ന്യൂദല്‍ഹി: ജൂണ്‍ 25ന് ‘ഭരണഘടനാ ഹത്യാ ദിന’മായി (സംവിധാന്‍ ഹത്യാ ദിവസ്) പ്രഖ്യാപിച്ച കേന്ദ്ര നടപടിക്കെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. സംവിധാന്‍ ഹത്യാ ദിവസം ആചരിക്കുന്നത് ഭരണഘടനയെ അവഹേളിക്കുന്നതായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
അധികാര ദുര്‍വിനിയോഗത്തെയും ഭരണഘടനാ വ്യവസ്ഥകളുടെ ദുരുപയോഗത്തെയുമാണ് വിജ്ഞാപനം സൂചിപ്പിക്കുന്നത്. ഈയൊരു വ്യാഖ്യാനത്തിന്റെ പശ്ചാത്തലത്തിലാണ് ഹത്യ, സംവിധാന്‍ എന്നീ വാക്കുകള്‍ വിജ്ഞാപനത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
ഭരണഘടനയ്ക്കൊപ്പം ‘ഹത്യ’ എന്ന പദം ഉപയോഗിച്ചത് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി സമീര്‍ മാലിക് എന്നയാളായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹത്യ എന്ന പദപ്രയോഗം ഭരണഘടനയെ അപമാനിക്കുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
കഴിഞ്ഞ ജൂലൈ 12നായിരുന്നു ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിനമായ ജൂണ്‍ 25 ഇനിമുതല്‍ ‘സംവിധാന്‍ ഹത്യാ ദിവസ്’ ആണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായവര്‍ക്കും അടിയന്തരാവസ്ഥയുടെ പീഡനമേറ്റവര്‍ക്കും വേണ്ടിയാണ് സംവിധാന്‍ ഹത്യാ ദിവസ് സമര്‍പ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: