രാമോ വിഗ്രഹവാന്‍ ധര്‍മ്മ എന്ന സൂത്രവാക്യത്തില്‍ രാമനിലെ മനുഷ്യനും ദേവനും സമന്വയിക്കുന്നു. ത്യാഗവും സത്യവും നീതിയും സമദര്‍ശനവും വിശാലവീക്ഷണവും പ്രകൃതിബോധവും മാനവികതയും മഹിതാദര്‍ശങ്ങളും ചിറകുവിരിക്കുന്നു. രാമന്റെ ആത്മീയ പ്രഭാവങ്ങളും ധര്‍മ്മപ്രമാണങ്ങളും സൂക്ഷ്മതലത്തില്‍ മുഹൂര്‍ത്തങ്ങളായും നാടകീയ പ്രത്യക്ഷങ്ങളായും ഇതിഹാസകാണ്ഡങ്ങള്‍ ധ്വന്യാത്മകമായി ഉള്‍ക്കൊള്ളുന്നുണ്ട്. അധര്‍മ്മത്തിന്റെയും അനീതിയുടേയും ആക്ഷേപശരങ്ങള്‍ കാലങ്ങളില്‍ അസ്തപ്രഭമാവുകയാണ്. ആ മഹാസ്വത്വത്തെയും ആകാശചുംബിയായ അമരത്വത്തേയും എയ്തുവീഴ്‌ത്താനാവില്ല. വക്രീകരിച്ച വ്യാഖ്യാനങ്ങള്‍ക്കും സങ്കുചിത പ്രത്യയശാസ്ത്ര വിചാരങ്ങള്‍ക്കും അതീതമായി മാനവസാഹിത്യത്തിന്റെ മഹാമാതൃകയായി രാമന്‍ എന്നും ജ്വലിച്ചു നില്‍ക്കുന്നു. ആദിത്യനോളം ഉയരുന്ന ആദര്‍ശങ്ങളും ചക്രവാളസീമയില്‍ ഉയരുന്ന സത്യദര്‍ശനവും രാമധര്‍മ്മവ്രതത്തെ ബോധിവൃക്ഷം പോലെ ഉണര്‍ത്തി നിര്‍ത്തുന്നു.
”ചേതസി ഭവല്‍കഥാശ്രവണേ രതിയുണ്ടാം
ത്വല്‍ക്കഥാ ശ്രവണേന ഭക്തിയും വര്‍ദ്ധിച്ചീടും
ഭക്തിവര്‍ദ്ധിക്കുമ്പോള്‍ വിജ്ഞാനമുണ്ടായ് വരും
വിജ്ഞാനാദികള്‍ കൊണ്ട് മോക്ഷവും വരും”
അഗസ്ത്യസ്തുതിയുടെ മഹാവചനത്തില്‍ രാമചരിതത്തിന്റെ മോക്ഷബിന്ദു പ്രത്യക്ഷമാകുന്നു. രാമനാമമെന്ന താരകമന്ത്രത്തിന്റെ അതീതമാനങ്ങളെ അടയാളപ്പെടുത്തുകയാണ് ഇതിഹാസത്തിന്റെ ഭാവസമ്പുഷ്ടി. ജപസിദ്ധിയ്‌ക്കപ്പുറം രാമാനുഭവപ്രത്യയങ്ങളിലൂടെ അവതീര്‍ണ്ണമാകുന്ന ജീവിതസത്യങ്ങളാണ് ലോകമംഗളത്തിനായി രാമന്‍ കാഴ്ചവെക്കുക. പിതാവിന്റെ സത്യദര്‍ശന സാക്ഷാത്കാരത്തിനായി ആനന്ദത്തോടെ വനവാസം സ്വീകരിക്കുന്നതും, പ്രകൃതിമന്ദാരങ്ങളെ എന്നും സ്‌നേഹവായ്‌പോടെ പുണരുന്നതും, ജടായുവിന് സദ്ഗതിയേകുന്നതും, ശബരി മോക്ഷമുഹൂര്‍ത്തവും, അഹല്യാ മോചന സംഭവവുമെല്ലാം രാമനുള്‍ക്കൊണ്ട ധര്‍മ്മ ശാസ്ത്രപ്പൊരുളിന്റെ പ്രായോഗിക സ്പന്ദനങ്ങളാണ്. ജാതിവര്‍ഗ്ഗനാമങ്ങള്‍ക്കതീതമായ വിഭീഷണ ശരണാഗതി രാമന്റെ സ്‌നേഹധര്‍മ്മത്തെ പ്രകാശിപ്പിക്കുന്നു. അധര്‍മ്മചാരിയായ ബാലിയുടെ നിഗ്രഹം ധര്‍മ്മ നിയമാനുസാരിയാണ്.
‘വഹ്നി സന്തപ്തലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം
ചക്ഷുഃശ്രവണഗളസ്ഥമാം ദര്‍ദ്ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവു-
മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു’
ക്ഷണഭംഗുരമായ ജീവിതത്തേയും അതീതമായ കാലത്തേയും രാമന്‍ ‘ലക്ഷ്മണോപദേശ’-ത്തില്‍ പ്രത്യക്ഷമാക്കുന്നു. ജീവിതത്തിന്റെ സമഗ്രദര്‍ശനത്തിലാണ് രാമന്റെ താത്വികജീവനം. കാലത്തിന്റെ സത്യസങ്കല്‍പ്പങ്ങളുമായി അത് ഉള്‍ച്ചേരുന്നു. രാമദര്‍ശനം പ്രപഞ്ചത്തെ വിശദീഭൂതമാക്കുകയും പ്രകൃതിയെ തേജോമയമാക്കുകയും ചെയ്യുന്ന വിശിഷ്ടവീക്ഷണമാണ്. സാധാരണ ജീവിതരംഗത്തിന്റെ പ്രസാദാത്മകതയും സംഘര്‍ഷ സരണികളുമാണ് രാമചിന്താധാരകള്‍ അഭിമുഖീകരിക്കുക. ആത്മാനുഭവത്തിലൂടെ നേരിടുന്ന പാഠങ്ങള്‍ മാനവകുലത്തിന് എന്നും പ്രചോദനശക്തിയായി നിലകൊള്ളും.
മര്യാദാ പുരുഷോത്തമനായ രാമന്‍ ഇതിഹാസ സൂര്യനായി ധര്‍മ്മക്ഷേത്രത്തില്‍ വിളങ്ങുന്നു. മറ്റെല്ലാ രാമായണ പാത്രങ്ങളും ഈ ഭാസ്‌ക്കര പ്രകാശത്തിലാണ് തിളങ്ങുന്നത്. ചന്ദ്രനും താരകങ്ങളുമായി അവ സാക്ഷാല്‍ രാമചന്ദ്രന്റെ ആകര്‍ഷണ പരിധിയിലാണ്. മനുഷ്യന് എക്കാലവും ഏറ്റുപാടാനും പ്രായോഗിക പദ്ധതിയിലൂടെ നേടിയെടുക്കാനുമായി രാമദര്‍ശനശാസ്ത്രം പ്രതിജ്ഞാബദ്ധമാണ്. വേദാന്ത രഹസ്യ സത്യങ്ങളുടെ ഋജുരേഖയിലൂടെയാണ് രാമസഞ്ചാരം. ദുരന്തങ്ങളും വിധിയുടെ പരീക്ഷണങ്ങളും ദൗര്‍ഭാഗ്യത്തിന്റെ കൊടുങ്കാറ്റും ആ ജീവിതത്തിലും ദാമ്പത്യജീവിതത്തിലും ക്രമക്കേടുകളുടെ നിഴലാട്ടങ്ങളായി രൂപപ്പെടുന്നു. രാഷ്‌ട്രപരിത്യാഗവും വനവാസവും സീതാപരിത്യാഗവും നിര്‍മ്മമന്റെ വൈരാഗ്യബുദ്ധിയോടെയാണ് രാമന്‍ അനുഷ്ഠിച്ചത്. സ്വാര്‍ത്ഥതയെ ത്യജിച്ച ത്യാഗവൈഭവത്തിലാണ് മനുഷ്യനും ഭരണാധികാരിയുമായ രാമന്‍ അഷ്ടൈശ്വര്യങ്ങളും നേടുക. ഭാരതീയ പൈതൃകത്തില്‍ രാമന്‍ അഭയസന്തതിയാണ്. ഭയരഹിതമായ ഹൃദയത്തിനും ബുദ്ധിക്കും മാത്രമേ വിപരീത സാഹചര്യങ്ങളില്‍പ്പോലും സദ്കര്‍മ്മങ്ങളില്‍ ഉറച്ചുനില്‍ക്കാനാവൂ. അയോദ്ധ്യ യുദ്ധമില്ലാത്തഭൂമി ആകുന്നതുപോലെ രാമഹൃദയവും സംഘര്‍ഷ രഹിതമായ ഭൂമികയാവുന്നത് ത്യാഗത്തിന്റെ ബലിപീഠത്തില്‍ സര്‍വ്വതും സമര്‍പ്പിച്ചതുകൊണ്ടാണ്.
രാമവിമര്‍ശകരായ ചില ആധുനിക രാഷ്‌ട്രമീമാംസകന്മാര്‍ കാണാതെ പോകുന്നത് രാമന്റെ സന്തുലിതമായ രാഷ്‌ട്രമീമാംസയും ഭരണനൈപുണിയമാണ്. പൗരുഷത്തിന്റെ പരിവേഷത്തിലും പ്രജാഹിത സമന്വയത്തിലും രാമന്‍ നേടിയെടുത്ത സമ്പത്താണ് രാമരാജ്യം. സ്വാതന്ത്ര്യത്തിന്റെയും അഭയത്തിന്റെയും പിതൃസ്‌നേഹഭാവനയുടെ സംഗീതമാണ് അവിടെ മുഴങ്ങുക. ‘അഭിരാമസ്യ രാമസ്യ’, ‘രാമസ്യ ലോകരാമസ്യ’ എന്നെല്ലാം ഐതിഹാസിക പ്രകീര്‍ത്തിതനാവുന്ന രാമന്‍ സ്വയം സ്‌നേഹസാമ്രാജ്യമാകുന്നു. ലോകര്‍ക്ക് ദുഃഖം വരുമ്പോള്‍ രാമന്‍ ഏറ്റവും ദുഃഖിതനാകുന്നു എന്ന നിരീക്ഷണം രാമഹൃദയത്തിന്റെ സൗരഭം വിടര്‍ത്തുന്നു. ധര്‍മ്മപത്‌നിയുടെ പരിത്യാഗത്തിലും ഈ പരമസത്യം ഗൂഹനീയമായിരിക്കുന്നു. ലവകുശന്മാര്‍ അനുഗാനം ചെയ്ത രാമായണം രാമനില്‍ ആത്മപരിശോധനയ്‌ക്ക് അവസരമായി. സീതയെ സ്വീകരിക്കാമെന്ന് ഉള്ളിലുറച്ചാണ് വാല്മീകിയാശ്രമത്തിലേക്ക് ദൂതനെ അയക്കുന്നത്. അതിനു സാഫല്യമുണ്ടായില്ലെങ്കിലും രാമന്‍ പൂര്‍ണ്ണമനുഷ്യനാവുന്നത് ഈ മുഹൂര്‍ത്ത ചിത്രത്തിലാണ്. രാമതത്ത്വവും രാമഹൃദയവും വിശ്വത്തിനു മുമ്പില്‍ സ്‌നേഹവേദാന്തമാകുന്ന നിമിഷമാണത്.
(തുടരും).
പ്രതികരിക്കാൻ ഇവിടെ എഴുതുക: