യൂസിലന്‍ഡിനെതിരെ ആദ്യ ഗ്രൂപ്പ് പോരാട്ടത്തിനിറങ്ങും. രാത്രി ഒമ്പതിനാണ് മത്സരം. നീണ്ട 41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീം കഴിഞ്ഞ തവണ ടോക്കിയോയില്‍ വെങ്കലമെഡല്‍ നേടിയിരുന്നു. ഇത്തവണ ഗ്രൂപ്പ് ഘട്ടം അല്‍പ്പം കട്ടിയാണ്. ലോക റാങ്കിങ്ങില്‍ ഭാരതത്തിന് പിന്നിലുള്ള ഒരേയൊരു ടീം അയര്‍ലന്‍ഡ് മാത്രമാണ്. ആറ് ടീമുകളുള്ള ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് നാലാം സ്ഥാനം സ്വന്തമാക്കിയാല്‍ ഭാരതത്തിന് ക്വാര്‍ട്ടറിലേക്ക് മുന്നേറാം.
ടെന്നിസില്‍ ഭാരതത്തിനായി സിംഗിള്‍സില്‍ സുമിത് നാഗല്‍ കളിക്കാനിറങ്ങും. പുരുഷ ഡബിള്‍സില്‍ രോഹന് ബൊപ്പണ്ണ-എല്‍. ബാലാജി സഖ്യവും ഇന്നിറങ്ങും. ആദ്യ റൗണ്ട് മത്സരത്തില്‍ ആതിഥേയരായ റോജര്‍ വാസെലിന്‍-റീബൗള്‍ സഖ്യത്തിനെയാണ് എതിരിടുക. ഇക്കുറി വലിയ ആത്മവിശ്വാസത്തിലാണ്. പരിചയ സമ്പന്നനായ ബൊപ്പണ്ണ. എടിപിയില്‍ ഓസ്ട്രേലിയന്‍ സഖ്യത്തിനൊപ്പം ലോക രണ്ടാം റാങ്കിലുള്ള താരമാണ് ബൊപ്പണ്ണ. ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി എടിപി ടൂറുകളില്‍ നടത്തിവരുന്ന മികച്ച ഫോമിന്റെ ആത്മവിശ്വാസത്തിലാണ് ബൊപ്പണ്ണ പാരിസില്‍ മെഡല്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: