ദ്രാസ് (ലഡാക്ക്): ധീരസ്മൃതികളില്‍ ആവേശഭരിതമായി ദ്രാസ്. ചതിയുടെ കാഞ്ചിവലിച്ച ശത്രുപ്പടയെ നേര്‍ക്കുനേര്‍ പോരാടിത്തോല്പിച്ച വീരസൈനികരുടെ വിജയസ്മരണകള്ക്ക് മുന്നില്‍ നമസ്കരിച്ച് രാജ്യം. ലഡാക്കിലെ ദ്രാസില്‍ കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍ സൈനികര്‍ക്കും പോരാളികളുടെ കുടുംബങ്ങള്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഭീകരതയുടെ യജമാനന്മാര്ക്ക് നേരിട്ട് കേള്‍ക്കാവുന്ന മണ്ണില്‍ നിന്നാണ് ഞാന്‍ സംസാരിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചാണ് പ്രധാനമന്ത്രി പാകിസ്ഥാന് താക്കീത് നല്‍കിയത്. കാല്‍നൂറ്റാണ്ടിന് മുമ്പ് നമ്മുടെ സൈനികര്‍ നേടിയത് യുദ്ധവിജയം മാത്രമല്ല, സത്യത്തിന്റെയും പ്രതിരോധത്തിന്റെയും ശക്തിയുടെയും അതിരില്ലാത്ത പ്രകടനം കൂടിയാണ്. പാകിസ്ഥാന്റെ ചതിക്കെതിരായ വിജയമാണ് നമ്മള് നേടിയത്. കാലമെത്ര കടന്നുപോയാലും അമരബലിദാനികളെപ്പറ്റിയുള്ള ഓര്‍മ്മകള്‍ മായില്ല, മരിക്കില്ല…, യൂദ്ധവിജയത്തിന് കരുത്ത് പകര്‍ന്ന് ജീവന് ബലിയര്‍പ്പിച്ച സൈനികരുടെ കുടുംബാംഗങ്ങളെ സാക്ഷിനിര്‍ത്തി പ്രധാനമന്ത്രി പറഞ്ഞു.
കാര്‍ഗിലിലെ വീരന്മാരോട് രാജ്യം എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി എത്ര തോറ്റാലും പഠിക്കാത്ത രാജ്യമാണ് പാകിസ്ഥാനെന്ന് ചൂണ്ടിക്കാട്ടി. തോല്‍വിയുടെ മാത്രം ചരിത്രമാണ് നിങ്ങളുടേത്. ഭീകരവാദം ഉപയോഗിച്ച് ഭാരതത്തോട് പാകിസ്ഥാന് നിഴല്‍യുദ്ധം നടത്തുകയാണ്. നിങ്ങള്‍ക്ക് ഭാരതത്തെ ജയിക്കാനാവില്ല. എല്ലാത്തരം ഭീകരതയെയും ഭാരതം അവസാനിപ്പിക്കുക തന്നെ ചെയ്യും, ദ്രാസിലെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് ധീരബലിദാനികളുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ പ്രണമിച്ചതിന് ശേഷം മോദി പറഞ്ഞു.
മഞ്ഞുകാലത്തടക്കം ലഡാക്കിനെ പുറംലോകവുമായി ബന്ധിപ്പിക്കാന്‍ നിര്‍മ്മിക്കുന്ന നാലുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഷിങ്കുണ്ലാ തുരങ്കത്തിനു വേണ്ടിയുള്ള ‘ആദ്യ സ്ഫോടനം’ പ്രധാനമന്ത്രി നിര്‍വഹിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാരും കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി അവര്‍ക്കൊപ്പം ചിത്രങ്ങളും എടുത്തു. യുദ്ധമ്യൂസിയത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തി. യുദ്ധകാലത്ത് ബിജെപി ചുമതലയിലിരിക്കെ സൈനികര്‍ക്ക് പിന്തുണയുമായി കാര്‍ഗിലില്‍ എത്തിയ അനുഭവങ്ങള്‍ മോദി പങ്കുവച്ചു. ലഡാക്കിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബ്രിഗേഡിയര്‍ ബി.ഡി. ശര്‍മ, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേഥ്, സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്, മൂന്നു സൈനിക മേധാവിമാര്‍ എന്നിവര്‍ കാര്‍ഗിലിലെ ചടങ്ങില്‍ പങ്കെടുത്തു. ദല്‍ഹിയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രതിരോധമന്ത്രി രാജ്നാഥ്സിങ് എന്നിവര്‍ കാര്‍ഗില്‍ വിജയദിവസ ചടങ്ങില്‍ പങ്കെടുത്തു. ദല്‍ഹിയിലെ യുദ്ധസ്മാരകത്തിലെ അമര്‍ജവാന്‍ ജ്യോതിയിലും രാജ്യമെങ്ങുമുള്ള സൈനിക കേന്ദ്രങ്ങളിലും കാര്‍ഗില്‍ വിജയാഘോഷങ്ങള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: