കേരളം സര്‍വ്വതന്ത്രസ്വതന്ത്രമായ ഒരു രാജ്യമല്ലെന്നറിയാത്തവരല്ല സംസ്ഥാനം ഭരിക്കുന്നത്. എന്നിട്ടും വിദേശകാര്യങ്ങള്‍ നോക്കാന്‍ ഒരു സെക്രട്ടറിയെ ചുമതലപ്പെടുത്തിയ ഉത്തരവിനെതിരെ കേന്ദ്രവിദേശകാര്യ വകുപ്പ് രംഗത്തുവന്നു. വിദേശകാര്യങ്ങളുടെ നടപടിക്രമങ്ങളെക്കുറിച്ചുള്ള അജ്ഞതയല്ല ഇതെന്നും കേരള സര്‍ക്കാരിന്റെ അതിസാമര്‍ത്ഥ്യമാണെന്നും പറയേണ്ടിയിരിക്കുന്നു. ഭരണഘടനാവ്യവസ്ഥകളുടെ തികഞ്ഞ ലംഘനവും അനാദരവുമാണ് ഈ നടപടി. കേന്ദ്രം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ല എന്ന മുടന്തന്‍ ന്യായം നിരത്തുകയാണ് കേരള ചീഫ് സെക്രട്ടറി ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയും സംയുക്ത പട്ടികയും എന്താണെന്നറിയുന്നവരാണ് കേരളത്തിലെ ഉദ്യോഗസ്ഥരെന്ന് പറയുന്ന ചീഫ് സെക്രട്ടറി മുമ്പൊരു കാലത്തും ഇല്ലാത്ത നടപടിയിലേക്ക് എന്തുകൊണ്ട് കടന്നു എന്നുകൂടി പറയേണ്ടിയിരിക്കുന്നു. ഒരു സംസ്ഥാനത്തിന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും മാത്രം നോക്കി കേന്ദ്ര നടപടികള്‍ നിയന്ത്രിക്കാന്‍ കഴിയില്ല. എല്ലാത്തിനും ഒരു ചട്ടക്കൂടും അധികാര പരിധിയും പരിമിതികളുമുണ്ട്. ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുവേണം സംസ്ഥാനം പെരുമാറാന്‍. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പലതുണ്ട്. അതിനോട് പ്രതികരിക്കുന്നത് ഇങ്ങനെയല്ല. വിദേശകാര്യം സംസ്ഥാന പട്ടികയില്‍ വരുന്നതോ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ഒരുപോലെ കൈയ്യാളാവുന്ന പട്ടികയില്‍ വരുന്നതോ അല്ല. വിദേശകാര്യവും ഏതെങ്കിലും വിദേശരാജ്യവുമായി ബന്ധപ്പെടുത്തുന്ന എല്ലാ വിഷയങ്ങളും കേന്ദ്രസര്‍ക്കാരിന്റെ മാത്രം സവിശേഷ അധികാര പരിധിയില്‍പ്പെടുന്നതാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ കേന്ദ്രപട്ടികയിലെ പത്താം ഇനമായി ഇത് വ്യക്തമാക്കിയിട്ടുണ്ട്.
ഈ മാസം 15നാണ് പൊതുതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ വിഭാഗം വിവാദ ഉത്തരവ് ഇറക്കിയത്. നിലവിലുള്ള ചുമതലകള്‍ക്കു പുറമെ വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല കെ.വാസുകി ഐഎഎസ് വഹിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുമെന്നുമാണ് ഉത്തരവിലുള്ളത്. കൂടാതെ വിദേശകാര്യ മന്ത്രാലയം, വിവിധ മിഷനുകള്‍, എംബസികളുമായുള്ള ബന്ധപ്പെടല്‍ തുടങ്ങിയ വിദേശ സഹകരണ കാര്യങ്ങളില്‍ സഹായിക്കണമെന്നും ഉത്തരവിലുണ്ട്. നിലവില്‍ സെക്രട്ടറി പദവിയിലുള്ള ആള്‍ക്ക് മറ്റൊരു വകുപ്പിന്റെ അധിക ചുമതല നല്‍കുന്നത് ആ വകുപ്പിന്റെ സെക്രട്ടറി പദവിക്ക് തുല്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ മാത്രം പരിധിയിലുള്ളതാണ് വിദേശ കാര്യം. അതില്‍ സെക്രട്ടറിയെ നിയമിക്കാനോ മറ്റു രാജ്യങ്ങളുമായി നേരിട്ട് ബന്ധപ്പെടാനോ സംസ്ഥാന സര്‍ക്കാരിന് നിയമപരമായി അധികാരമില്ല. ഭരണഘടന പ്രകാരം പൂര്‍ണ ചുമതല വിദേശകാര്യ മന്ത്രാലയത്തിനാണ്. ഇതെല്ലാം ലംഘിച്ചാണ് വിദേശ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു സംസ്ഥാനം സെക്രട്ടറിയെ നിയമിച്ചിരിക്കുന്നത്. വാസുകിയെ മെയ് 22നാണ് നോര്‍ക്ക റൂട്‌സിന്റെ സെക്രട്ടറിയാക്കി ഉത്തരവിക്കിയത്. അതിന് പിന്നാലെ വിദേശകാര്യ ഏകോപനത്തിന്റെ ചുമതല കൂടി നല്‍കുകയായിരുന്നു.
2021 ല്‍ മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ വേണു രാജാമണിക്ക് ചീഫ് സെക്രട്ടറിയുടെ പദവി നല്‍കി സെപ്ഷ്യല്‍ ഡ്യൂട്ടി ഓഫീസറായി ദല്‍ഹിയില്‍ നിയമിച്ചിരുന്നു. വാസുകിക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കാനായിരുന്നു നിയമനം. എന്നാല്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനങ്ങള്‍ക്ക് സൗകര്യം ഒരുക്കാന്‍ മാത്രമാണ് സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ക്ക് കഴിഞ്ഞത്. പിന്നാലെ വേണു രാജാമണിയെ പദവിയില്‍ നിന്ന് മാറ്റി. അതിനുശേഷമാണ് വാസുകിയെ നിയമിച്ചത്. നേരത്തെയും പിണറായി സര്‍ക്കാര്‍ വിദേശകാര്യ ചട്ടങ്ങള്‍ ലംഘിച്ചത് വിവാദമായിരുന്നു. യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധങ്ങള്‍, യുഎഇ റെഡ് ക്രസന്റ് സൊസൈറ്റിയില്‍ നിന്ന് വീടു നിര്‍മാണത്തിന് പണം എത്തിച്ചതും നോമ്പിന് സക്കാത്ത് നല്‍കിയതും ഖുറാന്‍ എത്തിച്ചതും ഏറെ വിവാദമായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിദേശകാര്യ ചട്ട ലംഘനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതുമാണ്. അന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വിദേശകാര്യ വകുപ്പില്‍ സംസ്ഥാനത്തിന് ചുമതലയില്ലെന്ന് വ്യക്തമാക്കിയതുമാണ്. വിദേശ ഏജന്‍സികളുമായുള്ള ഏകോപന ചുമതലയാണ് വാസുകിക്കെന്നാണ് ചീഫ് സെക്രട്ടറിയുടെ വാദം. വിദേശകാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും പിണറായി വിജയന്‍ സര്‍ക്കാരും തമ്മില്‍ വിവിധ വിഷയങ്ങളില്‍ മുമ്പും തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. വിദേശകാര്യത്തില്‍ കേരള സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. പ്രളയ ദുരിതാശ്വാസത്തിലും സ്വര്‍ണക്കടത്തിലുമടക്കം അതിരുവിട്ട ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള കേരള സര്‍ക്കാര്‍ ശ്രമങ്ങളെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തിട്ടുണ്ട്. കേരളത്തിന്റെ പരിധിവിട്ടുള്ള പെരുമാറ്റത്തെ ഗൗരവപൂര്‍വ്വം തന്നെയാണ് കേന്ദ്രം വീക്ഷിക്കുന്നതെന്ന് വിദേശകാര്യ വക്താവിന്റെ പ്രതികരണം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: